തിരുവനന്തപുരം കൊച്ചിയെ ഓവര്‍ടേക്ക് ചെയ്യുമോ?

കേരളത്തിന്റെ ഭരണ - രാഷ്ട്രീയ സിരാകേന്ദ്രമായി തിരുവനന്തപുരം തലയുയര്‍ത്തി നില്‍ക്കുമ്പോഴും സാമ്പത്തിക, വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു അറബിക്കടലിന്റെ റാണിയായ കൊച്ചി തന്നെയായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന ആ പദവി അധികം വൈകാതെ തിരുവനന്തപുരത്തിന് മുന്നില്‍ അടിയറവ് വെക്കേണ്ടി വരുമോ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വിഭാവനം ചെയ്തിരിക്കുന്ന വന്‍ പദ്ധതികളുമാണ് തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നത്.

ഐറ്റി വിപ്ലവത്തിന്റെ കാഹളം രാജ്യത്ത് മുഴങ്ങും മുമ്പേ മുന്നിട്ടോടിയ നഗരമാണ് തിരുവനന്തപുരം. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക ചരിത്രം ഈ നഗരിയെ പരാമര്‍ശിക്കാതെ എഴുതാന്‍ സാധിക്കില്ല. എന്നിരുന്നാലും ചടുലതയും യുവത്വവും കൊണ്ട് എന്നും വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനിന്നത് കൊച്ചിയായിരുന്നു. ഇനി കാര്യങ്ങള്‍ മാറിമറിയുമോ?
വികസനത്തിന്റെ കുളമ്പടി
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് മാറ്റങ്ങള്‍ പ്രകടമാണ്. വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക രംഗം, വിവര സാങ്കേതിക വിദ്യ, വാണിജ്യം, ടൂറിസം എന്നുതുടങ്ങി സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെല്ലാം നഗരം ഏറെ മുന്നിലായിരുന്നുവെങ്കിലും അടുത്തിടെ അടിസ്ഥാന സൗകര്യ വികസനം, റീറ്റെയ്ല്‍, റിയല്‍ എസ്റ്റേറ്റ്, ഐറ്റി രംഗങ്ങളിലെല്ലാം ദൃശ്യമായ ചില കാര്യങ്ങളാണ് തിരുവനന്തപുരം നഗരത്തിന്റെ ചലനാത്മകതയെ മാറ്റിവരച്ചുകൊണ്ടിരിക്കുന്നത്.
വളരെ കേന്ദ്രീകൃതമായൊരു വികസനം തിരുവനന്തപുരത്ത് നടക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. റോഡ്, വ്യോമ, തീര ഗതാഗത മേഖലയില്‍ നിര്‍മാണം പൂര്‍ത്തിയായതും നിര്‍മാണം പുരോഗമിക്കുന്നതും വിഭാവനം ചെയ്തിരിക്കുന്നതുമായ പദ്ധതികള്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്നതാണ്, അസറ്റ് ഹോംസിന്റെ മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ പറയുന്നു.
ഒരു പ്രദേശത്തിന്റെ വികസനത്തിനുവേണ്ട ഏതാണ്ടെല്ലാ ചേരുവകളും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒത്തിണങ്ങി വന്നിരിക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന നിക്ഷേപം, സ്വകാര്യ നിക്ഷേപം, ക്രയശേഷിയുള്ള വലിയൊരു പ്രാദേശിക സമൂഹം, തൊഴിലുകള്‍ സൃഷ്ടിക്കാനുള്ള അവസരങ്ങള്‍ എന്നിങ്ങനെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ തിരുവനന്തപുരത്തുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാത്രം നഗരമല്ല തിരുവനന്തപുരമിപ്പോള്‍. രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ കൊണ്ട് ദേശീയ, അന്തര്‍ദേശീയ പ്രാധാന്യം പണ്ടേ നേടിയിട്ടുള്ള ഇവിടം സിനിമ, സീരിയല്‍ ചിത്രീകരണം, നിര്‍മാണം, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നിവയുടെയെല്ലാം ഹബ്ബായി മാറിയതോടെ ന്യൂ ജെന്‍ കുട്ടികളുടെയും താവളമായിരിക്കുന്നു. ചെലവിടാന്‍ കൈയില്‍ കാശുള്ള ഐറ്റി സമൂഹത്തിന് പുറമേയാണിത്.
കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പിന്നെ അദാനിയും
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി വിഹിതമായി തന്നെ തിരുവനന്തപുരം നഗരകേന്ദ്രീകൃതമായി 15,000 കോടി രൂപയോളം ചെലവിടുന്നുണ്ടെന്നാണ് വികസന പദ്ധതികളെ നിരീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. റോഡ്, റെയ്ല്‍, തീര, വ്യോമ ഗതാഗത സംവിധാനം മുമ്പെന്നത്തേക്കാള്‍ മെച്ചപ്പെട്ടിരിക്കുന്നു. നഗര പൊതുഗതാഗത സൗകര്യങ്ങള്‍ അനുദിനം മെച്ചപ്പെട്ടുവരുന്നു. അന്താരാഷ്ട്ര വിമാനത്താവളം അദാനി ഏറ്റെടുത്തതോടെ തിരുവനന്തപുരത്തിന്റെ വ്യോമഗതാഗതമേഖലയ്ക്കും പുത്തനുണര്‍വുണ്ടായിരിക്കുന്നു. ശ്രീലങ്കന്‍ പ്രതിസന്ധി വന്നത് പരോക്ഷമായി തിരുവനന്തപുരത്തെ വ്യോമയാന മേഖലയ്ക്ക് ഗുണമായിട്ടുണ്ട്. വിമാനത്താവളത്തിനുള്ളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചതും പാര്‍ക്കിംഗ് തുടങ്ങി എല്ലാ മേഖലയിലും പ്രൊഫഷണല്‍ സംവിധാനം വന്നതും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതി സൃഷ്ടിച്ചിട്ടുണ്ട്.
നഗര റോഡുകളും സ്മാര്‍ട്ട് ആവുകയാണ്. 427 കോടി രൂപയുടെ ഈ പദ്ധതി ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന് പുറമെ തലസ്ഥാനത്തെ കൂടുതല്‍ സുന്ദരവും ഹൈടെക്കുമാക്കാന്‍ 603 കോടി രൂപ ചെലവില്‍ നഗരസഭയുടെ പദ്ധതിയും പുരോഗമിക്കുകയാണ്. റോഡുകള്‍, ഫ്ളൈ ഓവറുകള്‍, ലൈറ്റ് മെട്രോ, ആഭ്യന്തര ബസ് ടെര്‍മിനലുകള്‍ എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ തിരുവനന്തപുരത്തെ ഉപരിതല ഗതാഗത സംവിധാനം ഏറെ മികച്ച നിലവാരത്തിലെത്തും.
സ്മാര്‍ട്ട് സിറ്റി പദ്ധതിയാണ് സുപ്രധാനമായ മറ്റൊന്ന്. ഇതുവരെ 275.2 കോടി രൂപ ചെലവില്‍ 18 പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മൊത്തം 49 പദ്ധതികളില്‍ ഇനി ടെന്‍ഡര്‍ ചെയ്യാന്‍ ബാക്കിയുള്ളത് ഒരു പദ്ധതിയാണ്. ഇത് സ്മാര്‍ട്ട് റോഡുകളുടെ തുടര്‍ച്ചയായി വരുന്നതാണ്. ബാക്കിയുള്ള 30 പദ്ധതികളുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി. ഭൂരിഭാഗത്തിന്റെയും പണി തുടങ്ങിക്കഴിഞ്ഞു. മൂന്നാം റൗണ്ടിലാണ് തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തെരഞ്ഞെടുത്തത്. ബെംഗളൂരു, പുതുച്ചേരി, അമരാവതി, തൂത്തുക്കുടി, റായ്പുര്‍ തുടങ്ങി നാല്‍പ്പതിലധികം നഗരങ്ങളെ പിന്തള്ളി ഒന്നാമതായാണ് പദ്ധതി നേടിയെടുത്തത്. പദ്ധതി നിര്‍വഹണത്തിലും മറ്റ് നഗരങ്ങളേക്കാള്‍ മുന്നിലാണ് തലസ്ഥാനം. ഇതോടെ തിരുവനന്തപുരത്തിന്റെ റാങ്കിംഗ് 90ല്‍ നിന്ന് 21 ആയി ഉയരുകയും ചെയ്തു.
സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. അന്താരാഷ്ട്ര കപ്പല്‍ പാതയുടെ സാമീപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലംവരെ 24 മീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിര്‍ദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്. നിര്‍മാണം പൂര്‍ത്തിയായി പൂര്‍ണസജ്ജമാകുതോടെ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധ്യതയുള്ള തുറമുഖമായി മാറും ഇത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയാണ് നഗരം ഏറെ പ്രതീക്ഷയോടെ നോക്കുന്ന മറ്റൊന്ന്. 5000 കോടി രൂപയോളം ചെലവില്‍ നടപ്പാക്കപ്പെടുന്ന ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി 80 കിലോമീറ്ററോളം ആറുവരി പാത നിര്‍മിക്കും. ഇതിനോട് ചേര്‍ന്നുള്ള 10,000 ഏക്കറോളം ഭൂമി വികസിപ്പിക്കപ്പെടുമെന്നാണ് അനുമാനം. 2023 ഓടെ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തിരുവനന്തപുരം നഗരത്തിന്റെയും ജില്ലയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് ഇത്രയേറെ ശ്രദ്ധയും പ്രാധാന്യവും നല്‍കുമ്പോള്‍ ദീര്‍ഘകാല കാഴ്ചപ്പാടോടു കൂടിയാണ് രാജ്യത്തെ അതിസമ്പന്നരില്‍ പ്രമുഖനായ ഗൗതം അദാനിയും മെഗാ പദ്ധതികള്‍ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്.
ഐറ്റിയുടെ നഗരം
രാജ്യത്തെ ആദ്യ ഐറ്റി പാര്‍ക്കായ ടെക്നോപാര്‍ക്കും ഘട്ടം ഘട്ടമായി വികസന പാതയിലാണ്. കേരളത്തില്‍ നിന്നുള്ള ഐറ്റി കയറ്റുമതിയുടെ 85 ശതമാനവും ഇവിടെ നിന്ന് തന്നെ. മൂന്നാം ഘട്ട വികസനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഐറ്റി പാര്‍ക്കുകളില്‍ ഒന്നായി ടെക്‌നോപാര്‍ക്ക് മാറും. കഴക്കൂട്ടത്ത് ടെക്‌നോസിറ്റി പ്രോജക്ട് വരുന്നതോടുകൂടി 424 ഏക്കര്‍ വിസ്തൃതിയില്‍ ഒരു ഏകീകൃത ഐറ്റി ടൗണ്‍ഷിപ്പാകുകയും, കഴക്കൂട്ടം - കോവളം (എന്‍.എച്ച് 66) കേരളത്തിലെ തന്നെ ആദ്യത്തെ ഐറ്റി ഇടനാഴിയായി മാറുകയും ചെയ്യും. കൊല്ലം വരെ സുദീര്‍ഘമായൊരു ഐറ്റി കോറിഡോര്‍ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനികളായ ഒറാക്കിള്‍ കോര്‍പ്പറേഷന്‍, ഇന്‍ഫോസിസ്, ടി.സി.എസ്, ക്യു.എസ് ഗ്ലോബല്‍, ഐ.ടി.സി ഇന്‍ഫോടെക്, യു.എസ്.ടി ഗ്ലോബല്‍, ഐ.ബി.എസ് സോഫ്റ്റ് വെയര്‍ സര്‍വീസസ്, മക്കിന്‍സി ആന്‍ഡ് കമ്പനി, ഏണസ്റ്റ് ആന്‍ഡ് യംഗ്, അലിയന്‍സ് കോണ്‍ഹില്‍, ടൂണ്‍സ് അനിമേഷന്‍ ഇന്ത്യ, എംസ്‌ക്വയേഡ് തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു.
ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി തിരുവനന്തപുരത്തെ ഐറ്റി മേഖലയിലെ തന്നെ ഒരു ഗെയിം ചേഞ്ചറാണ്. എല്ലാ അര്‍ത്ഥത്തിലും ലോകോത്തര നിലവാരത്തോടെ സാക്ഷാത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പദ്ധതി നഗരത്തിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന ഒന്നാണ്.
