രാജ്യം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകുമോ?

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍, ഭക്ഷണം, ആരോഗ്യം എന്നിവയെ ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ 26 രാവിലെ വരെയാണ് ലോക്ക്ഡൗണ്‍.

അതേസമയം മറ്റ് സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങി. കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമോയെന്ന ആശങ്കയും പലര്‍ക്കുമണ്ട്. എന്നാല്‍ ദേശീയ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. പ്രദേശികമായ നിയന്ത്രണമോ, സംസ്ഥാന ലോക്ക്ഡൗണോ ഏതാണ് വേണ്ടതെന്ന് അതാത് സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഏപ്രില്‍ 20 മുതല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ നാലുവരെയാണ് കര്‍ഫ്യു. ഞായറാഴ്ചകളില്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തില്‍ 15 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണിന് വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നുമുതല്‍ മെയ് 3 വരെ ഓഫീസുകളും മാര്‍ക്കറ്റുകളും അടച്ചുപൂട്ടാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.


Related Articles
Next Story
Videos
Share it