ചൂരൽമല 'ദേശീയ ദുരന്ത'മായി കാണുമോ? കൂടുതൽ സഹായം തേടി കേരളം

മലയാളികളെയാകെ കണ്ണീരിലാഴ്ത്തി പ്രകൃതി നാശം വിതച്ച വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 277 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് അനുസരിച്ച് 240 പേരെ കാണാതായിട്ടുണ്ട്.

നിയമത്തില്‍ ദുരന്തങ്ങള്‍ക്ക് വേര്‍തിരിവ് നിര്‍വചിച്ചിട്ടില്ല

ഈ സാഹചര്യത്തില്‍ കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറ്റു അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും സാമ്പത്തിക സഹായവും പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനു ആവശ്യമായ മറ്റു സഹായ പദ്ധതികളും ലഭിക്കുമെന്ന ധാരണയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് ശക്തി പകരുന്നത്. 2005 ലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.

എന്നാല്‍ നിയമത്തില്‍ ദേശീയ ദുരന്തമെന്നോ പ്രാദേശിക ദുരന്തമെന്നോ വേര്‍തിരിവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിലവില്‍ വരുന്നത്. ദേശീയ തലത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുമാണ് ഇതിന്റെ നേതൃത്വം വഹിക്കുക. അതേസമയം, ദുരന്ത പ്രദേശങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനും ജനങ്ങള്‍ക്കായി മറ്റു പദ്ധതികള്‍ കൊണ്ടുവരുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സാമ്പത്തിക സഹായങ്ങളും സഹകരണവും ഉണ്ടായിരിക്കണമെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

2018 പ്രളയത്തിലും സമാന നടപടി

2015 ല്‍ ചെന്നൈയില്‍ ഉണ്ടായ ദാരുണമായ പ്രളയവും 2018 ലും 2019 ലും കേരളം രൂക്ഷമായ പ്രളയക്കെടുതി നേരിട്ടപ്പോഴും, ഇവ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിക്കണമെന്ന് യഥാക്രമം തമിഴ്നാട് സര്‍ക്കാരും കേരളാ സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യങ്ങള്‍ നിരസിക്കുകയാണ് ഉണ്ടായത്. നിയമത്തില്‍ അത്തരമൊരു വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയായിരുന്നു കേന്ദ്രം ചെയ്തത്.
ചൂരൽമലയിലെ പ്രകൃതി ദുരന്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് വലിയ തോതിലുളള സഹായങ്ങള്‍ നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഇതിനോടകം ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ സഹായങ്ങള്‍ക്കായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതുവരെ ശേഖരിച്ച സഹായ വസ്തുക്കള്‍ ജില്ലാ കളക്ടറേറ്റുകളില്‍ എത്തിക്കണം

ദുരിത പ്രദേശത്തെ ജനങ്ങളെ സഹായിക്കുന്നതിനായി മലയാളികള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന വസ്തുക്കള്‍, സാധനങ്ങള്‍ തുടങ്ങിയവയുടെ ശേഖരണങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ ശേഖരിച്ച വസ്തുക്കള്‍ അതതു ജില്ലാ കളക്ടറേറ്റുകളുമായി ബന്ധപ്പെട്ട്, അവര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ എത്തിക്കേണ്ടതാണ്. സഹായങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നതാണ്.
വയനാട് കളക്ടറുടെ നേതൃത്വത്തില്‍ ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണം, വസ്ത്രം, അവശ്യ സാധനങ്ങള്‍ തുടങ്ങിയവ നിലവില്‍ കൃത്യമായി എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒറ്റയ്ക്കും കൂട്ടായും വിവധ സ്ഥലങ്ങളില്‍ ആളുകള്‍ നടത്തുന്ന പണപ്പിരിവും അവശ്യ വസ്തുക്കളുടെ ശേഖരണവും നിര്‍ത്തിവെക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
പാര്‍ലമെന്റില്‍ വയനാട് ദുരന്തം ഉന്നയിച്ച് എം.പിമാര്‍
അതേസമയം, ചൂരൽമല ദുരന്തം പാര്‍ലമെന്റിലെ രാജ്യസഭയില്‍ കേരളത്തില്‍ നിന്നുളള എം.പിമാര്‍ ഉന്നയിച്ചു. ജെബി മേത്തര്‍, വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, ഹാരിസ് ബീരാന്‍, എ.എ റഹീം തുടങ്ങിയവര്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനായി റഡാറുകള്‍ അടക്കമുളള ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങള്‍ അനുവദിക്കണമെന്ന് എം.പിമാര്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി, എൻ.കെ.പ്രേമചന്ദ്രൻ, കെ.സി വേണുഗോപാൽ തുടങ്ങിയവര്‍ പറഞ്ഞു.
Related Articles
Next Story
Videos
Share it