50% മുതല്‍ 80% വരെ വില്പന കുതിക്കുന്ന സീസണ്‍; എന്നിട്ടും കേരളത്തിലെ സ്‌പോര്‍ട്‌സ് വ്യാപാരികള്‍ സ്റ്റോക്ക് ചെയ്യാന്‍ മടിക്കുന്നത് എന്തുകൊണ്ട്?

2022ല്‍ ലോകകപ്പിന് ഒരു മാസം മുമ്പേ വില്പന തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ ലോകകപ്പ് ഓളത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല
50% മുതല്‍ 80% വരെ വില്പന കുതിക്കുന്ന സീസണ്‍; എന്നിട്ടും കേരളത്തിലെ സ്‌പോര്‍ട്‌സ് വ്യാപാരികള്‍ സ്റ്റോക്ക് ചെയ്യാന്‍ മടിക്കുന്നത് എന്തുകൊണ്ട്?
Published on

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം കടക്കുകയാണ്. സമയവ്യത്യാസത്തിന്റെ പ്രശ്‌നങ്ങളുണ്ടെങ്കിലും പന്തുരുണ്ട് തുടങ്ങിയാല്‍ ഫുട്‌ബോള്‍ ആവേശം കൊട്ടിക്കയറുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരുള്ള സ്ഥലം കൂടിയാണ് കേരളം. ഫുട്‌ബോള്‍ ലോകകപ്പുകള്‍ കേരളത്തില്‍ വെറുമൊരു വിനോദം മാത്രമല്ല കോടികള്‍ മറിയുന്ന ബിസിനസ് അവസരങ്ങള്‍ കൂടിയാണ്.

ലോകകപ്പ് സീസണായാല്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഫ്‌ളക്സ് ബോര്‍ഡുകളില്‍ നിന്ന് സ്‌പോര്‍ട്സ് ഷോറൂമുകളിലേക്കും ആവേശം പടരും. ലോകകപ്പ് അടുത്തുനില്‍ക്കേ കേരളത്തിലെ സ്‌പോര്‍ട്സ് ഉത്പന്ന, ജേഴ്സി, ഫുട്വെയര്‍ വിപണികളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഷോപ്പുകളില്‍ ഏറ്റവും കൂടുതല്‍ വില്പന സന്ദര്‍ഭങ്ങളിലൊന്ന് ഫുട്‌ബോള്‍ ലോകകപ്പ് സമയമാണ്.

2022 ലോകകപ്പിനിടെ സംസ്ഥാനത്ത് അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകളുടെ ജേഴ്സികള്‍ക്ക് വലിയ ഡിമാന്‍ഡായിരുന്നു. പല കടകളിലും സ്റ്റോക്ക് തീരുകയും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കുതിച്ചുയരുകയും ചെയ്തു. ഇത്തവണയും സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

കേരളത്തിലെ സ്‌പോര്‍ട്സ് ഷോപ്പുകളിലും റോഡരികിലും ലോകകപ്പ് കാലത്ത് ജേഴ്സി വില്‍പന സാധാരണ മാസങ്ങളെ അപേക്ഷിച്ച് 50 മുതല്‍ 80 ശതമാനം വരെ ഉയരാറുണ്ട്. മലയാളിക്ക് ഫുട്‌ബോള്‍ ലോകകപ്പുകളോടുള്ള വൈകാരിക അടുപ്പവും ഇതിന് കാരണമാണ്.

അര്‍ജന്റീനയുടെ നീല-വെളുപ്പ്, ബ്രസീലിന്റെ മഞ്ഞ, പോര്‍ച്ചുഗലിന്റെ ചുവപ്പ്, ഫ്രാന്‍സിന്റെ നീല എന്നീ നിറങ്ങള്‍ ലോകകപ്പ് സീസണില്‍ കേരളത്തിലെ തെരുവുകളില്‍ പതിവ് കാഴ്ചയാണ്. മത്സരങ്ങള്‍ അടുത്തെത്തുമ്പോള്‍ താരങ്ങളുടെ പേരുള്ള പ്രിന്റഡ് ജേഴ്സികള്‍ക്കും വലിയ ആവശ്യകത ഉണ്ടാകും.

പക്ഷേ ഇത്തവണ ആവേശം പോരാ

ലോകകപ്പ് ഫുട്‌ബോള്‍ ആവേശവും വിപണിയും കേരളത്തില്‍ ഏറ്റവും സജീവമായിട്ടുള്ളത് മലബാര്‍ മേഖലയിലാണ്. പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍. ഖത്തര്‍ ലോകകപ്പ് സമയത്താണ് ജേഴ്‌സികളും പതാകകളും ഏറ്റവും കൂടുതല്‍ വിറ്റുപോയതെന്ന് കോഴിക്കോട് മാര്‍ക്കറ്റില്‍ സ്‌പോര്‍ട്‌സ് ജേഴ്‌സികളുടെ മൊത്തവ്യാപാരിയായ മുഹമ്മദ് ഉനൈസ് പറയുന്നു.

