2023 ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകള്‍: ഇന്ത്യയുടെ സ്ഥാനം അറിയാം

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ 59 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനത്തോടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് 85-ാം സ്ഥാനത്തെത്തിയതായി ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക. 2022-ല്‍ 83-ാം സ്ഥാനത്തിയിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് രണ്ട് സ്ഥാനം പിന്നോട്ട് പോയി. 193 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനത്തോടെ ജപ്പാന്റെ പാസ്പോര്‍ട്ടാണ് ലോകത്ത് ഒന്നാമനായി തുടരുന്നത്. ദക്ഷിണ കൊറിയയും സിംഗപ്പൂരുമാണ് രണ്ടാം സ്ഥാനത്ത്.

ജര്‍മ്മനിയും സ്‌പെയിനും റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ്. യുകെയും യുഎസും യഥാക്രമം 187, 186 സ്‌കോറുകളോടെ 6, 7 സ്ഥാനങ്ങളില്‍ തുടരുന്നു. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ഏറ്റവും മോശം പാസ്പോര്‍ട്ട് അഫ്ഗാനിസ്ഥാന്റെ പാസ്പോര്‍ട്ടാണ്. ഇന്ത്യയുടെ കാര്യത്തില്‍ നേരത്തെ 2019, 2020, 2021, 2022 വര്‍ഷങ്ങളില്‍ രാജ്യം യഥാക്രമം 82, 84, 85, 83 സ്ഥാനങ്ങളിലായിരുന്നു.

ഒരു പാസ്പോര്‍ട്ടിന്റെ ശക്തി അതിന്റെ ഉടമകള്‍ക്ക് വിദേശ വിപണികളിലേക്കും പല സമ്പദ് വ്യവസ്ഥകളിലേക്കും കൂടുതല്‍ പ്രവേശനവും മൊബിലിറ്റിയും നല്‍കുമെന്നാണ് പറയുന്നത്. ലോകമെമ്പാടുമുള്ള പാസ്പോര്‍ട്ടുകളില്‍ വെറും 6 ശതമാനം മാത്രമാണ് തങ്ങളുടെ ഉടമകള്‍ക്ക് ആഗോള സമ്പദ് വ്യവസ്ഥയുടെ 70 ശതമാനത്തിലധികം വിസ രഹിത പ്രവേശനം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 17 ശതമാനം രാജ്യങ്ങള്‍ മാത്രമാണ് തങ്ങളുടെ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ലോകത്തെ 227 ലക്ഷ്യസ്ഥാനങ്ങളില്‍ അഞ്ചില്‍ നാലിലധികവും വിസയില്ലാതെ പ്രവേശനം നല്‍കുന്നത്.

2023-ല്‍, മൂന്ന് വര്‍ഷത്തെ സ്തംഭനാവസ്ഥയ്ക്ക് ശേഷം രാജ്യങ്ങള്‍ തുറക്കുന്നുണ്ടെന്നും ഇത് അന്താരാഷ്ട്ര യാത്രകള്‍ റെക്കോര്‍ഡ് തലത്തിലേക്ക് ഉയരുന്നതിന് കാരണമായെന്നും ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് അഡൈ്വസറി ബോര്‍ഡ് അംഗം പരാഗ് ഖന്ന പറഞ്ഞു. കൂടാതെ പല രാജ്യങ്ങളും നോമാഡ് വിസ അല്ലെങ്കില്‍ ഗോള്‍ഡന്‍ വിസ സ്‌കീമുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍കൂര്‍ വിസയില്ലാതെ ഉടമകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് ലോകത്തെ എല്ലാ പാസ്പോര്‍ട്ടുകളുടെയും റാങ്കിംഗ് രേഖപ്പെടുത്തുന്ന സൂചികയാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക.

Related Articles
Next Story
Videos
Share it