നിര്‍ണായക പദവികളില്‍ മിന്നിതിളങ്ങി വനിതകള്‍; മുന്‍പേ നടന്ന് യു എ ഇ

വളരെ മുമ്പ് തന്നെ സ്ത്രീ ശാക്തീകരണ പ്രക്രിയയ്ക്ക് തുടക്കമിട്ട രാജ്യമായ യു എ ഇ യില്‍ അടുത്ത മാസം മുതല്‍ ഒരു വര്‍ഷം രാജ്യമായതിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമാവുകയാണ്. വിവിധ മേഖലകളില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ വരുത്താനുതകുന്ന വമ്പന്‍ പദ്ധതികളാണ് ഇനിയുള്ള മാസങ്ങളില്‍ ഭരണാധികാരികള്‍ പ്രഖ്യാപിക്കാനിരിക്കുന്നത്.

ബിസിനസ് മേഖലയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രഖ്യാപനമാണ് ഇക്കഴിഞ്ഞ ദിവസം യു എ ഇ സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിറ്റി നടത്തിയത്. ഇനി മുതല്‍ ലിസ്റ്റഡ് കമ്പനികളുടെയൊക്കെ ബോര്‍ഡുകളില്‍ നിര്‍ബന്ധമായും ഒരു വനിതാ ഡയറക്ടര്‍ ഉണ്ടായിരിക്കണം. ഇപ്പോള്‍ ഈ പ്രാതിനിധ്യം മൂന്നര ശതമാനം മാത്രമാണ്.

യു എ ഇ യിലെ 110 ലിസ്റ്റഡ് കമ്പനികളുടെ 823 ബോര്‍ഡ് ഡയറക്ടര്‍മാരില്‍ വെറും 29 പേര്‍ മാത്രമാണ് വനിതകള്‍. കമ്പനികള്‍ക്ക് പുതിയ നിബന്ധന പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദുബൈ ഫിനാന്‍ഷ്യല്‍ സെന്റര്‍ മാതൃക കാട്ടി അവരുടെ ബോര്‍ഡില്‍ വനിതാ ഡയറക്ടറെ നിയമിച്ചിട്ടുണ്ടായിരുന്നു.

ലിംഗനീതി ഉറപ്പ് വരുത്തുക മാത്രമല്ല, എല്ലാ മേഖലകളിലും വൈവിദ്ധ്യം കൊണ്ടുവരിക കൂടിയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട നിയമത്തിന്റെ ലക്ഷ്യം. ഇത് രാജ്യത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നും ബിസിനസ് മേഖലയില്‍ കൂടുതല്‍ അഭിവൃദ്ധി കൊണ്ടുവരുമെന്നുമാണ് വനിതാ സംരംഭകര്‍ അഭിപ്രായപ്പെടുന്നത്.

ഇപ്പോള്‍ തന്നെ യു എ ഇ മന്ത്രിസഭയില്‍ ഒന്‍പത് വനിതാ മന്ത്രിമാരുണ്ട്. ഇതില്‍ റീം അല്‍ ഹാഷിമി 22 വയസ്സുള്ളപ്പോള്‍ ഹാപ്പിനെസ്സ് വകുപ്പ് മന്ത്രിയായാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയായപ്പോള്‍ യു എ ഇ യിലേക്ക് വേള്‍ഡ് എക്‌സ്‌പോ കൊണ്ടുവരുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന എക്‌സ്‌പോ കോവിഡ് കാരണം ഈ വര്‍ഷത്തേക്ക് മാറ്റിയതാണ്. ഇയ്യിടെ വിജയകരമായിത്തീര്‍ന്ന യു എ ഇ ചൊവ്വാ ദൗത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സാറാ അല്‍ അമീരി നൂതനശാസ്ത്ര വകുപ്പ് മന്ത്രിയാണ്.

ഇത് കൂടാതെ വിവിധ ഗവണ്മെന്റ് വകുപ്പുകളില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലപ്പത്തിരിക്കുന്നത് വനിതകളാണ്. ബാങ്കുകളുടെ സി ഇ ഓ മാരായും പല സ്വകാര്യ കമ്പനികളുടെ തലപ്പത്തും ഇപ്പോള്‍ വനിതകളാണ് യു എ ഇ യില്‍. രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ ഫസ്റ്റ് അബുദാബി ബാങ്ക് സി ഇ ഓ ഒരു വനിതയാണ്.

മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഏറ്റവും കൂടുതല്‍ വനിതാ ജീവനക്കാരുള്ള രാജ്യം ഇപ്പോള്‍ യു എ ഇ യാണ്. രാജ്യത്തെ തൊഴില്‍ മേഖലയില്‍ 57.5 ശതമാനം ജീവനക്കാരും വനിതകളാണെന്ന് കഴിഞ്ഞയാഴ്ച ലോക ബാങ്ക് അവരുടെ ബ്ലോഗ് പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. വനിത, ബിസിനസ്, നിയമം എന്നീ മേഖലകളില്‍ ലോക ബാങ്ക് നടത്തിയ വാര്‍ഷിക പഠനത്തില്‍ യു എ ഇ യുടെ സ്‌കോര്‍ 2019 ലെ 30 ല്‍ നിന്ന് 2021 ല്‍ 82.5 ആയി ഉയര്‍ന്നിട്ടുണ്ട്.

വനിതാ ഡയറക്ടര്‍മാരെ നിയമിക്കുന്നത് വെറും എണ്ണം തികക്കാനല്ലെന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് രാജ്യത്തെ ബിസിനസ് മേഖലയെ എല്ലാ അര്‍ത്ഥത്തിലും ഉയര്‍ത്താന്‍ വേണ്ടിയാണെന്നും സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് പറയുന്നു.

രാജ്യത്തെ എല്ലാ മേഖലകളിലും ഉന്നത പദവികളില്‍ സ്ത്രീകളെ നിയമിക്കുന്നതിന്റെ ഭാഗമായാണീ നീക്കമെന്ന് യു എ ഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിന്റെ പ്രപൗത്രി കൂടിയായ ഷെയ്ഖ ഷമ്മ ബിന്‍ത് സുല്‍ത്താന്‍ ബിന്‍ ഖലീഫ ആള്‍ നഹ്‌യാന്‍ പറയുന്നു. ഇതിലൂടെ രാജ്യത്തെ വനിതാ വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.

പുതിയ നിയമത്തിന് വളരെ പുരോഗമനാത്മക മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും അത് വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനേക്കാളുപരി രാജ്യത്ത് സമൃദ്ധി കൊണ്ടുവരുന്നതിലും പങ്ക് വഹിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വനിതാ പ്രാതിനിധ്യമുള്ള ഡയറക്ടര്‍ ബോര്‍ഡുകള്‍ നല്ല ഭരണം കാഴ്ച വയ്ക്കുമെന്നും അതിന്റെ ഫലമായി നല്ല ഫിനാന്‍ഷ്യല്‍ പെര്‍ഫോമന്‍സ് ഉണ്ടാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it