

കേരളത്തിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി ലോകബാങ്ക് 28 കോടി ഡോളർ (ഏകദേശം 2,459 കോടി രൂപ) വായ്പ അനുവദിച്ചു. സംസ്ഥാനത്തെ 1.1 കോടി വരുന്ന വയോജനങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേരളത്തിന്റെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുളള പരിപാടിയില്‍ (Kerala Health System Improvement Programme) സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തിന് സമഗ്രമായ പുരോഗതി ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ഇതിലൂടെ വയോജനങ്ങളുടെ ആയുർദൈർഘ്യവും ജീവിത നിലവാരവും ഉയർത്താനാണ് ശ്രമിക്കുന്നത്.
അസുഖങ്ങൾ ട്രാക്ക് ചെയ്യൽ: സംസ്ഥാനത്ത് രക്തസമ്മർദ്ദം (Hypertension), പ്രമേഹം (Diabetes) എന്നിവയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള 90 ശതമാനത്തിലധികം രോഗികളെയും വ്യക്തിഗത ഇലക്ട്രോണിക് സംവിധാനം വഴി ട്രാക്ക് ചെയ്യാനും പിന്തുണ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
ഗൃഹാധിഷ്ഠിത പരിചരണം: കിടപ്പിലായ, വീടിനുള്ളിൽ ഒതുങ്ങിപ്പോയ വയോജനങ്ങൾക്കായി സമഗ്രമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്ന ഗൃഹാധിഷ്ഠിത പരിചരണ മാതൃക (Home-based care model) സ്ഥാപിക്കും.
ഡിജിറ്റൽ ആരോഗ്യസംവിധാനം: വികസിപ്പിച്ച ഇ-ഹെൽത്ത് സേവനങ്ങൾ, സംയോജിത ഡാറ്റാ പ്ലാറ്റ്‌ഫോമുകൾ, സൈബർ സുരക്ഷാ സംവിധാനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തും.
കാലാവസ്ഥാ പ്രതിരോധശേഷിയുള്ള സംവിധാനം: വയനാട്, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ആഘാതങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ആരോഗ്യ സംവിധാനം നിർമ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റിൽ (IBRD) നിന്നാണ് 25 വർഷത്തെ കാലാവധിയും അഞ്ച് വർഷത്തെ ഗ്രേസ് പിരീഡുമുള്ള ഈ വായ്പ അനുവദിച്ചിട്ടുള്ളത്. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ മികച്ച നേട്ടങ്ങൾ നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനും ഈ പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്.
World Bank's $280 million loan for Kerala's health sector.
Read DhanamOnline in English
Subscribe to Dhanam Magazine