മില്‍മയുടെ വിറ്റുവരവ് ₹4,624.21 കോടി രൂപ; 2030ഓടെ ലക്ഷ്യം ₹10,000 കോടി

പാല്‍ സംഭരണത്തില്‍ 12.89 ശതമാനവും പാല്‍ വിപണനത്തില്‍ 4.30 ശതമാനവും വര്‍ധനവ്
മില്‍മയുടെ വിറ്റുവരവ് ₹4,624.21 കോടി രൂപ; 2030ഓടെ ലക്ഷ്യം ₹10,000 കോടി
Published on

പാല്‍ സംഭരണത്തിലും വിപണനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മില്‍മ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4,624.21 കോടി രൂപ വിറ്റുവരവ് നേടി. 2024-25ല്‍ ഇത് 4,344.60 കോടി രൂപയായിരുന്നു. 6.44 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

പാല്‍ സംഭരണത്തില്‍ 12.89 ശതമാനത്തിന്റെയും പാല്‍ വിപണനത്തില്‍ 4.30 ശതമാനത്തിന്റെയും വര്‍ധന രേഖപ്പൈടുത്തി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 12,56,892 ലിറ്റര്‍ പാലാണ് മില്‍മ സംഭരിച്ചത്. 2024-25ല്‍ ഇത് 11,13,413 ലിറ്റര്‍ ആയിരുന്നു. 1,43,479 ലിറ്ററിന്റെ വര്‍ധനവാണുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം 17,06,350 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. 2024-25ല്‍ 16,36,047 ലിറ്റര്‍ ആയിരുന്നു വിപണനം. 70,303 ലിറ്റര്‍ പാലാണ് അധികമായി വില്‍ക്കാനായത്.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും മികച്ച വിറ്റുവരവ് നേടാന്‍ മില്‍മയ്ക്കായി. 1,097.36 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വിറ്റുവരവ്. 2024-25ല്‍ ഇത് 946.47 കോടിയായിരുന്നു. 15.94 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.

ലക്ഷ്യം 10,000 കോടി

2030ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. 2025-26 സാമ്പത്തിക വര്‍ഷത്തെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ മികച്ച നേട്ടമാണ് മില്‍മ കൈവരിച്ചത്. കര്‍ഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളിലൂടെയും ഉല്‍പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പരിപാടികളിലൂടെയുമാണ് മില്‍മയ്ക്ക് ഈ നേട്ടത്തില്‍ എത്താനായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025-26ല്‍ തിരുവവന്തപുരം മേഖല യൂണിയന്റെ (ടിആര്‍സിഎംപിയു) ആകെ വിറ്റുവരവില്‍ 6.87 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എറണാകുളം മേഖല (ഇആര്‍സിഎംപിയു) 5.91 ശതമാനവും മലബാര്‍ മേഖല (എംആര്‍സിഎംപിയു) 8.88 ശതമാനവും വര്‍ധനവ് നേടി.

2025-26ല്‍ തിരുവവന്തപുരം മേഖല പ്രതിദിനം 2,80,039 ലിറ്റര്‍ പാല്‍ സംഭരിച്ചു. എറണാകുളം മേഖല 2,93,351 ലിറ്ററും മലബാര്‍ മേഖല 6,83,503 ലിറ്ററുമാണ് സംഭരിച്ചത്. 2024-25ലെ പ്രതിദിന പാല്‍ സംഭരണം യഥാക്രമം 2,46,620 ലിറ്റര്‍, 2,51,257 ലിറ്റര്‍, 6,15,535 ലിറ്റര്‍ എന്നിങ്ങനെയായിരുന്നു.

Milma records strong growth in revenue and milk operations, targeting ₹10,000 crore turnover by 2030

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com