Begin typing your search above and press return to search.
സ്റ്റീവ് ജോബ്സിന്റെ ഈ കഴിവ് നിങ്ങള്‍ക്കും പകര്‍ത്താം
ആപ്പിൾ (Apple) കമ്പ്യൂട്ടേഴ്‌സ് സ്ഥാപകനായ സ്റ്റീവ് ജോബ്‌സും (Steve Jobs) സംഘവും 1970കളുടെ അവസാനം Xerox PARC എന്ന കമ്പനിയില്‍ സന്ദര്‍ശനം നടത്തി. ഇതിനിടയില്‍ ഈ കമ്പനി വികസിപ്പിച്ചിരുന്ന ഗ്രാഫിക് യൂസര്‍ ഇന്റര്‍ഫേസ് (Graphic user interface) എന്ന സാങ്കേതികവിദ്യയെ കുറിച്ച് അദ്ദേഹം മനസിലാക്കി. പുറത്തിറങ്ങിയ അദ്ദേഹം തന്റെ ടീം അംഗങ്ങളോട് ആദ്യമായി പറഞ്ഞത് നമുക്ക് ഈ പുതിയ സാധ്യതയെക്കുറിച്ച് മുഴുവന്‍ ഗവേഷണവും നടത്തണം എന്നാണ്.
ഈ തീരുമാനം കമ്പനിയെ തകര്‍ക്കും
മില്യണ്‍ കണക്കിന് ഡോളറുകള്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് ഗവേഷണത്തിനായി ചെലവാക്കി കഴിഞ്ഞിരുന്ന ആപ്പിളിലെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞത് ഈ തീരുമാനം നമ്മുടെ കമ്പനിയെ തകര്‍ക്കും എന്നായിരുന്നു.
ഇതിന് സ്റ്റീവ് ജോബ്‌സ് കൊടുത്ത മറുപടി ഇങ്ങനെ: ''ചില സന്ദര്‍ഭങ്ങളില്‍ പുറമേ നിന്നുള്ള ഒന്ന് നമ്മെ തകര്‍ക്കുന്നതിനേക്കാള്‍ നമ്മള്‍ തന്നെ അത് ചെയ്യുന്നതാണ് ഉചിതം''. അദ്ദേഹം ആ തീരുമാനവുമായി മുന്നോട്ടുപോവുകയും വലിയ വിജയത്തിലേക്ക് എത്തുകയും ചെയ്തു. മറുഭാഗത്ത് Xerox PARC ആ സാങ്കേതികവിദ്യയെ കാര്യമായി പിന്തുടര്‍ന്നുമില്ല. കമ്പനിയുടെ അടിസ്ഥാന ബിസിനസായ ഫോട്ടോ കോപ്പിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അവരുടെ തീരുമാനം. ഈ കമ്പനി പിന്നീട് വലിയ വിജയത്തിലേക്ക് എത്തിയില്ല എന്നതും ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മാറ്റത്തോട് പൊരുത്തപ്പെടുക
മാറുന്ന സാഹചര്യങ്ങളോട് വേഗം പൊരുത്തപ്പെടാനും വഴക്കത്തോടെ പ്രവര്‍ത്തിക്കാനും സാധിക്കുന്നു എന്നുള്ളതാണ് സ്റ്റാര്‍ട്ടപ്പുകളുടെ ഗുണം. കാരണം ഈ സംരംഭകര്‍ മിക്കപ്പോഴും ചെറുപ്പവും നിലവിലുള്ള ബിസിനസ് രീതികളില്‍ നിന്ന് മാറ്റങ്ങള്‍ തേടുന്നവരുമാണ്. അനുഭവസമ്പത്തില്ലാത്തതും മറ്റും പലപ്പോഴും ഇത്തരം സംരംഭങ്ങള്‍ക്ക് തിരിച്ചടിയാകാറുണ്ടെങ്കിലും മാറ്റങ്ങളെ വഴക്കത്തോടെ സ്വീകരിക്കാന്‍ ഇവര്‍ തയാറാകുന്നു.
