വിശാഖപട്ടണം എ.ഐ ഇൻഫ്രാ ഹബ്ബാകുമോ? ഗൂഗിളിന്റെ ₹1.40 ലക്ഷം കോടിയുടെ ഡേറ്റ സെന്റർ പദ്ധതി ഏപ്രിൽ 28ന് ആരംഭിക്കും

വിശാഖപട്ടണത്തെ ഡേറ്റ സെന്റർ ഹബ്ബ് ഏഷ്യയിലെ ഏറ്റവും വലിയതാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഒറ്റ പദ്ധതിയിലേക്ക് മാത്രമായി എത്തുന്ന ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപവുമാണിത്.
Google Data Center Vizag
Canva
Published on

ആ​ഗോള ടെക് ഭീമൻ ​ഗൂ​ഗിൾ വാ​ഗ്ദാനം ചെയ്ത 1,500 കോടി ഡോളറിന്റെ (ഏകദേശം 1,40,000 കോടി രൂപ) വമ്പൻ ഡേറ്റ സെന്റർ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വരുന്ന ഏപ്രിൽ 28-ന് വിശാഖപട്ടണത്ത് ഔദ്യോ​ഗികമായി ആരംഭിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ​ഗൂ​ഗിളിന്റെ മുതിർന്ന ഉദ്യോ​ഗസ്ഥനായ തോമസ് കുര്യനും പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

നിർമാണ പൂർത്തീകരണം എപ്പോൾ?

വിശാഖപട്ടണം ജില്ലയിൽ രണ്ടിടത്തും (അ​ഡവിവാരം, തർലുവാഡ) അനകപള്ളി ജില്ലയിലെ ഒരിടത്തും (രാംബിള്ളി) ഉൾപ്പെടെ മൂന്ന് ഇടങ്ങളിലായി മൊത്തം 600 ഏക്കർ ഭൂമിയാണ് ​ഗൂ​ഗിളിന്റെ വമ്പൻ ഡേറ്റ സെന്റർ പദ്ധതിക്കുവേണ്ടി ആന്ധ്രാപ്രദേശ് സർക്കാർ കൈമാറിയിരിക്കുന്നത്. മൊത്തം 1 ജി​ഗാവാട്ട് (1,000 മെ​ഗാവാട്ട്) ശേഷിയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഡേറ്റ സെന്റർ ക്ലസ്റ്ററുകളിലൊന്നായും വിശാഖപട്ടണത്തെ ഡേറ്റ സെന്റർ പദ്ധതി മാറും.

ഏകദേശം 1.40 ലക്ഷം കോടി രൂപ മുതൽമുടക്കിലുള്ള ഈ വമ്പൻ പദ്ധതി, 2028 ജൂലൈയോടെ നിർമാണം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്. ​ഗൂ​ഗിളിന്റെ ഉപകമ്പനിയായ റെയ്ഡൻ ഇൻഫോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. ​അദാനി ​ഗ്രൂപ്പ് കമ്പനിയായ അദാനികോണക്സും എയർടെല്ലുമായി സഹകരിച്ചാകും പദ്ധതിയുടെ നി‌ർമാണം. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു വിശാഖപട്ടണം ഡേറ്റ സെന്റർ പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ ​ഗൂ​ഗിളും ആന്ധ്രാപ്രദേശ് സർക്കാരും തമ്മിൽ ഒപ്പിട്ടത്.

എന്തുകൊണ്ട് ​ഇന്ത്യയ്ക്ക് നി‌ർണായകം?

രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയുടെ വളർച്ചയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പദ്ധതികളുടെ വികാസത്തിനും കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ആകർഷിക്കാനുമുള്ള വലിയ പ്രോത്സാഹനമായി ഗൂ​ഗിളിന്റെ വിശാഖപട്ടണം ഡേറ്റ സെന്റർ പദ്ധതി മാറുമെന്നാണ് വിലയിരുത്തൽ. കൂടാതെ ബിസിനസ് സംരംഭങ്ങൾക്കും ഡെവലപ്പർമാർക്കും ഗവേഷകർക്കും കുറഞ്ഞ കാലതാമസവും ഉയർന്ന പ്രകടന ശേഷിയും കാഴ്ചവെക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ സജ്ജമാക്കുന്നതിലൂടെ ആഗോള ടെക്നോളജി മേഖലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും വിശാഖപട്ടണം ഡേറ്റ സെന്റർ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ 11 രാജ്യങ്ങളിലെ 29 ഇടങ്ങളിൽ ​ഗൂ​ഗിളും അതിന്റെ ഉപകമ്പനികളും ചേ‌ർന്ന് ഡേറ്റ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിൽ വിശാഖപട്ടണത്തെ ഡേറ്റ സെന്റർ ഹബ്ബ് ഏഷ്യയിലെ ഏറ്റവും വലിയതാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ ഇതുവരെയായി, ഒറ്റയൊരു പദ്ധതിയിലേക്ക് മാത്രമായി എത്തുന്ന ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് (എഫ്.ഡി.ഐ) ​ഗൂ​ഗിളിന്റെ വിശാഖപട്ടണം ഡേറ്റ സെന്റർ ഹബ്ബിന്റേത്. ​ഗൂ​ഗിളിന്റെ ഡേറ്റ സെന്റർ പദ്ധതിയിൽ നിന്നും പ്രതിവർഷം 10,000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് ആന്ധ്രാപ്രദേശ് സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ സംസ്ഥാനത്ത് ആയിരക്കണക്കിന് നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കണക്കുക്കൂട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com