കേരളത്തിലെ 100ല്‍ 29 യുവാക്കള്‍ക്കും പണിയില്ല, വൃദ്ധന്മാരുടെ എണ്ണത്തില്‍ രാജ്യത്തൊന്നാമത് ; പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്

കേരളത്തില്‍ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുമ്പോള്‍ പ്രായമായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയത്. 15-29 പ്രായ പരിധിയിലുള്ളവര്‍ക്കിടയില്‍ 29.9 ശതമാനം പേര്‍ക്കും പണിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് 100 പേരില്‍ 29നും ജോലിയില്ല. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ലക്ഷദ്വീപ് (36.2 ശതമാനം), ആന്തമാന്‍ ദ്വീപുകള്‍ (33.6 ശതമാനം) എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. സംസ്ഥാനത്തെ 47.1 ശതമാനം സ്ത്രീകള്‍ക്കും 19.3 ശതമാനം പുരുഷന്മാര്‍ക്കും ജോലിയില്ല. മധ്യപ്രദേശിലും ഗുജറാത്തിലുമാണ് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഈ വിഭാഗത്തിലെ ദേശീയ ശരാശരി 3.2 ശതമാനമാണ്.

തൊഴിലില്ലായ്മയിലും നമ്പര്‍ വണ്‍

കേരളത്തിലെ ആകെ തൊഴിലില്ലായ്മ നിരക്കിലും ഇത്തവണ വര്‍ധനയുണ്ട്. 2023-24 വര്‍ഷത്തില്‍ കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് ഏഴ് ശതമാനമായിരുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണെങ്കിലും 2017 മുതല്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2017-18 വര്‍ഷത്തില്‍ 11.4 ശതമാനമായിരുന്ന നിരക്ക് ഇപ്പോള്‍ 7.2ലെത്തി. സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ (8.5 ശതമാനം)യുടെ പിന്നില്‍ രണ്ടാമതാണ് കേരളം. നാഗാലാന്റ് (7.1 ശതമാനം), മേഘാലയ (6.2 ശതമാനം) എന്നീ സംസ്ഥാനങ്ങളും കേരളത്തിന് പിന്നിലുണ്ട്.

പ്രായമേറുന്ന കേരളം

കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്.ബി.ഐ ഇക്കണോമിക് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിലാണ് കേരളത്തെ സംബന്ധിച്ച മറ്റൊരു കണക്കുള്ളത്. ആകെ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ പ്രായം ചെന്നവരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതാണ്. കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ 16.5 ശതമാനമാണ് പ്രായം ചെന്നവരുള്ളത്. 13.6 ശതമാനം വൃദ്ധരുമായി തമിഴ്‌നാട് തൊട്ടുപിന്നിലുണ്ട്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ബാക്കിയുള്ളത്. ആകെ ജനസംഖ്യയില്‍ ഏറ്റവും കുറവ് വൃദ്ധന്മാരുള്ള സംസ്ഥാനങ്ങളില്‍ ബീഹാറാണ് മുന്നില്‍ (7.7 ശതമാനം) തൊട്ടുപിന്നില്‍ ഉത്തര്‍പ്രദേശ് (8.1 ശതമാനം) , അസം (8.2 ശതമാനം) എന്നീ സംസ്ഥാനങ്ങളുമുണ്ട്. ഇത്തരം സംസ്ഥാനങ്ങളിലെ ആരോഗ്യരംഗത്തും വൃദ്ധരുടെ ക്ഷേമകാര്യങ്ങളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നല്ലതാണെന്നും എസ്.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവരെയാണ് വൃദ്ധരായി കണക്കാക്കുന്നത്.
Related Articles
Next Story
Videos
Share it