

കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ ഇഷ്ട പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് യുട്യൂബ്. കോവിഡ് മഹാമാരി കാലത്ത് നിരവധി പേരാണ് യുട്യൂബില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയത്. കൂടുതല്‍ പേരും നിരാശരായി മടങ്ങിയെങ്കിലും കണ്ടന്റ് ക്രിയേറ്ററായി തിളങ്ങിയവരുമുണ്ട്. വരുമാന മാര്‍ഗമായി ഈ മേഖല തിരഞ്ഞെടുത്തവരും ഏറെയാണ്. ഇപ്പോഴിതാ മോണറ്റൈസേഷന്‍ പോളിസികളില്‍ വലിയ മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് യുട്യൂബ്.
ജൂലൈ 15 മുതലാണ് യുട്യൂബിലെ നിയമങ്ങളെല്ലാം മാറുന്നത്. വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം. ആവര്‍ത്തിച്ചുള്ളതും സ്വന്തമല്ലാത്തതുമായ ഉള്ളടക്കങ്ങള്‍ ഇനി യുട്യൂബ് പ്രോത്സാഹിപ്പിക്കില്ല. എ.ഐ ഉപയോഗിച്ചുള്ള കണ്ടന്റുകള്‍ക്കും പണം നല്കില്ലെന്നാണ് യുട്യൂബ് വ്യക്തമാക്കിയിരിക്കുന്നത്.
കാഴ്ച്ചക്കാര്‍ക്ക് തിരിച്ചറിയാനാകാത്ത വിധം യാതൊരു വ്യത്യാസവുമില്ലാത്ത ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്യുന്നതും യുട്യൂബ് നിരൂത്സാഹപ്പെടുത്തുന്നു. ഒരേ ടെംപ്ലേറ്റില്‍ നിര്‍മിച്ച വീഡിയോകളും ഈ പരിധിയില്‍ പെടും. ഈ ചട്ടം ലംഘിച്ചാല്‍ അത് ചാനലിന്റെ മൊത്തം വരുമാനത്തെ ബാധിക്കും.
കാഴ്ച്ചക്കാര്‍ക്ക് ആകര്‍ഷകമാകുന്നതും കൂടുതല്‍ പരിശ്രമം നടത്തി ചെയ്യുന്ന വീഡിയോകള്‍ക്കും പ്രധാന്യം നല്കാനാണ് യുട്യൂബിന്റെ ശ്രമം. മറ്റുള്ളവരുടെ കണ്ടന്റുകള്‍ കോപ്പി ചെയ്യുന്നവര്‍ക്ക് തിരിച്ചടിയാകും പുതിയ നയം. ഒരാള്‍ ചെയ്ത വീഡിയോ എടുത്ത് അതിനെ വിശകലനം ചെയ്യുന്ന തരത്തിലുള്ള വീഡിയോകള്‍ക്കും പുതിയ നിയമം തിരിച്ചടിയാകും.
ആവര്‍ത്തിച്ചുള്ള വീഡിയോകള്‍ കാഴ്ച്ചക്കാരില്‍ മടുപ്പുളവാക്കുന്നുവെന്ന തിരിച്ചറിവിലാണ് വലിയ മാറ്റത്തിന് യുട്യൂബ് തയാറെടുക്കുന്നത്. 16 വയസിന് താഴെയുള്ളവര്‍ ലൈവ് സ്ട്രീമിംഗ് നടത്തുമ്പോള്‍ മുതിര്‍ന്നവര്‍ ഒപ്പമുണ്ടാകണമെന്ന നയവും യുട്യൂബ് പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ 22 മുതല്‍ ഇത് നിലവില്‍ വരും.
Read DhanamOnline in English
Subscribe to Dhanam Magazine