Begin typing your search above and press return to search.
കൊച്ചിയിൽ ഡിജിറ്റൽ അറസ്റ്റ്! സൈബർ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 4.12 കോടി രൂപ
ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന കൊച്ചിയിൽ യുവതിയെ കബളിപ്പിച്ച് 4.12 കോടി രൂപ തട്ടിയെടുത്തു. ആധാർ കാർഡ് ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ട് തുറന്നതായി പറഞ്ഞാണ് തട്ടിപ്പുകാര്‍ ഇരയെ ബന്ധപ്പെട്ടത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ യുവതിയെ മൊബൈലില്‍ വിളിച്ചത്.
ഡിജിറ്റലായി അറസ്റ്റ് ചെയ്തുവെന്നും അക്കൗണ്ടിലുളള തുക അനധികൃതമായി സമ്പാദിച്ചതാണോ എന്ന് ചോദിച്ചും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തി. അക്കൗണ്ട് പരിശോധിക്കാൻ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് 4.12 കോടി രൂപ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
കബളിപ്പിക്കപ്പെട്ട പണത്തിൻ്റെ വലിയൊരു ഭാഗം മലപ്പുറത്ത് നിന്ന് പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കോള്‍ രേഖകളും പണം പിന്‍വലിച്ച സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് കൊച്ചി സൈബര്‍ പോലീസ് പ്രതികളെ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹസിൽ (22), മിസ്ഹബ് കെപി (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാജ്യ വ്യാപകമായി പ്രവർത്തിക്കുന്ന വിപുലമായ സൈബര്‍ തട്ടിപ്പ് ശൃംഖലയുടെ ഭാഗമാണ് സംഭവമെന്ന് പോലീസ് വിലയിരുത്തുന്നു. തട്ടിപ്പില്‍ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്തുന്നതിനുളള അന്വേഷണം നിലവില്‍ പുരോഗമിക്കുകയാണ്.
Next Story
Videos