2022ല്‍ ലോകകപ്പിന് ഒരു മാസം മുമ്പേ വില്പന തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ ലോകകപ്പ് ഓളത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. ലോകകപ്പിന്റെ സമയമാറ്റം ഇത്തവണ ആവേശം കുറയാന്‍ കാരണമായേക്കുമെന്ന് ഉനൈസ് ആശങ്ക പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ വലിയതോതില്‍ സ്‌റ്റോക്ക് ചെയ്യാന്‍ പലരും തയാറാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അര്‍ജന്റീനയ്ക്കും ബ്രസീലിനും ആണ് കൂടുതല്‍ കേരളത്തില്‍ കൂടുതല്‍ ആരാധകര്‍. മെസിയുടെയും നെയ്മറിന്റെയും പേരിലുള്ള ജേഴ്സികള്‍ക്കും പതാകകള്‍ക്കുമാണ് കൂടുതല്‍ ഡിമാന്‍ഡ്. മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് ആവേശം ഇതുവരെ ദൃശ്യമല്ലെന്നും വില്പന മന്ദഗതിയിലാണെന്നും എറണാകുളം മാര്‍ക്കറ്റിലെ ജേഴ്‌സി മൊത്തക്കച്ചവടക്കാരനായ ജേക്കബ് സെബാസ്റ്റ്യന്‍ പറയുന്നു.

മുന്‍പ് ആരാധകര്‍ പ്രധാനമായും പ്രാദേശിക കടകളെ ആശ്രയിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ വലിയൊരു പങ്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് വാങ്ങുന്നത്. ഇതുമൂലം കേരളത്തിലെ ചെറുകിട സ്‌പോര്‍ട്സ് കടകള്‍ക്ക് മത്സരവും വര്‍ധിച്ചിട്ടുണ്ട്. അതേസമയം, പേര് പ്രിന്റ് ചെയ്ത ജേഴ്സികള്‍, കസ്റ്റം ഡിസൈനുകള്‍, ആരാധക ക്ലബ്ബുകള്‍ക്കായുള്ള ബള്‍ക്ക് ഓര്‍ഡറുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രാദേശിക വ്യാപാരികള്‍ക്ക് ഇപ്പോഴും മേല്‍ക്കൈയുണ്ട്.

ടര്‍ഫുകളില്‍ പ്രത്യേക ടൂര്‍ണമെന്റുകള്‍

ടര്‍ഫ് ഫുട്ബോള്‍ സംസ്‌കാരവും സ്‌പോര്‍ട്‌സ് വിപണിക്ക് അനുകൂല ഘടകമാണ്. ലോകകപ്പ് അടുത്തെത്തുമ്പോള്‍ കൂടുതല്‍ പേര്‍ ഫുട്ബോള്‍ കളിയിലേക്ക് തിരിയുന്നത് സ്‌പോര്‍ട്സ് ഉപകരണങ്ങളുടെ വില്‍പന വര്‍ധിക്കാന്‍ ഇടയാക്കാറുണ്ട്. കേരളത്തിലെ ഫുട്‌ബോള്‍ ടര്‍ഫുകളില്‍ കൂടുതല്‍ ടൂര്‍ണമെന്റുകള്‍ നടക്കുന്നതും ലോകകപ്പ് സമയത്താണ്.

വ്യാജന്മാര്‍ വെല്ലുവിളി

ലോകകപ്പ് സീസണില്‍ വിപണി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കുറഞ്ഞ വിലയിലുള്ള ജേഴ്സികളുടെ വില്പന. ബ്രാന്‍ഡഡ് ജേഴ്സികള്‍ക്ക് 3,000 മുതല്‍ 7,000 രൂപ വരെ വിലവരും. എന്നാല്‍ പ്രാദേശികമായി നിര്‍മിക്കുന്ന ഗുണമേന്മ കുറഞ്ഞ ജേഴ്‌സികള്‍ക്ക് 200 മുതല്‍ 800 രൂപയ്ക്ക് വരെ ലഭ്യമാണ്. കേരളത്തില്‍ വിറ്റഴിക്കുന്നതില്‍ 70 ശതമാനത്തിലേറെയും ഇത്തരം ഗുണമേന്മ കുറഞ്ഞ ജേഴ്‌സികളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com