മസ്ക്, അംബാനി, അദാനി: വിപണിയിടിവ് മൂലം കോടീശ്വരന്മാർക്ക് നഷ്ടം 50,000 കോടി ഡോളറിലധികം, ട്രംപിനെ പിന്തുണച്ചവര്‍ക്കും 'കൈപൊളളി'

സമ്പത്ത് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ മുൻപന്തിയിൽ ട്രംപിന്റെ പ്രധാന വിശ്വസ്തരില്‍ ഒരാളായ എലോൺ മസ്‌ക്
musk, muskesh ambani
Image courtesy: Canva
Published on

കഴിഞ്ഞയാഴ്ച ഡൊണാൾഡ് ട്രംപ് 180 രാജ്യങ്ങൾക്കെതിരെ തത്തുല്യ ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഉണ്ടായത് 50,000 കോടി ഡോളറിലധികം നഷ്ടം. യുഎസ് ഓഹരി വിപണികളിൽ 5 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

അടിയേറ്റവരില്‍ ട്രംപിനെ പിന്തുണച്ചവരും ഉള്‍പ്പെടുന്നു. സമ്പത്ത് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത് ട്രംപിന്റെ പ്രധാന വിശ്വസ്തരില്‍ ഒരാളായ എലോൺ മസ്‌കാണ്. 302 ബില്യൺ ഡോളറായി മസ്കിന്റെ ആസ്തി കുറഞ്ഞു. 130 ബില്യൺ ഡോളറാണ് ട്രംപിന്റെ താരിഫ് പ്രഖ്യാപനം മൂലം ഓഹരി വിപണി ഇടിഞ്ഞതോടെ ടെസ്‌ല, സ്‌പേസ് എക്‌സ്, സമൂഹ മാധ്യമമായ എക്‌സ് തുടങ്ങിയവയുടെ ഉടമയായ മസ്കിന് ഉണ്ടായത്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനാണ് രണ്ടാമത്തെ വലിയ നഷ്ടമുണ്ടായത്. അദ്ദേഹത്തിന്റെ ആസ്തി 45.2 ബില്യൺ ഡോളർ കുറഞ്ഞ് 193 ബില്യൺ ഡോളറിലെത്തിയതായി ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇന്‍ഡെക്സ് വ്യക്തമാക്കുന്നു. ആൽഫബെറ്റ് സഹസ്ഥാപകൻ ലാറി പേജിന് 34.6 ബില്യൺ ഡോളറാണ് നഷ്ടമായത്. ഫേസ്ബുക്ക്, മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗിന് 28.1 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി.

എലോൺ മസ്‌ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് , ലാറി എലിസൺ, ആപ്പിളിന്റെ ടിം കുക്ക് തുടങ്ങിയവർ ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകിയവരാണ്. തത്തുല്യ ചുങ്ക പ്രഖ്യാപനം മൂലം ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ഇവര്‍ക്കായത് ട്രംപിന്റെ പാളയത്തിലുളളവരെ അസ്വസ്ഥമാക്കുന്നതാണ്.

അംബാനിയും അദാനിയും

ഓഹരി വിപണിയിലെ വന്‍ ഇടിവ് മൂലം മുകേഷ് അംബാനി, ഗൗതം അദാനി, സാവിത്രി ജിൻഡാലും കുടുംബവും, ശിവ് നാടാർ തുടങ്ങിയവരുടെ മൊത്തം ആസ്തിയിൽ 1,030 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ ആസ്തി 3.6 ബില്യൺ ഡോളർ കുറഞ്ഞ് 87.7 ബില്യൺ ഡോളറിലെത്തി. ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ ഗൗതം അദാനിയുടെ ആസ്തി 3 ബില്യൺ ഡോളർ കുറഞ്ഞ് 57.3 ബില്യൺ ഡോളറായി.

ഇന്ത്യയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 45-ാം സ്ഥാനത്തുമുള്ള സാവിത്രി ജിൻഡാലും കുടുംബവും ആസ്തിയില്‍ 2.2 ബില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടു, അവരുടെ ആസ്തി 33.9 ബില്യൺ ഡോളറായി കുറഞ്ഞു. ശിവ് നാടാറിന്റെ ആസ്തി 1.5 ബില്യൺ ഡോളർ കുറഞ്ഞ് 30.9 ബില്യൺ ഡോളറായി.

കോടീശ്വരന്മാർക്ക് കൂടുതൽ നികുതി ചുമത്തുമെന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന കമലാ ഹാരിസിന്റെ പ്രഖ്യാപനം നടപ്പാക്കിയാല്‍ പോലും സമ്പന്നര്‍ക്ക് ഇത്ര ക്ഷീണം സംഭവിക്കില്ലായിരുന്നു എന്ന അഭിപ്രായവും ഇതോടൊപ്പം ഉയരുന്നു. 100 മില്യൺ ഡോളറിൽ കൂടുതലുള്ളവര്‍ക്ക് മൊത്തം വരുമാനത്തിന്റെ 25 ശതമാനം കുറഞ്ഞ നികുതിയെന്ന വെൽത്ത് ടാക്സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് കമല മുന്നോട്ടുവെച്ചത്. ഇത് നടപ്പാക്കിയിരുന്നെങ്കില്‍ ഇവര്‍ക്ക് രണ്ട് ദിവസത്തിനുള്ളിൽ 500 ബില്യൺ ഡോളര്‍ നഷ്ടപ്പെടുന്നതിന് പകരം പ്രതിവർഷം 36 ബില്യൺ ഡോളർ മാത്രമേ ചെലവാകുമായിരുന്നുള്ളൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com