ചൈനയ്ക്ക് സ്വര്‍ണമടിച്ചു! കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വലിയ ശേഖരം

900 ടണ്‍ വരുന്ന ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈന്‍ ആണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ശേഖരം

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണശേഖരം ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹുനാന്‍ പ്രവിശ്യയിലെ പിന്‍ജിയാങ്ങ് കൗണ്ടിയിലാണ് ഏകദേശം 1,000 മെട്രിക് ടണ്‍ ശേഖരം കണ്ടെത്തിയത്. ഉയര്‍ന്ന ഗുണനിലവാരമുള്ളതാണ് ഇതെന്ന് ജിയോളജിക്കല്‍ ബ്യൂറോയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 70 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് ഈ സ്വര്‍ണശേഖരം.

900 ടണ്‍ വരുന്ന ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈന്‍ ആണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ശേഖരം. ഈ റിക്കാര്‍ഡ് മറികടക്കാന്‍ ചൈനയിലെ ശേഖരത്തിനായി. രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ വരെ സ്വര്‍ണത്തിന്റെ സാന്നിധ്യമുള്ളതായാണ് ചൈനീസ് അവകാശവാദം.

രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ 40 സ്വര്‍ണ സിരകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മാത്രം 300 മെട്രിക് സ്വര്‍ണം അടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. ഓരോ മെട്രിക് ടണ്‍ അയിരില്‍ നിന്നും 138 ഗ്രാം വരെ സ്വര്‍ണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഭൂഗര്‍ഭ ഖനികളില്‍ നിന്നുള്ള അയിരില്‍ 8 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെങ്കില്‍ അത് ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കും.

ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകും

വലിയ തോതില്‍ സ്വര്‍ണശേഖരം കണ്ടെത്തിയത് ചൈനയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 2024ല്‍ 2,000 ടണ്ണിലധികം കരുതല്‍ ശേഖരം ഉള്ള ചൈനയ്ക്ക് ഇപ്പോള്‍ തന്നെ ലോകത്തിലെ സ്വര്‍ണ വിപണിയില്‍ ആധിപത്യമുണ്ട്. ലോകത്ത് സ്വര്‍ണ ഉത്പാദന രാജ്യങ്ങളില്‍ മുന്നിലാണ് ചൈന. ഇപ്പോള്‍ തന്നെ ആകെ ഉത്പാദനത്തിന്റെ 10 ശതമാനം ചൈനയില്‍ നിന്നാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ചൈന സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുമുണ്ട്.
Related Articles
Next Story
Videos
Share it