മുരടിച്ച് ചൈന, തലപൊക്കി സാമ്പത്തിക പ്രശ്‌നങ്ങള്‍; ലോക നേതാക്കള്‍ക്കാകെ ആശങ്ക

ചൈനയുടെ വര്‍ധിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ലോകനേതാക്കളെയാകെ ആശങ്കപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുന്ന ഏത് വലിയ പ്രശ്‌നവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ രാജ്യങ്ങളെയും ബാധിക്കും. നിരവധി പ്രധാന വസ്തുക്കളുടെ ഏറ്റവും വലിയ ഉല്‍പ്പാദകരും ഉപഭോക്താക്കളും അവരാണ്.
വളര്‍ച്ചയെ ബാധിക്കുന്നു
നടപ്പുവര്‍ഷം ചൈന വലിയ സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പല സാമ്പത്തിക വിദഗ്ധരും കരുതുന്നു. യുവാക്കള്‍ക്കിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മ, മധ്യവര്‍ഗ കുടുംബങ്ങള്‍ കൂടുതലായി നിക്ഷേപം നടത്തിയിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ച, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധികള്‍, കൊവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ മന്ദഗതിയിലുള്ള വളര്‍ച്ച, രാഷ്ട്രീയ കാരണങ്ങളാല്‍ സംരംഭകരെ ഞെരുക്കുന്നതുമെല്ലാം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ
സമ്പദ്‌വ്യവസ്ഥ
യുടെ വളര്‍ച്ചയെ ബാധിക്കുന്നു.
രണ്ടുവര്‍ഷം നീണ്ട കര്‍ശനമായ ലോക്ക്ഡൗണിനുശേഷം ചൈനീസ് ഉപഭോക്താക്കള്‍ ചെലവിടലില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സമ്പദ്‌വ്യവസ്ഥയില്‍ പണച്ചുരുക്കം (deflation) നേരിട്ടുതുടങ്ങി. കുടുംബങ്ങളുടെ സമ്പത്തിന്റെ 70 ശതമാനവും ജി.ഡി.പിയുടെ ഏകദേശം 30 ശതമാനവും ഉള്‍പ്പെടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തുകയാണ്. പല ഹോം ഡെവലപ്പേഴ്‌സും വായ്പ തിരിച്ചടയ്ക്കാനാവാത്ത സ്ഥിതിയിലാണ്.
നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പോള്‍ ക്രൂഗ്മാന്റെ അഭിപ്രായത്തില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മോശം നേതൃത്വമാണ് ചൈനയുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രധാന കാരണം. അദ്ദേഹത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകള്‍ സ്വകാര്യ സംരംഭങ്ങളെ ഞെരുക്കത്തിലാക്കി. ചൈനയുടെ നിലവിലെ സാമ്പത്തിക മാതൃക സുസ്ഥിരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യങ്ങള്‍ക്ക് കുറഞ്ഞ പലിശ നല്‍കുകയും വേണ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുകയും ചെയ്യുന്ന തന്ത്രം സ്വീകരിച്ചത് കുടുംബങ്ങളുടെ വരുമാനവും ചെലവിടല്‍ ശേഷിയും കുറയ്ക്കുകയാണ്.
ജനസംഖ്യ കുറയുന്നു
ജനസംഖ്യയുടെ കാര്യത്തില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. ജനസംഖ്യ കുറഞ്ഞുവരുന്നു. ഇതേ പ്രവണതയ്ക്ക് ആക്കം കൂടുകയും ചെയ്യുന്നു. ജനന നിരക്ക് കുറയുന്നതിനനുസരിച്ച് ജനസംഖ്യയുടെ ശരാശരി പ്രായം കൂടിക്കൊണ്ടിരിക്കുന്നു. 2100 ഓടെ ചൈനയുടെ ജനസംഖ്യ ഇപ്പോഴത്തെ 1.4 ശതകോടിയില്‍ നിന്ന് 52.5 കോടിയായി ചുരുങ്ങുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഷാങ്ഹായ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഗവേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ 2100 ഓടെ ചൈനയിലെ തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള ജനസംഖ്യ 21 കോടിയായി കുറയുമെന്ന് പറയുന്നു. ഈ പ്രായത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന 2014ലെ സംഖ്യയുടെ അഞ്ചിലൊന്ന് മാത്രമാണിത്. അത് സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സങ്കല്‍പ്പിച്ചു നോക്കുക!
ഇത് ചൈനയുടെ മാത്രം പ്രശ്‌നമല്ല. അവരുടെ സാമ്പത്തിക സാങ്കേതിക ശക്തി സമാനതകളില്ലാത്തത് ആണെന്നതിനാല്‍ അത് എല്ലാവരെയും ബാധിക്കും.


(This article was originally published in Dhanam Magazine February 15th issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it