₹1.45 ലക്ഷത്തിന് ഹൈബ്രിഡ് വണ്ടി! 155 സി.സിയില്‍ രാജ്യത്തെ ആദ്യ ഹൈബ്രിഡ് ബൈക്കായി എഫ്.സി, പ്രത്യേകതകള്‍ എന്തൊക്കെ?

കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പുനല്‍കുന്ന വാഹനമാണിത്
yamaha fz s hybrid
yamaha
Published on

155 സിസി വിഭാഗത്തില്‍ രാജ്യത്തെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി യമഹ മോട്ടോര്‍സ്. എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന വാഹനത്തിന് 1,44,800 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനമാണിത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒ.ബി.ഡി.2ബി സംവിധാനത്തോടെയാണ് വാഹനം എത്തിയിരിക്കുന്നത്.

നിലവില്‍ വിപണിയിലുള്ള എഫ്.സിയില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും വാഹനത്തില്‍ വരുത്തിയിട്ടില്ല. എന്നാല്‍ മുന്നിലെ ഇന്‍ഡിക്കേറ്ററുകള്‍ എയര്‍ ഇന്‍ടേക്ക് ഏരിയയിലേക്ക് മാറ്റിയിട്ടുണ്ട്. ദീര്‍ഘദൂര യാത്രകളെ കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ ഹാന്‍ഡില്‍ ബാര്‍ പൊസിഷന്‍ ഒപ്ടിമൈസ് ചെയ്യുകയും സ്വിച്ചുകളുടെ പൊസിഷന്‍ ക്രമീകരിക്കുകയും ചെയ്തതാണ് പ്രധാന മാറ്റം. റൈഡിംഗ് ഗ്ലൗസുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോള്‍ ആയാസം കുറക്കാനായാണ് സ്വിച്ചുകളുടെ സ്ഥാനം മാറ്റിയതെന്നാണ് കമ്പനിയുടെ വിശദീകണം. വൈ കണക്ട് ആപ്പുകള്‍ വഴി സ്മാര്‍ട്ട്ഫോണ്‍ കണക്ട് ചെയ്യാന്‍ 4.5 ഇഞ്ച് ഫുള്‍ കളര്‍ ടി എഫ് ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഒപ്പം ഗൂഗിള്‍ മാപ്പുമായി ലിങ്ക് ചെയ്തിട്ടുള്ള ടേണ്‍ ബൈ ടേണ്‍ (റ്റി ബി റ്റി) നാവിഗേഷന്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. റേസിംഗ് ബ്ലൂ, സിയാന്‍ മെറ്റാലിക് ഗ്രേ എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാകും.

സാങ്കേതിക മാറ്റം എങ്ങനെ

യമഹയുടെയും ടി.വി.എസിന്റെയും ചില സ്‌കൂട്ടറുകളില്‍ ഉപയോഗിച്ചിരിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയാണ് പുതിയ എഫ്.സി എസിലുമുള്ളത്. മികച്ച ഇന്ധനക്ഷമത നല്‍കാന്‍ ശേഷിയുള്ള സാങ്കേതിക വിദ്യയാണിത്. സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍, സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവയാണ് പുതുതായി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പതിവിലും സൈലന്റായുള്ള സ്റ്റാര്‍ട്ടിംഗ്, ബാറ്ററി സഹായത്തോടെയുള്ള അതിവേഗ ആക്‌സിലറേഷന്‍, ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. വാഹനം ട്രാഫിക് സിഗ്നലുകളിലും മറ്റും നിറുത്തുമ്പോള്‍ ഉടന്‍ തന്നെ എഞ്ചിന്‍ ഓഫ് ആവുകയും ക്ലച്ച് പിടിക്കുമ്പോള്‍ ഓണ്‍ ആവുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ ഇന്ധനക്ഷമ ഉറപ്പാക്കാന്‍ കഴിയും.

എത്ര മൈലേജ് കിട്ടും

ഇപ്പോള്‍ വിപണിയിലുള്ള 149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് എസ്.ഒ.എച്ച്.സി എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. 12.23 ബി.എച്ച്.പി കരുത്തും 13.3 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന എഞ്ചിനാണിത്. ഹൈബ്രിഡ് മോഡലിന് എത്ര മൈലേജ് ലഭിക്കുമെന്നതിനെക്കുറിച്ച് കമ്പനി ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. ഇന്ത്യയിലെ യമഹയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ബ്രാന്‍ഡാണ് എഫ്.സിയെന്നും ഹൈബ്രിഡ് ടെക്നോളജി അവതരിപ്പിക്കുന്നതിലൂടെ മികച്ച പെര്‍ഫോമന്‍സ് ഉറപ്പു നല്‍കുക മാത്രമല്ല മറ്റ് നിരവധി പുതുമകള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഇറ്റാരു ഒട്ടാനി പറഞ്ഞു. ബജാജ് പള്‍സര്‍ എന്‍.എസ് 160, ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 തുടങ്ങിയ ബൈക്കുകളായിരിക്കും ഹൈബ്രിഡ് എഫ്.സിയുടെ പ്രധാന എതിരാളികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com