ബംഗ്ലാദേശിനെ കൈവിട്ട് സാറയും എച്ച്ആന്‍ഡ്എമ്മും, 2,350 കോടി രൂപയുടെ ഓര്‍ഡറുകള്‍ വഴിമാറുന്നു; ഇന്ത്യക്ക് വമ്പന്‍ അവസരം

ആഗോള ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് ചുവടുമാറ്റുന്നു; തിരുപ്പൂര്‍ ഉള്‍പ്പെടെയുള്ള വസ്ത്ര നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് നേട്ടമായേക്കും
ബംഗ്ലാദേശിനെ കൈവിട്ട് സാറയും എച്ച്ആന്‍ഡ്എമ്മും, 2,350 കോടി രൂപയുടെ ഓര്‍ഡറുകള്‍ വഴിമാറുന്നു; ഇന്ത്യക്ക് വമ്പന്‍ അവസരം
Published on: 

രാഷ്ട്രീയ അനിശ്ചിതത്വവും തൊഴിലാളി സമരങ്ങളും ബംഗ്ലാദേശിലെ വസ്ത്രനിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയതോടെ ഇന്ത്യക്ക് മുന്നില്‍ തുറക്കുന്നത് വന്‍ ബിസിനസ് അവസരം. സാറ (Zara), എച്ച്ആന്‍ഡ്എം (H&M), മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ (Marks & Spencer), സെലിയോ (Celio) തുടങ്ങിയ ആഗോള ഫാഷന്‍ ഭീമന്മാര്‍ ബംഗ്ലാദേശില്‍ നിന്നുള്ള വസ്ത്ര നിര്‍മാണ ഓര്‍ഡറുകള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയാണ്.

നവംബര്‍ ഒന്നുമുതല്‍ 18 വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 2,350 കോടി രൂപയുടെ ഓര്‍ഡറുകളാണ് ബംഗ്ലാദേശിന് നഷ്ടമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ സിംഹഭാഗവും സ്വന്തമാക്കിയത് ഇന്ത്യയാണ്. വിയറ്റ്‌നാം, കംബോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്കും ബംഗ്ലാദേശിന്റെ വീഴ്ച നേട്ടമാകുന്നുണ്ട്.

ബംഗ്ലാദേശിന് കനത്ത തിരിച്ചടി

ബംഗ്ലാദേശിന്റെ വിദേശനാണ്യത്തിന്റെ സിംഹഭാഗവും വസ്ത്ര കയറ്റുമതിയിലൂടെയാണ്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമാണ് ബംഗ്ലാദേശ്. കുറഞ്ഞ തൊഴിലാളി വേതനമായിരുന്നു പ്രധാന മത്സര നേട്ടം. എന്നാല്‍ ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ്, ഊര്‍ജ പ്രതിസന്ധി, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയവ ഈ നേട്ടത്തിന് മങ്ങലേല്‍പ്പിക്കുകയാണ്.

അടിക്കടി സംഭവിക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും തൊഴിലാളി സമരങ്ങളും അവിടുത്തെ ടെക്‌സ്റ്റൈല്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചിട്ടും സമരം തുടരുന്നത് വലിയ ഓര്‍ഡറുകള്‍ നഷ്ടപ്പെടാനും കാരണമായി. സമീപകാല തൊഴിലാളി സമരങ്ങളെത്തുടര്‍ന്ന് 40 കോടി ഡോളറിലധികം ഉല്‍പ്പാദന നഷ്ടമുണ്ടായെന്നാണ് ബംഗ്ലാദേശിലെ വസ്ത്ര നിര്‍മാതാക്കളുടെയും കയറ്റുമതിക്കാരുടെയും സംഘടനയുടെ കണക്ക്.

നേട്ടം ഇന്ത്യയ്ക്ക്, പക്ഷേ വെല്ലുവിളികളും

വിലക്കുറവിനേക്കാള്‍ കൃത്യസമയത്ത് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിനാണ് ആഗോള ഫാഷന്‍ കമ്പനികള്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇക്കാര്യത്തില്‍ ബംഗ്ലാദേശിനെ അപേക്ഷിച്ച് ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. അയല്‍രാജ്യം നല്‍കുന്നതിനേക്കാള്‍ ഒരാഴ്ച നേരത്തെ ഓര്‍ഡറുകള്‍ വിതരണം ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കുന്നു.

തിരുപ്പൂര്‍, ബെംഗളൂരു, നോയിഡ, ഗുരുഗ്രാം, ലുധിയാന, അഹമ്മദാബാദ് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന ഉത്പാദന ഹബ്ബുകള്‍. സാറ, എച്ച്ആന്‍ഡ്എം തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്രതിനിധികള്‍ പുതിയ ഓര്‍ഡറുകള്‍ക്കായി അടുത്തിടെ തിരുപ്പൂരിലെ ഫാക്ടറികള്‍ സന്ദര്‍ശിച്ചിരുന്നു.

രാജ്യത്ത് 4.5 കോടിയിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ടെക്സ്റ്റൈല്‍, വസ്ത്ര നിര്‍മാണ വ്യവസായം. പരുത്തി, നൂല്‍, തുണിത്തരങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും സിന്തറ്റിക് നാരുകള്‍ ഉപയോഗിച്ചുള്ള വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ പിന്നിലാണ്.

ബംഗ്ലാദേശില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ഇന്ത്യയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഗോകല്‍ദാസ് എക്സ്പോര്‍ട്ട്സ് (Gokaldas Exports), കെ.പി.ആര്‍ മില്‍ (KPR Mill) തുടങ്ങിയ ടെക്സ്റ്റൈല്‍ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```