യുവാക്കള്‍ക്ക് കോഹ്‌ലിയുടെ മനോഭാവം; സംരംഭം തുടങ്ങാന്‍ ഇന്ത്യ വിടുന്നതിന്റെ കാരണം വെളിപ്പെടുത്തി രഘുറാം രാജന്‍

സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ യുവാക്കള്‍ രാജ്യം വിട്ടു പുറത്തു പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. പല യുവ സംരംഭകരും ആഗ്രഹിക്കുന്നത് തങ്ങളുടെ ബിസിനസിനെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം വളര്‍ത്തണമെന്നാണ്.
ലോക മാര്‍ക്കറ്റിലേക്ക് കൂടുതലായി എത്താന്‍ സിംഗപ്പൂരിലേക്കോ സിലിക്കണ്‍വാലിയിലേക്കോ പോകാനാണ് അവര്‍ക്ക് താല്‍പര്യം. ഇങ്ങനെ പോകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നും അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിയില്‍ നടന്ന സെമിനാറില്‍ അദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ യുവ സംരംഭകര്‍ക്ക് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ മനോഭാവം ആണെന്നാണ് രഘുറാം രാജന്റെ നിരീക്ഷണം. ആര്‍ക്കും പിന്നിലായിരിക്കാന്‍ കോഹ്‌ലി ആഗ്രഹിക്കുന്നില്ല. ഇതുതന്നെയാണ് ഇന്നത്തെ യുവാക്കളുടെയും മനോഭാവം. അതുകൊണ്ട് തന്നെ വളര്‍ച്ചയ്ക്ക് നല്ലത് ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുന്നതാണെന്ന് അവര്‍ കരുതുന്നു. നവീന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയില്‍ സംതൃപ്തരല്ലെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യപരമായി ഉന്നതിയില്‍ നില്‍ക്കുന്നതിന്റെ ഗുണം ഇന്ത്യയ്ക്ക് ലഭിക്കുന്നില്ല. ജിഡിപിയിലെ വളര്‍ച്ചയില്‍ മാത്രം അഭിരമിക്കുന്നതില്‍ അര്‍ത്ഥമില്ല. ജനസംഖ്യപരമായിട്ടുള്ള ആനുകൂല്യം മുതലാക്കാന്‍ നമുക്ക് പറ്റുന്നില്ല. ചൈനയ്ക്കും കൊറിയയ്ക്കും തങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുക്കാകട്ടെ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സാധിക്കുന്നില്ല.
സബ്‌സിഡിയില്‍ വിവേചനം
ചിപ്പ് നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ മുതല്‍ മുടക്കുന്നതിനെയും രഘുറാം രാജന്‍ വിമര്‍ശിച്ചു. എന്തിനാണ് ഇത്രയും സബ്‌സിഡി ചിപ്പ് നിര്‍മാണത്തിനും മറ്റുമായി നല്‍കുന്നത്? അതേസമയം, ഇതിലും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന ലെതര്‍ നിര്‍മാണം പോലുള്ള മേഖലകളെ നമ്മള്‍ വിസ്മരിക്കുകയും ചെയ്യുന്നു.
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് എക്കാലത്തും ഇന്ത്യയുടെ പ്രശ്‌നമാണ്. അതു കഴിഞ്ഞ 10 വര്‍ഷമായിട്ടുള്ള മാത്രം പ്രശ്‌നമല്ല. ദശകങ്ങളായി തൊഴിലില്ലായ്മ രാജ്യത്തിന്റെ തലവേദനയാണ്. ലെതറിനെ പോലുള്ള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകള്‍ക്ക് കൂടുതല്‍ സബ്‌സിഡി നല്‍കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it