കേരളത്തിന്റെ ചുണ്ടന്‍ വള്ളവുമായി വിംബിള്‍ഡണ്‍ ടെന്നീസ് പ്രചാരണം

വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രചാരണത്തില്‍ ഇടം നേടി കേരളത്തിന്റെ ചുണ്ടന്‍ വള്ളങ്ങള്‍. ടൂര്‍ണമെന്റിന്റെ ഫേസ് ബുക്ക് പേജ് അടക്കമുളള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലാണ് ടെന്നീസ് താരങ്ങള്‍ കേരളത്തിന്റെ ചുണ്ടന്‍ വള്ളം തുഴയുന്നതിന്റെ ഗ്രാഫിക്കല്‍ ചിത്രം പങ്കുവച്ചത്. കേരളവും ലണ്ടനും കൈകൊടുക്കുന്നതിന്റെ ഇമോജിയും 'വള്ളം കളിക്ക് തയ്യാറായോ! 2023 വിംബിള്‍ഡണ്‍ ആര് നേടും്' എന്നതുമാണ് വിവരണം.

മുമ്പും ഇടംപിടിച്ചിരുന്നു

ചുണ്ടന്‍ വള്ളങ്ങള്‍ വിംബിള്‍ഡണ്‍ പ്രചാരണത്തില്‍ ഇടംപിടിച്ചത് തികച്ചും ആവേശകരമായ കാര്യമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതാദ്യമായല്ല അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ പ്രചാരണത്തില്‍ കേരളം ഇടംപിടിക്കുന്നത്. മുമ്പ് ചെല്‍സിയ ഫുട്‌ബോള്‍ ക്ലബ് ആലപ്പുഴയുടെ കായലോരത്തിന്റെ പശ്ചാത്തലത്തിലൂടെ വിര്‍ച്വല്‍ ടൂര്‍ നടത്തിയിരുന്നു. ഇതെത്തുടര്‍ന്ന് യഥാര്‍ത്ഥ ടൂര്‍ നടത്താന്‍ മന്ത്രി മുഹമ്മദ് റിയാസ് ചെല്‍സിയ ടീമംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര പ്രശസ്തിയില്‍ സി.ബി.എല്‍

കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് (CBL) ഇതോടെ അന്താരാഷ്ട്ര പ്രശസ്തിയും കൈവന്നിരിക്കുകയാണ്. വിംബിള്‍ഡണ്‍ ആരംഭിച്ച തിങ്കളാഴ്ച തന്നെയാണ് ചമ്പക്കുളം മൂലം വള്ളം കളിയോടെ ഈ വര്‍ഷത്തെ സി.ബി.എല്ലടക്കമുള്ള ചുണ്ടന്‍ വള്ളമത്സരങ്ങളുടെ സീസണും ആരംഭിച്ചത്. ലോകത്തില്‍ ഏറ്റവുമധികം കായികതാരങ്ങള്‍ ഒരു ടീമിനു വേണ്ടി പങ്കെടുക്കുന്ന കായികയിനമെന്ന ബഹുമതി ചുണ്ടന്‍ വള്ളങ്ങള്‍ക്കുണ്ട്.

Related Articles
Next Story
Videos
Share it