ഉയരം ഒരു കിലോമീറ്റര്‍! ബുര്‍ജ് ഖലീഫയുടെ റെക്കോഡ് തിരുത്താന്‍ ജിദ്ദ ടവര്‍; പണി വീണ്ടും തുടങ്ങി

ഒരു കിലോമീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന സൗദി അറേബ്യയിലെ ജിദ്ദ ടവറിന്റെ നിര്‍മാണം ഏഴ് വര്‍ഷത്തിന് ശേഷം ഔദ്യോഗികമായി പുനരാരംഭിച്ചു. പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന ബഹുമതി സ്വന്തമാക്കുന്ന ജിദ്ദ ടവറിന്റെ നിര്‍മാണം സൗദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ മുടങ്ങുകയായിരുന്നു. പുതിയ പദ്ധതി അനുസരിച്ച് 2028ല്‍ പണി തീര്‍ക്കാനാകുമെന്നാണ് ടവറിന്റെ നിര്‍മാതാക്കളായ ജിദ്ദ ഇക്കണോമിക് കമ്പനി (ജെ.ഇ.സി)യുടെ പ്രതീക്ഷ.
നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ടുപോകുന്നതിനിടെ 2017ലാണ് ജിദ്ദ ടവറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഏഴ് പേരെ സൗദി ഭരണകൂടം അഴിമതി കേസില്‍ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് ശേഷവും നിര്‍മാണം തുടര്‍ന്നെങ്കിലും 2018ല്‍ പ്രതിസന്ധിയിലായി. പിന്നാലെ വന്ന സാമ്പത്തിക മാന്ദ്യപേടിയും കോവിഡ് മഹാമാരിയും പദ്ധതിയെ കൂടുതല്‍ പതുക്കെയാക്കി. എന്നാല്‍ അഴിമതി കേസില്‍ അറസ്റ്റിലായവരില്‍ പ്രധാനിയും സൗദി രാജകുമാരന്‍ അല്‍വലീദ് അല്‍ തലാല്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതിക്ക് വീണ്ടും പുതുജീവന്‍ നല്‍കുകയായിരുന്നു.

15,969 കോടിയുടെ കരാര്‍ ബിന്‍ ലാദന്‍ ഗ്രൂപ്പിന്

സൗദിയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബിന്‍ ലാദന്‍ ഗ്രൂപ്പിനാണ് ടവറിന്റെ നിര്‍മാണ ചുമതല. 2017ലെ അഴിമതി വിരുദ്ധ ക്യാംപയിനില്‍ ബിന്‍ ലാദന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബക്കര്‍ ബിന്‍ ലാദനും അറസ്റ്റിലായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്. ഇസ്‌ലാമിക തീവ്രവാദ സംഘടനയായ അല്‍ ഖ്വയിദയുടെ നേതാവ് ഒസാമ ബിന്‍ ലാദന്റെ അര്‍ധ സഹോദരനാണ് ബക്കര്‍. സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം പുതിയ നിര്‍മാണ കരാറിന് 7.2 ബില്യന്‍ സൗദി റിയാലാണ് (ഏകദേശം 15,969 കോടി രൂപ) ലാദന്‍ ഗ്രൂപ്പിന് നല്‍കിയത്. 157 നിലയുള്ള കെട്ടിടത്തിന്റെ 63 നിലകളും ഇതിനോടകം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

ബുര്‍ജ് ഖലീഫയേക്കാള്‍ പൊക്കം

നേരത്തെ കിംഗ്ഡം ടവര്‍ എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിന്റെ നിര്‍മാണം 2013ലാണ് തുടങ്ങിയത്. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ 500 അടി പൊക്കം കൂടുതലായിരിക്കുമെന്നായിരുന്നു പ്രതീക്ഷ. ഓഫീസുകളും ഷോപ്പിംഗ് മാളുകളും താമസ സൗകര്യങ്ങളും അടങ്ങിയ വിപുലമായ പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തത്. സൗദി വാണിജ്യ തലസ്ഥാനമായ ജിദ്ദയില്‍ ചെങ്കടലിന് അഭിമുഖമായി ഉയരക്കെട്ടിടം പണിയാനുള്ള പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയിരുന്നു. ഹോട്ടല്‍, ഷോപ്പിംഗ് മാള്‍, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഒബ്‌സര്‍വേഷന്‍ ഡെക്ക് എന്നിവയായിരുന്നു ആദ്യഘട്ടത്തില്‍ ആലോചിച്ചത്. അമേരിക്കന്‍ ആര്‍ക്കിടെക്ടായ അഡ്രിയാന്‍ സ്മിത്തിനെ വരുത്തി കെട്ടിടത്തിന്റെ രൂപകല്‍പ്പനയും പൂര്‍ത്തിയാക്കി. ഇത്രയും ഉയരത്തില്‍ കെട്ടിടം പണിയുമ്പോഴുണ്ടാകുന്ന പലവിധ വെല്ലുവിളികളെയും അതിജീവിച്ചാണ് അഡ്രിയാന്‍ ഡിസൈന്‍ പൂര്‍ത്തിയാക്കിയത്. 59 എലവേറ്ററുകളുള്ള ജിദ്ദ ടവര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച എസ്‌കവേറ്റര്‍ സംവിധാനമുള്ള കെട്ടിടമായിരിക്കും.

സൗദി ടൂറിസത്തിന് പുത്തനുണര്‍വാകും

57 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 20 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ചെലവിട്ട് പണിയുന്ന ജിദ്ദ ഇക്കണോമിക് സിറ്റിയുടെ പ്രധാന ആകര്‍ഷണമാകും ജിദ്ദ ടവര്‍. പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള കവാടമായ ജിദ്ദയുടെ മുഖം മാറ്റുന്ന പദ്ധതിയാണ് ജിദ്ദ ടവറെന്നാണ് ജെ.ഇ.സിയുടെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറായിരുന്ന ഹിഷാം ജുമാ 2018ല്‍ പ്രതികരിച്ചത്. എണ്ണ വരുമാനം കുറച്ച് ബദല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള സൗദിയുടെ വിഷന്‍ 2030 പദ്ധതിയുടെ പ്രതീകം കൂടിയാകും ജിദ്ദ ടവര്‍. ഏഴ് നിലകള്‍ പൂര്‍ണമായും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി മാറ്റിവയ്ക്കും. 121 ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി 11 നിലകളും ഓഫീസുകള്‍ക്കായി ഏഴെണ്ണവും നല്‍കും. ഹൗസിംഗ് യൂണിറ്റുകള്‍, ജിം, സ്പാ, കഫേ, റെസ്റ്റോറന്റുകള്‍, ആകാശ ലോബികള്‍ തുടങ്ങി ലോകത്തെങ്ങുമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പലതും ജിദ്ദ ടവറിലുണ്ടാകും.
Related Articles
Next Story
Videos
Share it