പെട്ടെന്ന് തീരുമാനങ്ങള്‍ എടുത്ത് അത് നടപ്പാക്കുക എന്നതാണ് ഏതൊരു ബിസിനസിനും ആവശ്യം. തീരുമാനമെടുക്കുന്ന പ്രക്രിയ (decision making process) കൃത്യമായി നിര്‍വചിക്കുന്നതിനോടൊപ്പം അതിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കേണ്ടതാണ്.
ഉദാഹരണത്തിന്: ഒരു ഉല്‍പ്പന്നത്തിന് പെട്ടെന്ന് മാര്‍ക്കറ്റില്‍ ഒരു ശക്തമായ എതിരാളി വരുന്നു എന്നിരിക്കട്ടെ. ഉല്‍പ്പന്നത്തിന്റെ വിപണി പങ്കാളിത്തം നഷ്ടപ്പെടാതിരിക്കാനായി പെട്ടെന്നുള്ള പല തന്ത്രങ്ങളും എടുക്കേണ്ടി വന്നേക്കാം. ഉയര്‍ന്ന മാനേജ്‌മെന്റ് തലം മുതല്‍ താഴേത്തട്ടിലുള്ള ജോലിക്കാര്‍ വരെ ഉള്‍പ്പെടുന്ന ഒരു പ്രക്രിയയാണിത്. ഇതിനെ മെയ്‌വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ വളരെ കുറച്ചു സ്ഥാപനങ്ങള്‍ക്ക് മാത്രമെ സാധ്യമാകൂ.
പലതും മാറാനുണ്ട്
തീരുമാനങ്ങള്‍ എടുക്കേണ്ട രീതികള്‍ മുന്‍കൂട്ടി തയാറാക്കുമ്പോള്‍, പെട്ടെന്ന് എടുക്കേണ്ട തീരുമാനങ്ങള്‍ക്ക് പ്രത്യേകം ഒരു രീതി നിര്‍വചിക്കണം. മുന്‍കാല കീഴ്‌വഴക്കങ്ങളെ മുറുകെപ്പിടിച്ച് സ്ഥാപനത്തിന്റെ പല പ്രവര്‍ത്തനങ്ങളിലും കാലതാമസവും പ്രയാസങ്ങളും ഉണ്ടാക്കുന്ന വ്യക്തികളുണ്ട്. ഇവരെ കണ്ടെത്തി വേണ്ട തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുക. തത്സമയ വിവരം ഉപയോഗിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനു വേണ്ട അനലിറ്റിക്കല്‍ ഇന്‍പുട്ടുകള്‍ ഇന്ന് ലഭ്യമാണ്. ഇതിന് സാങ്കേതിക വിദ്യ പരമാവധി ഉപയോഗിക്കുന്നത് സഹായകരമാണ്. പരമാവധി ഫ്‌ളെക്‌സിബ്ള്‍ ആയ ജോലി സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് നൂതന ആശയങ്ങള്‍ സ്ഥാപനത്തിനുള്ളില്‍ നിന്ന് ഉടലെടുക്കുന്നതിന് വേണ്ട അന്തരീക്ഷം വളര്‍ത്താന്‍ ഉത്തമമാണ്.
പരിശ്രമം ആരംഭിക്കാം
ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെയും ചടുലതയോടെയും എന്നാല്‍ അച്ചടക്കത്തോടെയും കൃത്യതയോടെയും പ്രവര്‍ത്തിക്കുന്ന ഒരു സംരംഭം എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. മേല്‍പ്പറഞ്ഞ ചെറിയ ചുവടുവെയ്പ്പുകളോടെ അതിലേക്കുള്ള പരിശ്രമം ആരംഭിക്കാം. അത്യധികം മത്സരോന്മുഖമായ ഇന്നത്തെ ബിസിനസ് ലോകത്ത് മുന്നേറാന്‍ ഇത് ഓരോ സംരംഭങ്ങളെയും സഹായിക്കും.
(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍: reachus@hanhold.com, വെബ്സൈറ്റ്: www.hanhold.com, ഫോണ്‍: 62386 01079)
(This article originally appeared in the January 15th issue of Dhanam Business Magazine)
Next Story
Videos