കേരളത്തില്‍ മണല്‍ ക്ഷാമം തീരുമോ? 32 നദികളില്‍ നിന്ന് മണല്‍ വാരല്‍ സാധ്യത
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്കായി ഈ മാസാദ്യം അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു നദികളില്‍ മണല്‍ വാരല്‍ അനുവദിക്കുമെന്നത്. ചാലിയാര്‍, കടലുണ്ടി, ഭാരതപ്പുഴ എന്നി നദികളില്‍ നിന്ന് മണല്‍ വാരല്‍ 2024-25ല്‍ ആരംഭിക്കും. 200 കോടി രൂപയാണ് അധിക വരുമാനം ലഭിക്കുന്നതെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. 2016ല്‍ നദികളില്‍ നിന്നുള്ള മണല്‍ വാരുന്നത്ത് തടഞ്ഞതിനെ തുടര്‍ന്ന് നിര്‍മാണ മേഖല പ്രതിസന്ധിയിലായിരുന്നു. കൂടുതലായി പാറപ്പൊടിയോ, എംസാന്‍ഡോ ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം നടത്തിയിരുന്നത്.
എന്നാല്‍ സാന്‍ഡ് ഓഡിറ്റില്‍ 32 നദികളില്‍ മണല്‍ ഖനന സാധ്യത കണ്ടെത്തിയതായി അറിയുന്നു. 8 ജില്ലകളില്‍ 32 നദികളില്‍ നിന്ന് ഒന്നേമുക്കാല്‍ കോടി മെട്രിക് ടണ്‍ മണല്‍ ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ഓഡിറ്റില്‍ കണ്ടെത്തിയത്. കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണല്‍ ഖനന സാധ്യത ഉള്ളത്. അതിനാല്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്ന 200 കോടി രൂപയുടെ സ്ഥാനത്ത് 1500 കോടി രൂപ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നദികളുടെ സംരക്ഷണവും കെട്ടിട നിര്‍മാണ മേഖല അനുഭവിച്ചു വരുന്ന മണല്‍ ദൗര്‍ലഭ്യവും പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് മണല്‍ വാരല്‍ പുനരാരംഭിക്കുന്നത്.
പരിസ്ഥിതി അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് 2016ല്‍ നദികളില്‍ നിന്നുള്ള മണല്‍ വാരല്‍ നിറുത്തിയത്. കേരള നദീതീരങ്ങളുടെ സംരക്ഷണം മണല്‍ നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും നിയമം-2001ന് വിധേയമായിട്ടാണ് മണല്‍ വാരല്‍ നടത്തേണ്ടത്. അനധികൃതമായി മണല്‍ വാരല്‍ നടത്തിയവര്‍ക്ക് എതിരെ മുന്‍ വര്‍ഷങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും മറ്റ് കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2021-22ല്‍ പിഴയായി ലഭിച്ചത് 2.57 കോടി രൂപയാണ്. 2001ലെ നിയമ പ്രകാരം മണല്‍ വാരുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പൂര്‍ണ അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ വ്യവസ്ഥയില്ല.