മാളുകളുടെയും ഹോട്ടലുകളുടെയും കേന്ദ്രം
ജീവിത നിലവാരത്തിലെ മാറ്റവും ക്രയവിക്രയത്തിലെ സാമൂഹിക മാറ്റവും തിരുവനന്തപുരം നഗരത്തിലും പ്രതിഫലിക്കുന്നുണ്ട്. വമ്പന്‍ മാളുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റുകളും അനുദിനം പലയിടങ്ങളിലായി സ്ഥാപിച്ചുകഴിഞ്ഞു. മാളുകളുടെ നഗരമായി ഭരണ സിരാകേന്ദ്രം മാറുന്നതിന്റെ ഉദാഹരണമാണിത്. ലുലു മാളാണ് അവസാനമായി തുറന്നത്. വെറൈറ്റി മാള്‍, 2018 ല്‍ മലബാര്‍ ഗ്രൂപ്പ് ആരംഭിച്ച മാള്‍ ഓഫ് ട്രാവന്‍കൂര്‍, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോത്തീസ് ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍കൊള്ളുന്ന മാള്‍ എന്നിവ ഇതില്‍ ചിലതുമാത്രമാണ്. റിലയന്‍സ്, ജിയോ തുടങ്ങി വന്‍കിട കമ്പനികളുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളും നഗരത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതുകൂടാതെ, ടെക്‌നോ പാര്‍ക്കിനോട് ചേര്‍ന്ന് ടോറസ് സെന്‍ട്രം ഷോപ്പിംഗ് മാളിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ മെഗാപ്ലസ് തിയറ്ററും ആദ്യത്തെ ഐമാക്‌സ് സ്‌ക്രീനും മാളിന്റെ പ്രത്യേകതയാണ്.
നഗരത്തിലെ ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലയിലും വലിയ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ബീച്ച് കേന്ദ്രീകരിച്ചു മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ ഹോട്ടലുകളും ഹോം സ്റ്റേകളും നഗരത്തിലേക്ക് കൂടി വ്യാപിക്കുന്നു. ചെറുകിട ഹോട്ടലുകള്‍ പോലും വന്‍കിട സ്റ്റാര്‍ ഹോട്ടലുകളുടെയും ബിസിനസ് ഹോട്ടലുകളുടെയും പദവിയിലേക്ക് ഉയരുന്നത് ബിസിനസ് രംഗത്ത് തിരുവനന്തപുരം വികസിക്കുന്നു എന്നതിന്റെ തെളിവാണ്. സര്‍ക്കാരിന്റെ കെ.ടി.ഡി.സിക്കു കീഴിലെ മസ്‌കറ്റ് ഹോട്ടലിലായിരുന്നു പ്രധാനമായും ബിസിനസ് മീറ്റുകള്‍ നടന്നിരുന്നത്. തൈക്കാട് താജ് വിവാന്തയിലും ഇത്തരം മീറ്റുകള്‍ നടന്നിരുന്നു. എന്നാല്‍ അടുത്തിടെയായി നഗരത്തില്‍ വേറെയും വന്‍കിട ബിസിനസ് ഹോട്ടലുകള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്.
