സെബി അധ്യക്ഷയുടെ രാജിക്ക് സമ്മർദം; അതിനു കാരണമായ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിവിധ വശങ്ങൾ

പുതിയ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയുടെ അധ്യക്ഷ സ്ഥാനം മാധബി പുരി രാജി വെക്കുമോ? സെബിയുടെ നയനിലപാടുകളെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് കുറെക്കാലമായി ഉയരുന്ന സംശയമുനക്ക് മൂർച്ച കൂട്ടുന്നതാണ് പുതിയ ആരോപണം. അത് രാജി വെച്ചൊഴിയാൻ ചെയർപേഴ്സണു മേൽ സമ്മർദം മുറുക്കുന്നുണ്ട്. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് വന്നപാടേ, ആരോപണങ്ങൾ മാധബി പുരി ശക്തമായി നിഷേധിച്ചു. പദവിയിൽ പിടിച്ചു നിൽക്കാൻ ചെയർപേഴ്സൺ ശക്തമായി ശ്രമിക്കുന്നതിന്റെ കൂടി തെളിവാണിത്.
അദാനി കമ്പനികൾക്കെതിരെ നേരത്തെ പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ അദാനി ഗ്രൂപ്പ് നേരത്തെ അതിജീവിച്ച പശ്ചാത്തലമാട്ടെ, പുതിയ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് പിടിച്ചു നിൽക്കാനുള്ള സെബി അധ്യക്ഷയുടെ ശ്രമത്തിൽ നല്ലൊരു പിടിവള്ളിയുമാണ്. ഓഹരി വിപണിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉയർത്തിപ്പിടിക്കാൻ, നിഷേധങ്ങൾക്കപ്പുറം രാജിവെച്ച് മാറിനിൽക്കാനും അന്വേഷണത്തെ നേരിടാനും സെബി അധ്യക്ഷ തയാറാകണമെന്ന ആവശ്യം വൈകാതെ ശക്തമായി ഉയർന്നു വരുമെന്നാണ് സൂചന.
മാധബി പുരിക്കും ഭർത്താവ് ധവാൽ ബുച്ചിനുമതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ എന്തൊക്കെയാണ്?

അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട മറുനാടൻ കടലാസ് കമ്പനികളിൽ മാധബി പുരിക്കും ധാവൽ ബുച്ചിനും നിക്ഷേപമുണ്ട്.
ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനി പണം തിരിമറിക്ക് ഉപയോഗപ്പെടുത്തിയ ​ശൃംഖലയുടെ കണ്ണികളാണ് ഈ കടലാസ് കമ്പനികൾ.
സെബിയുടെ നിഷ്പക്ഷത മാധവി പുരിയുടെ ഈ ബന്ധങ്ങൾ മൂലം സംശയാസ്പദമാണ്.
അദാനി ഗ്രൂപ്പിനെതിരായ സെബിയുടെ അന്വേഷണത്തിൽ പക്ഷപാതവും സവിശേഷ താൽപര്യവുമുണ്ട്.
ഓഹരി വിപണി നിയന്ത്രണ സ്ഥാപനത്തിന്റെ സുതാര്യമായ പ്രവർത്തനത്തെക്കുറിച്ച് പുതിയ സംശയങ്ങൾ ഉയരുന്നു.
മറുനാടൻ നിക്ഷേപവും ഇടപാടുകളും കടലാസ് കമ്പനികളും ഒരുപോലെ സങ്കീർണവും ദുരൂഹവുമാണ്.
അദാനി ഗ്രൂപ്പിനെതിരെ നടപടിയൊന്നും ഇതുവരെ ഉണ്ടാകാത്തത് സംശയാസ്പദമാണ്.
അദാനിയുടെ പണ തിരിമറി വിവാദങ്ങളിൽ മറുനാടൻ സ്ഥാപനങ്ങളും അതു മുഖേനയുള്ള പണമൊഴുക്കും പ്രധാന വിഷയമാണ്.
മാധബി പുരിയുടെ വ്യക്തി താൽപര്യങ്ങളും സെബിയുടെ അധ്യക്ഷയെന്ന നിലയിലുള്ള നിയന്ത്രണ ചുമതലയും പൊരുത്തപ്പെടുന്നതല്ല.
അദാനി ഗ്രൂപ്പിനെതിരായ സെബിയുടെ അന്വേഷണങ്ങളിൽ വിപുലമായ പരിശോധന ആവശ്യമായി തീർന്നിരിക്കുന്നു.
Sureshkumar A.S.
Sureshkumar A.S. - Associate Editor - DhanamOnline  
Related Articles
Next Story
Videos
Share it