Begin typing your search above and press return to search.
ചെന്നൈ വണ്ടര്‍...ലാ! നിക്ഷേപം ₹500 കോടി, മുന്തിയ റൈഡുകള്‍, അടുത്ത വര്‍ഷം തുറക്കുന്നു
അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ചെന്നൈയിലെ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് തുറക്കുമെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി. അടുത്തിടെ ക്യു.ഐ.പിയിലൂടെ സമാഹരിച്ച പണം ചെന്നൈയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മുടക്കാനാണ് കമ്പനിയുടെ പദ്ധതി. ഓഹരിക്ക് 829.74 രൂപ അടിസ്ഥാന വിലയാക്കി ക്യു.ഐ.പിയിലൂടെ 500-600 കോടി രൂപ വരെ സമാഹരിക്കാന്‍ അടുത്തിടെ വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. 500 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന ചെന്നൈ വണ്ടര്‍ലയില്‍ തന്നെ ഈ പണം മുടക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഒരുങ്ങുന്നത് വമ്പന്‍ പദ്ധതി
ഇന്ത്യയിലെ ഏറ്റവും വലിയ റോളര്‍ കോസ്റ്റര്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ റൈഡുകള്‍ അടക്കമാണ് ചെന്നൈയിലെ വണ്ടര്‍ലാ ഒരുങ്ങുന്നത്. ഡിസ്‌നി, യൂണിവേഴ്‌സല്‍ പാര്‍ക്കുകളിലെ പ്രധാന ആകര്‍ഷണമായ ഇത്തരം റോളര്‍ കോസ്റ്ററുകള്‍ക്ക് മാത്രം 70-80 കോടി രൂപ വരെ ചെലവാകും. പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലൊന്നാകും ചെന്നൈയിലേത്. ആദ്യ വര്‍ഷങ്ങളില്‍ 10 ലക്ഷം വരെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. തുടക്ക വര്‍ഷം മുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ചെന്നൈ വണ്ടര്‍ലക്കുണ്ടെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ചെങ്കല്‍പേട്ട് ജില്ലയിലെ തിരുപൊരുര്‍ താലൂക്കിലാണ് 62 ഏക്കറില്‍ ചെന്നൈ വണ്ടര്‍ലാ നിര്‍മിക്കുന്നത്.
10 നഗരങ്ങളിലേക്ക് കൂടി
ഇന്ത്യയില്‍ വളരാന്‍ സാധ്യതയുള്ള മേഖലയാണ് അമ്യൂസ്‌മെന്റ് പാര്‍ക്കുകളെന്നും അധികം വൈകാതെ രാജ്യത്തെ 10 നഗരങ്ങളിലേക്ക് കൂടി വണ്ടര്‍ലാ എത്തുമെന്നും അരുണ്‍ ചിറ്റിലപ്പള്ളി പറഞ്ഞു. നിലവില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ നാല് നഗരങ്ങളിലാണ് വണ്ടര്‍ലക്ക് സാന്നിധ്യമുള്ളത്. ഈ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ നിന്നും 10-15 ശതമാനം വരെ വളര്‍ച്ചയാണ് അടുത്ത മൂന്ന് -നാല് വര്‍ഷത്തിനുള്ളില്‍ കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Videos