ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്: ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം

പട്ടികയില്‍ ഏറ്റവും പിന്നില്‍ അഫ്ഗാനിസ്ഥാന്‍
Image courtesy : canva
Image courtesy : canva
Published on

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ റാങ്കിംഗ് മുന്നേറ്റം നടത്തി ഇന്ത്യ. പട്ടികയില്‍ 62 രാജ്യങ്ങളില്‍ വീസ രഹിത പ്രവേശനത്തോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 80-ാം സ്ഥാനത്തെത്തിയതായി ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക. 2023ല്‍ ഇന്ത്യ 85-ാം സ്ഥാനത്തിയിരുന്നു. നിലവിലെ റാങ്ക് ഇന്ത്യ ഉസ്ബെക്കിസ്ഥാനുമായി പങ്കിടുന്നുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ നേരത്തെ 2019, 2020, 2021, 2022, 2023 വര്‍ഷങ്ങളില്‍ ഇന്ത്യ  യഥാക്രമം 82, 84, 85, 83, 85 സ്ഥാനങ്ങളിലായിരുന്നു. 

മുന്നില്‍ ആറ് രാജ്യങ്ങള്‍

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ 2024ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുമായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ ആറ് രാജ്യങ്ങളാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 194 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനാനുമതിയുള്ളവയാണ് ഈ രാജ്യങ്ങള്‍. 193 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പ്രവേശിക്കാന്‍ അനുമതിയുള്ള ഫിന്‍ലന്‍ഡും സ്വീഡനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്.

പിന്നില്‍ അഫ്ഗാനിസ്ഥാന്‍

ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തെത്തി. 192 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനാനുമതി ഈ രാജ്യങ്ങൾക്കുണ്ട്. 28 രാജ്യങ്ങളിലേക്ക് മാത്രം വീസ രഹിത പ്രവേശനാനുമതിയോടെ അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ 104-ാം സ്ഥാനത്തായി ഏറ്റവും പിന്നിലുള്ളത്.

യാത്രക്കാര്‍ക്ക് വീസ രഹിതമായി എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം 2006ലെ 58ല്‍ നിന്ന് 2024ല്‍ 111ലേക്ക് ഇരട്ടിയായി വര്‍ധിച്ചു. മുന്‍കൂര്‍ വീസയില്ലാതെ ഉടമകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് ലോകത്തെ എല്ലാ പാസ്‌പോര്‍ട്ടുകളുടെയും റാങ്കിംഗ് രേഖപ്പെടുത്തുന്ന സൂചികയാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഡേറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com