ചൗഹാന്റെ ബ്രഹ്‌മാസ്ത്രം ഏറ്റുപിടിച്ച് രാഹുല്‍ മുതല്‍ മോദി വരെ, സംസ്ഥാനങ്ങളുടെ ഖജനാവ് കാലിയാകും; രാജ്യത്തെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ!

മധ്യപ്രദേശില്‍ തുടക്കമിട്ട് കര്‍ണാടകയും മഹാരാഷ്ട്രയും ജാര്‍ഖണ്ഡും കടന്ന് മുന്നേറുകയാണ് ഫ്രീബി രാഷ്ട്രീയം. സൗജന്യങ്ങള്‍ വാരിക്കോരി നല്‍കി അധികാരത്തിലേക്ക് എത്താനുള്ള കുറുക്കുമാര്‍ഗങ്ങള്‍ പല സംസ്ഥാനങ്ങളെയും സാമ്പത്തികമായി ദുര്‍ബലാവസ്ഥയിലെത്തിച്ചിട്ടുണ്ട്. സൗജന്യങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ കടക്കെണിയിലാകുമെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തുടക്കം മധ്യപ്രദേശില്‍

സൗജന്യങ്ങള്‍ നല്‍കുന്നതിനോട് വിമുഖത കാണിച്ചിരുന്ന ബി.ജെ.പി ഈ തന്ത്രത്തിന് തുടക്കമിട്ടത് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹനിലൂടെയായിരുന്നു. 2023ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഭരണവിരുദ്ധ വികാരം മാറ്റിയെടുക്കാന്‍ വേണ്ടിയാണ് 'ലഡ്കി ലക്ഷ്മി യോജന' എന്നപേരില്‍ വനിതകളെ ലക്ഷ്യംവച്ച് സര്‍ക്കാര്‍ സ്‌കീം കൊണ്ടുവരുന്നത്.
ഏവരെയും ഞെട്ടിച്ച് 230 അംഗ നിയമസഭയില്‍ 163 പേരെ ജയിപ്പിച്ചെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ചത് ഈ സ്‌കീമായിരുന്നു. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാരില്‍ നിന്ന് പണമെത്തിയത് ഏവരെയും ചൗഹാന്‍ ആരാധകരാക്കി മാറ്റി. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് പോലും മധ്യപ്രദേശ് നിലനിര്‍ത്താമെന്ന ആത്മവിശ്വാസം ഇല്ലാതിരുന്നിടത്തു നിന്നാണ് കാറ്റു മാറിവീശിയത്. വനിതകളെ കേന്ദ്രീകരിച്ചുള്ള രാജ്യവ്യാപക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ മോദി ഒരുങ്ങിയേക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സൗജന്യ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടായിരുന്ന മോദി ഇതിന് തയാറായില്ല.

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പിന്നാലെ

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഗെയിംപ്ലാന്‍ മാറ്റുന്നത്. ഓഗസ്റ്റില്‍ രക്ഷാബന്ധന്‍ ദിനത്തില്‍ 'ലഡ്കി ബഹിന്‍' എന്ന പേരിലുള്ള സ്‌കീം അവതരിപ്പിക്കും വരെ ഏക്‌നാഥ് ഷിന്‍ഡെയെന്ന മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴേക്കായിരുന്നു. ഒരു കോടിയിലധികം വനിതകളുടെ അക്കൗണ്ടിലേക്ക് മാസം 1,500 രൂപ വീതം എത്തി തുടങ്ങിയതോടെ ഷിന്‍ഡെയുടെ പ്രതിച്ഛായ മാറി. ദുര്‍ബലനായ മുഖ്യമന്ത്രിയില്‍ നിന്ന് സാധാരണക്കാരുടെ നായകനെന്ന ലേബലിലേക്കുള്ള വളര്‍ച്ച അതിവേഗമായിരുന്നു.
ജാര്‍ഖണ്ഡിലും സമാനമായ സമയത്ത് തന്നെയാണ് മുഖ്യമന്ത്രി മയിയാന്‍ സമ്മാന്‍ യോജന (ജെ.എം.എം.എസ്.വൈ) എന്ന പേരില്‍ പദ്ധതി തുടങ്ങുന്നത്. 21 മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് പ്രതിമാസം 1,000 രൂപ വീതം അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്ന സ്‌കീമായിരുന്നു ഇത്. അഴിമതിയും ഭരണവിരുദ്ധ തരംഗവും ബുദ്ധിമുട്ടിലാക്കുമായിരുന്ന ഹേമന്ദ് സോറനെ വീണ്ടും അധികാരത്തിലെത്തിച്ചത് ഈ സ്‌കീം ആണ്.

സംസ്ഥാനങ്ങള്‍ പാപ്പരാകും

അധികാരം പിടിക്കാന്‍ സാമ്പത്തിക ബാധ്യതയാകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും രണ്ടു തരത്തിലാണ് സംസ്ഥാനങ്ങളെ ബാധിക്കുന്നത്. ആദ്യത്തേത് സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി മോശമാക്കുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുടക്കേണ്ട പണമാണ് ഇത്തരത്തില്‍ വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി വകമാറ്റുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതിനും അതുവഴി തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും ഇതു വഴിയൊരുക്കും.
സൗജന്യങ്ങള്‍ വാരിക്കോരി നല്‍കി അധികാരത്തിലെത്താന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കത്തിനെതിരേ ധനമന്ത്രി നിര്‍മല സീതാരാമന്‍ മുമ്പ് രംഗത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് സ്വന്തം പാര്‍ട്ടി തന്നെ ഇത്തരത്തിലുള്ള സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനും അവര്‍ സാക്ഷിയായി. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇപ്പോള്‍ പണമില്ലാതെ പെടാപാടിലാണ്. സൗജന്യങ്ങള്‍ നല്‍കി വോട്ട് വാങ്ങുന്ന സംസ്‌കാരത്തിലേക്ക് രാജ്യം പോകുന്നത് സാമ്പത്തികരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Related Articles
Next Story
Videos
Share it