

ജനപ്രിയ വീഡിയോ ഓഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ യുട്യൂബ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 89 രൂപയ്ക്ക് ഒരു മാസത്തേക്ക് ഒട്ടുമിക്ക വീഡിയോകളും പരസ്യമില്ലാതെ കാണാവുന്ന പാക്കേജാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ യു.എസില്‍ ആരംഭിച്ച പ്രീമിയം ലൈറ്റ് തായ്‌ലന്‍ഡ്, ജര്‍മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അവതരിപ്പിച്ചിരുന്നു. ഉയര്‍ന്ന തുക നല്കി പ്രീമിയത്തിലേക്ക് മാറാന്‍ താല്പര്യമില്ലാത്ത എന്നാല്‍ പരസ്യം ഒഴിവാക്കി യുട്യൂബ് ഉപയോഗിക്കാന്‍ താല്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്.
യുട്യൂബ് പ്രീമിയത്തില്‍ ഉണ്ടായിരുന്ന ഫീച്ചറുകളില്‍ പലതും പ്രീമിയം ലൈറ്റില്‍ ഇല്ല. പ്രീമിയത്തില്‍ വീഡിയോകള്‍ എല്ലാം പരസ്യമില്ലാത്തത് ആയിരുന്നു. എന്നാല്‍ പ്രീമിയം ലൈറ്റില്‍ ചില വീഡിയോകളില്‍ പരസ്യമുണ്ടാകും. മാത്രമല്ല, മ്യൂസിക്കിനിടയിലും പരസ്യം കാണിക്കും. ബാക്ക്ഗ്രൗണ്ട് പ്ലേ പ്രീമിയത്തില്‍ ലഭ്യമായിരുന്നു. പ്രീമിയം ലൈറ്റില്‍ ഈ സൗകര്യം ലഭ്യമല്ല. പ്രീമിയം സേവനങ്ങള്‍ എടുക്കാന്‍ താല്പര്യമുള്ളവരെ അതിലേക്ക് നയിക്കുകയാണ് പ്രീമിയം ലൈറ്റിലൂടെ ലക്ഷ്യമിടുന്നത്.
യുട്യൂബ് കണ്ടന്റ് ക്രിയേഷന്‍ ഇന്ത്യയില്‍ ഒരു പ്രൊഫഷനായി മാറിയിരിക്കുകയാണ്. പതിനായിരക്കണക്കിന് ക്രിയേറ്റേഴ്‌സാണ് ചെറുതും വലുതുമായ വരുമാനം യുട്യൂബില്‍ നിന്ന് നേടുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 21,000 കോടി രൂപയാണ് ഇന്ത്യക്കാര്‍ക്കായി യുട്യൂബ് നല്കിയത്.
അടുത്ത രണ്ടു വര്‍ഷത്തിനിടെ യുട്യൂബ് ഇന്ത്യയില്‍ 850 കോടി രൂപ നിക്ഷേപിക്കും. വീഡിയോ കണ്ടന്റ് മെച്ചപ്പെടുത്താനും ക്രിയേറ്റേഴ്സിനെ സഹായിക്കാനും വേണ്ടിയാകും ഈ തുക. ഇന്ത്യന്‍ കണ്ടന്റുകള്‍ക്ക് വിദേശത്തും വലിയ സ്വീകാര്യതയുണ്ട് യുട്യൂബ് വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine