പറക്കാം ദക്ഷിണ കൊറിയയിലേക്ക്; ജോലി ചെയ്യാം, വെക്കേഷനും ആസ്വദിക്കാം

വര്‍ക്കും വെക്കേഷനും ഒരുമിച്ച് കൊണ്ടുപോകുന്ന സൗകര്യമാണ് വര്‍ക്കേഷന്‍. നിലവില്‍ നിരവധി കമ്പനികള്‍ ഈ സൗകര്യം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. അതായത്, വെക്കേഷന്‍ ആസ്വദിക്കാം, ഒപ്പം ജോലിയും ചെയ്യാം. വിദേശികള്‍ക്ക് ഓഫീസുകള്‍ ഒഴിവാക്കിയുള്ള ഈ വര്‍ക്കേഷന്‍ സമ്പ്രദായവുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയ.

ഇതിന്റെ ഭാഗമായി വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്ത് ജോലി നിലനിര്‍ത്തിക്കൊണ്ട് രണ്ട് വര്‍ഷം വരെ കൊറിയയില്‍ തങ്ങാന്‍ അനുവദിക്കുന്ന പുതിയ ഡിജിറ്റല്‍ നോമാഡ് വീസ രാജ്യം പുറത്തിറക്കി. നിലവില്‍ വിദേശികള്‍ക്ക് 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വീസയാണ് ദക്ഷിണ കൊറിയ അനുവദിക്കുന്നത്. നോമാഡ് വീസ പ്രകാരം രാജ്യത്ത് പ്രവേശിച്ച സമയം മുതല്‍ ഒരു വര്‍ഷത്തേക്കാണ് താമസിക്കാന്‍ കഴിയുക. പിന്നീട് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കും.

അപേക്ഷിക്കാം

അതത് രാജ്യങ്ങളിലെ ദക്ഷിണ കൊറിയന്‍ എംബസി വഴി പുതിയ വീസക്കായി അപേക്ഷിക്കാനാകും. 18ന് മുകളില്‍ പ്രായമുണ്ടാകണം. ഏകദേശം 55 ലക്ഷം രൂപ പ്രതിവര്‍ഷം വരുമാനമുണ്ടെന്നതിന്റെ രേഖകള്‍, ജോലിയുടെ വിവരങ്ങള്‍, ക്രിമിനല്‍ റൊക്കോഡുകള്‍ ഒന്നുമില്ലെന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

കൂടാതെ ഏകദേശം 60 ലക്ഷം രൂപ കവറേജ് വരുന്ന ആരോഗ്യ ഇന്‍ഷുറന്‍സും വേണം. നിലവില്‍ ചെയ്യുന്ന ജോലിയില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയവും വേണം. ഈ വീസ ലഭിച്ചാല്‍ പങ്കാളിയെയും മക്കളെയും കൊറിയയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. അതേസമയം, ഈ വീസ ഉപയോഗിച്ച് പുതിയ ജോലി തേടാന്‍ സാധിക്കില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it