Begin typing your search above and press return to search.
വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായാല്‍ യാത്രക്കാര്‍ എന്തു ചെയ്യണം?
വിമാനത്തിന് ബോംബ് ഭീഷണി -ഇന്നത്തേതു കൂടി ചേര്‍ത്ത് ഒരാഴ്ചക്കുള്ളില്‍ ഭീഷണി സന്ദേശങ്ങളുടെ എണ്ണം ചുരുങ്ങിയത് 20 ആയി. അന്വേഷണ ഏജന്‍സികള്‍ക്ക്, വിമാന കമ്പനികള്‍ക്ക്, യാത്രക്കാര്‍ക്ക്, എല്ലാവര്‍ക്കും ഇത് ഉയര്‍ത്തുന്ന ആശങ്കയും പൊല്ലാപ്പും ചെറുതല്ല. വ്യാജമാകാം, കുസൃതിയാകാം. എങ്കില്‍ പോലും ഭീഷണി സന്ദേശങ്ങള്‍ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഭീഷണിയോട് എങ്ങനെ പ്രതികരിക്കണമെന്ന് അധികൃതര്‍ക്ക് വ്യക്തമായ പ്രോട്ടോക്കോള്‍ ഉണ്ട്. അതനുസരിച്ച് പല വിധത്തില്‍ അന്വേഷണം നടന്നു വരുന്നു. അത് അധികൃതരുടെ ചുമതല. ഇത്തരം ഭീഷണി സന്ദേശങ്ങളോട് ഒരു യാത്രക്കാരന്‍ എങ്ങനെ പ്രതികരിക്കണം?
വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായാല്‍ സ്വാഭാവികമായും യാത്ര വൈകും. നിരവധി പരിശോധനകള്‍ ഉണ്ടാവും. നിശ്ചിത സമയത്ത് ഉദ്ദേശിച്ച സ്ഥലത്ത് എത്താന്‍ കഴിയാതെ വരും. കാത്തുനില്‍പും താമസവുമെല്ലാം പ്രശ്‌നമാകും. ഇത്തരത്തില്‍ പലവിധ പ്രശ്‌നങ്ങളാണ് ഉണ്ടാവുക. വിമാനത്തില്‍ കയറിയ ശേഷമാണെങ്കില്‍ പരിഭ്രാന്തി എത്രയോ ഇരട്ടിക്കുന്നു. പറക്കുന്നതിനിടയിലാണ് ഭീഷണി വിവരം എത്തുന്നതെങ്കില്‍ വിമാനം ഏറ്റവുമടുത്ത വിമാനത്താവളത്തില്‍ ഇറക്കുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി യാത്രക്കാരെ ഇറക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷ ഏജന്‍സികളും വിമാന ജീവനക്കാരുമായി അങ്ങേയറ്റം സഹകരിക്കുകയാണ് യാത്രക്കാര്‍ ചെയ്യേണ്ടത്.
നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല
വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കുമ്പോള്‍ ബഹളവും തിക്കിത്തിരക്കും പാടില്ല. ശാന്തമായിരിക്കാന്‍ സംയമനം കാണിക്കണം. ഊഹാപോഹങ്ങള്‍ക്ക് ചെവി കൊടുക്കരുത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം. ലഗേജ് വഴിമുടക്കിയാകരുത്. സംശയകരമായി പെരുമാറുന്നവരെ ശ്രദ്ധിക്കുകയും അത് അധികൃതരെ അറിയിക്കുകയും വേണം. വാഷ്‌റൂമിലും മറ്റും സംശയകരമായ എന്തെങ്കിലും വസ്തുക്കള്‍ കണ്ടാല്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തണം.
വിമാനത്തിന് ഭീഷണി ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല. വിമാനക്കമ്പനിയുടെ സേവന പരിധിക്കപ്പുറത്തെ കാര്യമാണ് നടന്നത്. അന്വേഷണ ഏജന്‍സികളുടെ പരിശോധനകള്‍ പൂര്‍ത്തിയാകാതെ ബാഗേജ് കിട്ടില്ല. ഭീഷണിയുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷണം, ഹോട്ടല്‍ മുറി തുടങ്ങിയ സൗകര്യങ്ങള്‍ക്കുള്ള അര്‍ഹത. വിമാനക്കമ്പനികള്‍ക്കും വലിയ അധികച്ചെലവും തലവേദനയുമാണ് ഓരോ ഭീഷണിയും വരുത്തിവെക്കുന്നത്.
Next Story
Videos