ടെക്‌നോപാര്‍ക്കിനും ലുലു മാളിനും സമീപത്തായി ദേശീയ പാതയോരത്ത് ആനയറ വെണ്‍പാലവട്ടത്ത് താമര ഗ്രൂപ്പിന്റെ കീഴില്‍ ഒ ബയ് താമര പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടല്‍ സ്ഥാപിച്ചു. ഇതേ ദേശീയ പാതയോരത്ത് ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ എന്ന പേരില്‍ അത്യാധുനിക സൗകര്യത്തോടെ മറ്റൊരു ബിസിനസ് ഹോട്ടല്‍ കൂടി ഉയര്‍ന്നുവന്നിട്ടുണ്ട്. 2019 ല്‍ സ്ഥാപിക്കപ്പെട്ട ഹൈസിന്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലാണ്. ഇവരുടെ കീഴില്‍ തന്നെ അരിയ നിവാസ് എന്ന പേരില്‍ പുതിയ ബിസിനസ് ക്ലാസ് ഹോട്ടലിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
കൂടാതെ തൈക്കാട് താജ് വിവാന്ത ഹോട്ടല്‍ ലുലു ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത് ലുലു ഹയാത് റിജെന്‍സി ട്രിവാന്‍ഡ്രം എന്ന പേരില്‍ വന്‍കിട ഫൈവ് സ്റ്റാര്‍ ബിസിനസ് ഹോട്ടലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സമീപമുള്ള മറ്റൊരു ഹോട്ടല്‍ കൂടി ഈ പദ്ധതിക്കൊപ്പം കൂട്ടി ചേര്‍ക്കുന്നുണ്ട്. പുതിയതായി ഒരു കണ്‍വന്‍ഷന്‍ സെന്റര്‍ ഉള്‍പ്പെടെ പദ്ധതിയില്‍ ഉണ്ട്. താജ് വിവാന്തയാവട്ടെ, പാളയത്ത് ആധുനിക, ബിസിനസ് ക്ലാസ് സൗകര്യത്തോടെ പുതിയ ഹോട്ടലും ആരംഭിച്ചു കഴിഞ്ഞു. അപ്പോളോ ഡിമോറ, ഉദയ് സ്യൂട്ട്‌സ് ഗാര്‍ഡന്‍, റാവിസ് കോവളം, മൗര്യ രാജധാനി, ക്ലാസിക് സരോവര്‍ പോര്‍ട്ടിക്കോ, ദ സൗത്ത് പാര്‍ക്ക് എന്നിവയും പ്രധാന സ്റ്റാര്‍ ഹോട്ടലുകളാണ്.
മറ്റു ജില്ലക്കാര്‍ക്കെന്തുണ്ട് ?
കാസര്‍കോട്ടു നിന്ന് എന്തിനിത്ര വേഗത്തില്‍ സില്‍വര്‍ലൈനില്‍ കേറി തിരുവനന്തപുരം പോകണം എന്ന ചോദ്യം അടുത്തിടെ ഏറെ ഉയര്‍ന്നുകേട്ടിരുന്നു. സില്‍വര്‍ലൈന്‍ വേണോ വേണ്ടയോ എന്നതിനേക്കാള്‍ ഉപരി, കേരളത്തിന്റെ എല്ലായിടത്തുനിന്നുമുള്ളവരുടെ തിരുവനന്തപുരത്തേക്ക് പോക്ക് വരവ് കൂടുന്നുണ്ട്.
സിവില്‍ സര്‍വീസ് പരിശീലനത്തിന് ഡല്‍ഹിയേക്കാള്‍ മികച്ചത് തിരുവനന്തപുരമാണെന്ന് പറയുന്നവരുണ്ട്. പിഎസ്‌സി പരിശീലന കേന്ദ്രങ്ങളും കുട്ടികളെ ആകര്‍ഷിക്കുന്നു. പഠനം, ജോലി, ചികിത്സ, വിനോദം, സര്‍ക്കാര്‍ കാര്യങ്ങള്‍ എന്നിവയ്ക്കെല്ലാമായി വലിയൊരു സമൂഹം നഗരത്തിലേക്കുള്ള പോക്കുവരവ് നടത്തുന്നത് പ്രത്യക്ഷമായും പരോക്ഷമായും നിരവധി മേഖലകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.
സംസ്ഥാനത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് വരുമാനമുള്ള തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്ന, സമഗ്രമായൊരു കാഴ്ചപ്പാടോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന, പൊതു - സ്വകാര്യ നിക്ഷേപം നടക്കുന്ന തിരുവനന്തപുരം നഗരത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഉണര്‍വ് വരുമെന്ന് തന്നെയാണ് ഈ രംഗത്തുള്ളവരുടെ നിഗമനം. തിരുവനന്തപുരമാകും നാളെ കേരളത്തിന്റെ ഷോ കേസ് സിറ്റിയെന്ന പ്രവചനങ്ങള്‍ക്കും കരുത്ത് പകരുന്നത് ഈ ഘടകങ്ങളാണ്.
കേരളത്തിന്റെ മറ്റേതൊരു നഗരവും തിരുവനന്തപുരത്തോളം വേഗത്തിലും ഫണ്ടൊഴുക്കോടെയും കേന്ദ്രീകൃതമായും സഞ്ചരിക്കുന്നില്ല. കൊച്ചിയും കോഴിക്കോടും പോലെയല്ല, വമ്പന്‍ പദ്ധതികളുടെ നിര തന്നെയാണ് തിരുവനന്തപുരത്തെ മാറ്റങ്ങളുടെ നഗരമാക്കാന്‍ പോകുന്നത്. വമ്പന്‍ കമ്പനികളുടെയും കോര്‍പ്പറേറ്റുകളുടെയും കണ്ണ് അവിടെ പതിയുന്നതും വെറുതെയല്ലല്ലോ.
