Begin typing your search above and press return to search.
വീടുപണിയാന്‍ ഇനി പണം കേന്ദ്രം തരും; 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ; വമ്പന്‍ പദ്ധതിയുമായി മോദി
വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ അലട്ടുന്ന പ്രശ്‌നമാണ് സാമ്പത്തികം. ഹോം ലോണുകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതിനെല്ലാം വലിയ പലിശയാണ്. വലിയ ബാധ്യതയിലേക്ക് കുടുംബങ്ങളെ നയിക്കുകയും ചെയ്യും ഇത്തരം വായ്പകള്‍. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ട്.
സാധാരണക്കാര്‍ക്ക് യാതൊരുവിധ ജാമ്യവുമില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക ക്രയവിക്രയം വര്‍ധിപ്പിക്കാനും പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
30 വര്‍ഷം വരെ തിരിച്ചടവ്
അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായേക്കും. വായ്പ അനുവദിച്ച ശേഷം തിരിച്ചടവിന് 30 വര്‍ഷം വരെ സാവകാശം ലഭിക്കും. കുറഞ്ഞ തവണവ്യവസ്ഥയില്‍ കൂടുതല്‍ കാലാവധി ലഭിക്കുന്നത് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഗുണകരമാണ്. നഗര ഭവന നിര്‍മാണത്തിന് മിതമായ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് പലിശ സബ്‌സിഡി പദ്ധതി ഉണ്ടാകുമെന്ന് ബജറ്റിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉറപ്പു നല്‍കിയിരുന്നു.
പദ്ധതിക്ക് കീഴില്‍ യോഗ്യമായ വരുമാനം, തുല്യമായ പ്രതിമാസ ഗഡു, അറ്റ പ്രതിമാസ വരുമാന അനുപാതം തുടങ്ങിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ധനകാര്യ, ഭവന, നഗരകാര്യ മന്ത്രാലയങ്ങള്‍ നാഷണല്‍ ഹൗസിങ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരുന്നുവെന്നാണ് വിവരം. ചര്‍ച്ചയില്‍ ധാരണയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും.
പ്രധാന്‍മന്ത്രി ആവാസ് യോജന 2.0 എന്നൊരു പദ്ധതിയും കേന്ദ്രത്തിന്റേതായി നിലവിലുണ്ട്. പി.എം.എ.വൈ-യു പദ്ധതിയില്‍പ്പെടുത്തി ഒരു കോടി ഭവനങ്ങളുടെ നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കും. വീട് വാങ്ങിക്കുന്നതിനൊപ്പം വാടക കൊടുക്കുന്നതിനും ഈ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരങ്ങളിലെ മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യംവച്ചാണ് ഈ പദ്ധതി. അഞ്ചുവര്‍ഷത്തേക്ക് 10 ലക്ഷം കോടി രൂപയാണ് ഭവന നിര്‍മാണ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. 2.30 ലക്ഷം കോടി രൂപ ഈ പദ്ധതിയിലൂടെ സബ്സിഡിയായി നല്‍കും.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങളുടെ പ്രതിഷേധം ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. ഗ്രാമീണ ഇന്ത്യയ്ക്കൊപ്പം മധ്യവര്‍ഗ സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിനു പിന്നിലുണ്ട്. മൂന്നാം മോദി സര്‍ക്കാര്‍ രാജ്യത്തെ ഇടത്തരക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന വിലയിരുത്തലുകള്‍ സാധൂകരിക്കുന്നതാണ് പുതിയ പദ്ധതികള്‍.
Next Story
Videos