ചൈന ഹോളിവുഡിന്റെ സിനിമ കുത്തക പൊളിക്കുമോ

ലോകത്തിലെ സിനിമ വ്യവസായത്തിന്റെ നായകസ്ഥാനം ഹോളിവുഡിന് നഷ്ടപ്പെടുമോയെന്ന ആശങ്ക ഏറുന്നു. മറ്റു പല കാര്യത്തിലുമെന്ന പോലെ ചൈന തന്നെയാണ് ഇവിടെയും വില്ലന്‍. സിനിമ ടിക്കറ്റ് വില്‍പ്പനയില്‍ ചൈന 2020-ല്‍ അമേരിക്കയെ കടത്തി വെട്ടിയതാണ് സിനിമ വ്യവസായത്തിന്റെ കാര്യത്തില്‍ ഹോളിവുഡിന്റെ അധീശത്വം പഴങ്കഥയാവുമോ എന്ന ആശങ്കകളുടെ അടിസ്ഥാനം.

അമേരിക്കന്‍ വാര്‍ത്ത ഏജന്‍സിയായ അസ്സോസിയേറ്റഡ് പ്രസ്സിന്റെ (എപി) റിപോര്‍ട്ടനുസരിച്ച് 2020-ല്‍ ചൈനയില്‍ 270 കോഡി ഡോളറിന്റെ സിനിമ ടിക്കറ്റുകള്‍ വിറ്റപ്പോള്‍ അമേരിക്കയില്‍ ടിക്കറ്റു വില്‍പ്പന 230 കോടി ഡോളര്‍ മാത്രമായിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അമേരിക്കയിലെ ടിക്കറ്റു വില്‍പ്പനയില്‍ 80-ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അടച്ചു പൂട്ടലിനെ തുടര്‍ന്ന് സിനിമ ഹാളുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് ടിക്കറ്റു വില്‍പ്പന കുറയുന്നതിനുള്ള പ്രധാന കാരണം. കോവിഡിന്റെ ഭാഗമായ അടച്ചുപൂട്ടല്‍ പൂര്‍ണ്ണമായും അവസാനിക്കുന്നതോടെ തീയറ്ററില്‍ പോയി സിനിമ കാണുന്നവരുടെ എണ്ണം അമേരിക്കയിലും സാധാരണ നിലയില്‍ എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും ചൈനയിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ തന്നെ ലോകത്ത ഏറ്റവും വലിയ സിനിമ വിപണിയായി ചൈന മാറിക്കഴിഞ്ഞു.
2020-ല്‍ ചൈനയിലെ ടിക്കറ്റു വില്‍പ്പനയില്‍ മാത്രമല്ല ലോകത്ത് ഏറ്റവുമധികം പണം വാരിയ സിനിമയും ചൈനയില്‍ നിര്‍മിച്ചതായിരുന്നു. 'ദ എയ്റ്റ് ഹണ്‍ഡ്രഡ്' എന്ന ആക്ഷന്‍ പടം 461.3 മില്യണ്‍ ഡോളര്‍ ആണ് ബോക്‌സ് ഓഫീസില്‍ വാരിയത്. ജപ്പാന്‍ 1930-കളില്‍ ചൈനയില്‍ നടത്തിയ അധിനിവേശത്തിന് എതിരായ ചെറുത്തു നില്‍പ്പായിരുന്നു ഈ സിനിമയുടെ തീം.
ചന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ള ചൈനയിലെ പുതുവര്‍ഷത്തിന്റെ മാസമായ ഫെബ്രുവരിയില്‍ സിനിമ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തിയെന്ന് എപി റിപോര്‍ട് ചൂണ്ടിക്കാട്ടുന്നു. ലൂണാര്‍ അവധിക്കാലവുമായി ബന്ധപ്പെട്ട് സിനിമ കാണാനുള്ള വന്‍തിരക്കില്‍ ഫെബ്രുവരിയിലെ ടിക്കറ്റ് വില്‍പ്പന സര്‍വകാല റിക്കോര്‍ഡായ 117 കോടി ഡോളര്‍ എത്തിയെന്ന് കണക്കാക്കപ്പെടുന്നു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ അടച്ചിട്ട സിനിമ തീയറ്റുറുകള്‍ 2020-ന്റെ രണ്ടാം പകുതിയോടെ ചൈനയില്‍ സാധാരണ നിലയിലെത്തുകയായിരുന്നു.
തീയറ്ററില്‍ സിനിമക്കു പോകുന്നവര്‍ക്ക് മാസ്‌കും, മൊബൈല്‍ ഫോണ്‍ ആപ് റജിസ്‌ട്രേഷനും നിര്‍ബന്ധമാണ്. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമാണ് ഇരിക്കാന്‍ അനുവദിക്കുക. ചൈനയില്‍ സിനിമ കാണുന്നതിനുളള തിരക്കിന്റെ പ്രധാന ഗുണം അനുഭവിക്കുന്നത് തദ്ദേശീയമായ സിനിമ നിര്‍മാതാക്കാളാണ്. കോവിഡിനെ തടര്‍ന്ന് ഹോളിവുഡില്‍ നിന്നുള്ള പുതിയ തട്ടുപൊളിപ്പന്‍ സിനിമകളുടെ അഭാവവും വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങളുമാണ് പ്രാദേശിക സിനിമ നിര്‍മാണത്തിന് ഉത്തേജകമാവുന്നത്. ലൂണാര്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് ഇറങ്ങിയ എഴു സിനിമകളാണ് ടിക്കറ്റു വില്‍പ്പനയുടെ 95-ശതമാനവുമെന്ന് ചൈന മൂവി ഡാറ്റ ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക്ക് രേഖപ്പെടുത്തുന്നു.
അമേരിക്കയിലെ വിനോദ വിപണിയുടെ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ ചൈനയുടെ വിപണി പരിമിതമാണെങ്കിലും സിനിമയുടെ കാര്യത്തില്‍ വലിയ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നത്. മറ്റു തരത്തിലുള്ള വിനോദങ്ങളുടെ അഭാവത്തില്‍ സിനിമ കാണാന്‍ പോകുന്നവരുടെ എണ്ണം ചൈനയില്‍ വളരെ കൂടുതലാണെന്നു കണക്കാക്കപ്പെടുന്നു. ഹോളിവുഡിലെ തട്ടുപൊളപ്പന്‍ സിനിമകള്‍ ചില്ലറ മാറ്റങ്ങളോടെ ചൈനീസ് ഭാഷയിലേക്കു മൊഴി മാറ്റം ചെയ്യുന്ന കച്ചവടം ഇപ്പോള്‍ തന്നെ സജീവമാണെങ്കിലും തദ്ദേശീയമായ നിര്‍മാണ കമ്പനികള്‍ മേധാവിത്തം സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ ഹോളിവുഡുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ വ്യാപകമാണ്.
.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it