വളരാന്‍ ഇനി എന്ത് വേണം?
ഉയര്‍ന്ന പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം, കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, പട്ടിണിരഹിത പ്രദേശം തുടങ്ങിയ ഘടകങ്ങള്‍ തലസ്ഥാനനഗരത്തിന്റെ സവിശേഷതകളാണ്. എന്നാല്‍ സാമ്പത്തികം, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം, ടെക്‌നോളജി മേഖലകളിലെ ഹബ്ബാക്കി തലസ്ഥാന നഗരിയെ വാര്‍ത്തെടുക്കുന്നതിന് കണക്റ്റിവിറ്റിയും ലോകോത്തര നിലവാരത്തിലുള്ള സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണം.
നഗരത്തിന്റെ ഭാവി വികസനത്തിന് പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപം ഇനിയും കൂടുതലായി വേണ്ടതുണ്ട്. തലസ്ഥാന നഗരിയുടെ സുസ്ഥിര വികസനത്തിന് വിവിധ മേഖലകളിലായി വ്യത്യസ്ത പങ്കാളികളുടെ സഹകരണം ആവശ്യമാണ്. നഗരത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സുസ്ഥിര വികസനം, മാനവ മൂലധനം, അതിരുകളില്ലാത്ത വിനിമയബന്ധം, ലോകോത്തര അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവ സുപ്രധാനമാണ്.
ലോകത്തിലെ മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടംപിടിക്കുന്നതിനും, ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ അഞ്ചുമടങ്ങ് വര്‍ധനവും വരുമാനത്തില്‍ പത്തുമടങ്ങ് വര്‍ധനവും നേടുന്നതിനും നഗരത്തിന് സംയോജിത ടൂറിസം വികസനം ആവശ്യമാണ്. പഴയ കൊട്ടാരങ്ങളെയും മറ്റു സ്മാരകങ്ങളെയും പുനരുദ്ധരിച്ച് പൈതൃക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാകണം. ബാലരാമപുരം കൈത്തറിയും കൈത്തറി ഗ്രാമവും വിനോദസഞ്ചാര കേന്ദ്രമായി ബ്രാന്‍ഡ് ചെയ്യണം. കോര്‍പ്പറേറ്റ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കണം. കോവളത്തിന് ആഗോള ബീച്ച് ഡെസ്റ്റിനേഷന്‍ സ്ഥാനമുറപ്പിക്കണം.
2025 ഓടെ ഐവി ലീഗ് സര്‍വ്വകലാശാലയുടെ ഒരു സാറ്റ്‌ലൈറ്റ് ക്യാംപസ് എങ്കിലും രൂപീകരിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വകലാശാലയിലൂടെയും അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലൂടെയും നൈപുണ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കണം.
തിരുവനന്തപുരം കേന്ദ്രമാക്കിയ ഐ.പി.എല്‍ ഫ്രാഞ്ചൈസി രൂപീകരണം, കേരള ബ്ലാസ്റ്റേഴ്‌സിനായി വിപുലീകൃത ഹബ്ബ് സൃഷ്ടിക്കല്‍, ഹൈക്കോടതി ബഞ്ച് സ്ഥാപിക്കല്‍, വ്യാവസായിക ഉല്‍പ്പാദന യൂണിറ്റുകളുമായി സുഗമായി ബന്ധിപ്പിക്കാവുന്ന വ്യാവസായിക ഇടനാഴി വികസിപ്പിക്കല്‍ എന്നിവ നടത്തുന്നതിനു പുറമെ, വ്യോമ, റെയില്‍, റോഡ്, ജലഗതാഗത മേഖലയില്‍ ദക്ഷിണേന്ത്യയിലെ സുപ്രധാന മൊബിലിറ്റി ഹബ്ബാകാനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കേണ്ടത് കൂടിയുണ്ട്.


Related Articles

Next Story

Videos

Share it