ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധന വിലവര്‍ധന വരുകയാണോ? 25-28 രൂപ വരെ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സർക്കാർ

ഒരു ലിറ്റർ പെട്രോളിന് 25 മുതൽ 28 രൂപ വരെ വർധിപ്പിച്ചേക്കാമെന്നാണ് കൊട്ടക് ഇൻ​സ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വില വർധനവ് സംബന്ധിച്ച റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു.
a car in a petrol station
petrol stationimage credit : canva
Published on

അടുത്തയാഴ്ചയോടെ രാജ്യത്തെ വാഹന ഇന്ധനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ചരിത്രത്തിൽ പെട്രോളിന് ചുമത്തുന്ന ഏറ്റവും വലിയ നിരക്ക് വർധനയായിരിക്കും ഇതെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ഏപ്രിൽ 29-ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണ്, പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻ​സ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ മാ‌ർക്കറ്റ് റിസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.

നിരക്ക് വർധന എത്രത്തോളം?

ഒരു ലിറ്റർ പെട്രോളിന് 25 മുതൽ 28 രൂപ വരെ വർധിപ്പിച്ചേക്കാമെന്നാണ് കൊട്ടക് ഇൻ​സ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ രാജ്യത്തെ പ്രധാന മെട്രോ ന​ഗരങ്ങളിൽ പെട്രോൾ നിരക്ക് 120 രൂപ മറികടക്കും. 25 രൂപയുടെ എങ്കിലും വില വർധന നടപ്പാക്കിയാൽ, ഇപ്പോൾ 105-106 രൂപ നിലവാരത്തിൽ നിൽക്കുന്ന കേരളത്തിലെ പെട്രോൾ വില 130 രൂപ കവിയും.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 120 ഡോളറിലേക്ക് വരെ കുതിച്ചുയർന്ന സാഹചര്യത്തിൽ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഭീമമായ നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നീക്കമെന്നാണ് റിപ്പോർട്ട്. എന്നാൽ ഒറ്റയടിക്ക് ഇത്രത്തോളം ഉയർന്ന തോതിലുള്ള നിരക്ക് വർധന നടപ്പാക്കുമോ അതോ തിരഞ്ഞെടുപ്പ് പൂർത്തിയായശേഷം ഘട്ടംഘട്ടമായാണോ നിരക്ക് വർധിപ്പിക്കുക എന്നതിൽ കേന്ദ്ര സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

കമ്പനികൾക്ക് കനത്ത നഷ്ടം

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടും സർക്കാർ നിർദേശത്തെ തുടർന്ന്, രാജ്യത്ത് പെട്രോളിന്റെ റീട്ടെയിൽ വിൽപ്പന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതുകൊണ്ട് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ വിലയിലും റീട്ടെയിൽ വിൽപ്പന വിലയിലും നേരിടുന്ന വൻ അന്തരം കാരണം പൊതുമേഖല എണ്ണ കമ്പനികൾക്ക് മാസം 27,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ ചില കമ്പനികൾ, പ്രീമിയം പെട്രോളിന്റെ വിലയിൽ 11 രൂപ വരെ വർധന നടപ്പാക്കിയിരുന്നു. എന്നാൽ മൊത്തം പെട്രോൾ വിൽപ്പനയിൽ കാര്യമായ വിഹിതം പ്രീമിയം ഇനത്തിന് ഇല്ലാത്തതിനാൽ കമ്പനികളുടെ നഷ്ടം കുമിഞ്ഞുകൂടുകയാണ്. കൂടാതെ കമ്പനികൾ വിൽക്കുന്ന പെട്രോളിനും ഡീസലിനും മേൽ കേന്ദ്ര സർക്കാർ ചുമത്തിയിരുന്ന പ്രത്യേക അധിക തീരുവ വെട്ടിക്കുറിച്ചിരുന്നു. എന്നിരുന്നാലും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ തന്നെ തുടരുന്നതിനാൽ എണ്ണ കമ്പനികൾക്ക് നഷ്ടത്തിൽ നിന്നും കരകയറാനും സാധിക്കുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് പെട്രോളിന്റെ റീട്ടെയിൽ വിൽപ്പന നിരക്ക് കുത്തനെ വർധിപ്പിച്ചേക്കുമെന്ന വിലയിരുത്തൽ പുറത്തുവരുന്നത്.

റിപ്പോർട്ടുകൾ നിഷേധിച്ച് സർക്കാർ

അതേസമയം ഇന്ധനവില വർധനവ് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിൽ അത്തരം നിർദ്ദേശങ്ങളൊന്നും സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രാലയം അറിയിച്ചു. കഴി‍ഞ്ഞ നാല് വർഷത്തിനിടെ പെട്രോൾ, ഡീസൽ നിരക്കുകൾ ഉയർത്താത്ത ഏക രാജ്യം ഇന്ത്യയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുമ്പോഴും, അതിന്റെ ആഘാതം ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കാതെ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും സ്വീകരിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com