വിപ്രോയുടെ വമ്പന്‍ നീക്കം, സിംഗപ്പൂര്‍ കമ്പനിയെ ഏറ്റെടുക്കുന്നു; ഓളം ഗ്രൂപ്പുമായി 100 കോടി ഡോളറിന്റെ കരാര്‍

ഈ ഇടപാട് വിപ്രോയുടെ അടുത്തകാലത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഐടി സേവന രംഗത്ത് വലിയ കരാറുകള്‍ കുറവായിരുന്ന സാഹചര്യത്തില്‍, ഈ നീക്കം കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍
വിപ്രോയുടെ വമ്പന്‍ നീക്കം, സിംഗപ്പൂര്‍ കമ്പനിയെ ഏറ്റെടുക്കുന്നു; ഓളം ഗ്രൂപ്പുമായി 100 കോടി ഡോളറിന്റെ കരാര്‍
Published on

ഇന്ത്യന്‍ ഐടി സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ വിപ്രോ, സിംഗപ്പൂര്‍ ആസ്ഥാനമായ ഐടി-ഡിജിറ്റല്‍ സര്‍വീസ് കമ്പനിയായ മൈന്‍ഡ്‌സ്പ്രിന്റിനെ (Mindsprint) 375 മില്യണ്‍ ഡോളറിന് (ഏകദേശം 3,400 കോടി രൂപ)ക്ക് ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പുവച്ചു. ഈ ഇടപാട് ഓളം ഗ്രൂപ്പുമായി ഒപ്പുവച്ച വലിയ തന്ത്രപരമായ കരാറിന്റെ ഭാഗമാണ്.

സിംഗപ്പൂരിലെ പ്രമുഖ ഭക്ഷ്യ-കൃഷി വ്യവസായ കമ്പനിയായ ഓളം ഗ്രൂപ്പുമായി വിപ്രോ എട്ട് വര്‍ഷത്തെ തന്ത്രപരമായ ഐടി ട്രാന്‍സ്‌ഫോര്‍മേഷന്‍ കരാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ കരാറിന്റെ ആകെ മൂല്യം 1 ബില്യണ്‍ ഡോളര്‍ (9,000 കോടി രൂപ) കവിയുമെന്ന് പ്രതീക്ഷിക്കുന്നു.

എന്താണ് ഈ കമ്പനി?

2007ല്‍ സ്ഥാപിതമായ മൈന്‍ഡ്‌സ്പ്രിന്റ് ഓളം ഗ്രൂപ്പിന്റെ ഐടി, ഡിജിറ്റല്‍ സര്‍വീസ് വിഭാഗമാണ്. ലോകമെമ്പാടും 3,200-ത്തിലധികം ജീവനക്കാരുള്ള ഈ സ്ഥാപനം ഇന്ത്യ, സിംഗപ്പൂര്‍, യുഎസ്, യുകെ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 2025ല്‍ കമ്പനി ഏകദേശം 135.6 മില്യണ്‍ ഡോളര്‍ വരുമാനം നേടി. ഫുഡ്, അഗ്രിബിസിനസ്, സപ്ലൈ ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനാലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സേവനങ്ങള്‍.

ഏറ്റെടുക്കല്‍ എങ്ങനെ?

വിപ്രോ Mindsprint-ന്റെ 100% ഓഹരികളും സ്വന്തമാക്കും. മുഴുവന്‍ തുകയും ക്യാഷ് ഡീലായിരിക്കും. 2026 ജൂണ്‍ 30ഓടെ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചില രാജ്യങ്ങളില്‍ റെഗുലേറ്ററി അനുമതികള്‍ ആവശ്യമാണ്.

ഈ ഏറ്റെടുക്കല്‍ വഴി വിപ്രോക്ക് ഫുഡ്-അഗ്രിബിസിനസ് മേഖലയില്‍ പ്രത്യേക ഡൊമെയിന്‍ പരിജ്ഞാനം ലഭ്യമാക്കും. AI അധിഷ്ഠിത സേവനങ്ങള്‍ ശക്തിപ്പെടുത്താം. ദീര്‍ഘകാല വരുമാന നേട്ടമുണ്ടാകും. ഇടപാടുകാരുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കാനും അവസരം.

ഓളം ഗ്രൂപ്പിന് ഈ കരാറിലൂടെ മുഴുവന്‍ ഐടി സംവിധാനത്തിന്റെ ആധുനികവല്‍ക്കരണം സാധ്യമാക്കാനാവും. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ വേഗത്തിലാവും.

'ഫാം-ടു-ഫോര്‍ക്ക്' സപ്ലൈ ചെയിന്‍ മെച്ചപ്പെടുത്തലിനും വഴിയൊരുക്കും.

വിപണിയില്‍ മികച്ച പ്രതികരണം

കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിപ്രോയുടെ ഓഹരി വില ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളില്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിച്ചതായി വിലയിരുത്തുന്നു. ഈ ഇടപാട് വിപ്രോയുടെ അടുത്തകാലത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഐടി സേവന രംഗത്ത് വലിയ കരാറുകള്‍ കുറവായിരുന്ന സാഹചര്യത്തില്‍, ഈ നീക്കം കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com