കേരളത്തിനു മുമ്പില്‍ അപാരമായ സാധ്യതകളെന്ന് സെറോധക്ക് പിന്നിലെ മലയാളി, നൈപുണ്യം പ്രയോജനപ്പെടുത്തണം, ഇനി എ.ഐയുടെ കാലം, മൊബൈല്‍ ഫോണിനു പോലും ബദല്‍ വരും
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഇവിടുത്തെ ആളുകളും സാമൂഹിക അന്തരീക്ഷവുമാണെന്ന് ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ സെറോധയുടെ (Zerodha) ചീഫ് ടെക്നോളജി ഓഫീസറും (സി.ടി.ഒ) മലയാളിയുമായ ഡോ.കൈലാഷ് നാഥ്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ വന്‍കിട വ്യവസായങ്ങള്‍ക്ക് പറ്റിയ ഭൂപ്രകൃതിയുള്ള സ്ഥലമല്ല കേരളം. പക്ഷേ ലോകത്തിന്റെ എവിടെ ചെന്നാലും എല്ലാ മേഖലയിലും അതിവൈദഗ്ധ്യമുള്ളയാളുകള്‍ മലയാളികളായിരിക്കും. നമ്മള്‍ ലോകത്തിന്റെ പലഭാഗങ്ങളിലേക്കും കയറ്റി അയച്ചതും ഇത്തരം കഴിവുള്ള മനുഷ്യരെയാണ്. ഇത് പ്രയോജനപ്പെടുത്തി കേരളത്തില്‍ അടിസ്ഥാന ഗവേഷണത്തിനുള്ള സൗകര്യമൊരുക്കണം.സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രം ഒതുങ്ങാതെ അടിസ്ഥാന ഗവേഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാ വ്യവസായ മേഖലയിലും പ്രയോജനപ്പെടുത്താവുന്ന ഗവേഷണ സാധ്യതകള്‍ നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികള്‍ക്കിടയിലെ ഇന്നോവേറ്റര്‍മാരെ ആദരിക്കാന്‍ ടിങ്കര്‍ഹബ്ബ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പ്രഥമ ക്യാമ്പസ് ലീഡ്സ് കോണ്‍വൊക്കേഷന്‍ ചടങ്ങിന് കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനിടെ കേരളത്തിലെ വിവിധ കോളജുകളില്‍ നിന്ന് തിരഞ്ഞെടുത്ത 36 ക്യാമ്പസ് ലീഡുകളെയാണ് ആദരിച്ചത്. കഴിഞ്ഞ വര്‍ഷം 1,500ലേറെ സ്റ്റുഡന്റ് പ്രോജക്ടുകള്‍ക്ക് കരുത്ത് പകര്‍ന്ന ഇവര്‍ വിവിധ വിഷയങ്ങളിലായി 12,000ത്തിലധികം വിദ്യാര്‍ത്ഥികളിലെത്തിയിരുന്നു.
ഓളത്തിന് പിന്നിലെ മലയാളി
ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം തിരയുന്നതിന് മിക്കവരും ഉപയോഗിക്കുന്ന ഓളം ഓണ്‍ലൈന്‍ നിഘണ്ടുവിന്റെ ഉത്ഭവത്തിലേക്ക് നയിച്ച കഥയും കൈലാഷ് വിശദീകരിച്ചു. കോളേജില്‍ പഠിക്കുമ്പോഴാണ് ഇന്റര്‍നെറ്റില്‍ ഇംഗ്ലീഷ് - മലയാളം നിഘണ്ടുവിന്റെ അഭാവം മനസിലാക്കുന്നത്. ഉള്ളതെല്ലാം മനുഷ്യനെ ബഹുമാനിക്കാത്ത രീതിയില്‍ പരസ്യങ്ങള്‍ കുത്തിനിറച്ചവയായിരുന്നു. സ്വന്തമായി 1,000 വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ഓളം നിഘണ്ടുവിന് തുടക്കമിടുന്നത്. ഇന്ന് 20 ലക്ഷത്തിലധികം ആളുകളാണ് ഇത് ഉപയോഗിക്കുന്നത്. അടുത്ത ഒക്ടോബറില്‍ 9.5 ലക്ഷം പുതിയ വാക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ഓളത്തിന് വലിയൊരു അപ്‌ഡേറ്റ് വരുന്നുണ്ടെന്നും അദ്ദേഹം ധനം ഓണ്‍ലൈനോട് പറഞ്ഞു.
എങ്ങനെ എ.ഐ പഠിക്കണം
നിര്‍മിത ബുദ്ധി വൈകാതെ ഏതാണ്ടെല്ലാ മേഖലകളെയും ബാധിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ ഉള്ളവരെല്ലാം പറയുന്നത്. ഭാഷാ സംബന്ധമായ ജോലികളെയാണ് കൂടുതലും ബാധിക്കുന്നത്. ഇപ്പോള്‍ തന്നെ കമ്പനികള്‍ പുതിയ ആളുകളെ ജോലിക്കെടുക്കുന്നത് കുറഞ്ഞിട്ടുണ്ട്. നിര്‍മിത ബുദ്ധിയുടെ ഒരു പ്രത്യേകത ലോകത്തിലെ എല്ലാവര്‍ക്കും ഈ സാങ്കേതിക വിദ്യ ഒരുപോലെ ലഭ്യമാണെന്നതാണ്. മനുഷ്യസഹജമായ കഴിവുകളും കൂടിയുള്ളവര്‍ക്ക് എ.ഐ ഒരു സൂപ്പര്‍ പവറാകും. അതിനൊത്ത് തനതായ മാനുഷിക കഴിവുകള്‍ വളര്‍ത്തുകയാണ് വേണ്ടത്. എ.ഐ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് പോലെയുള്ള കാര്യങ്ങള്‍ കൂടുതലായി പഠിക്കണമെന്നില്ല. ആള്‍ക്കാരുമായി സംസാരിക്കാനുള്ള കഴിവിനെ എ.ഐയിലേക്ക് മാറ്റിയാല്‍ മതിയെന്നും ഇപ്പോള്‍ ഏത് ഭാഷയില്‍ സംസാരിച്ചാലും മനസിലാകുന്ന എ.ഐ മോഡലുകളുണ്ടെന്നും കൈലാഷ് പറഞ്ഞു.
എന്തുകൊണ്ട് ഇന്ത്യയില്‍ ഒരു ഡീപ്പ്‌സീക്ക് ഇല്ല?
70 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ. ആദ്യഘട്ടത്തില്‍ ചൈനയില്‍ ഇത്തരം ഗവേഷണങ്ങള്‍ നടന്നിരുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ അത് മനസിലാക്കി മാറ്റങ്ങള്‍ വരുത്തിയതിന്റെ ഫലമാണ് ഡീപ്പ്‌സീക്ക് പോലുള്ള സംരംഭങ്ങള്‍. അത്തരം ഗവേഷണസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കുറവാണ്. എല്ലാവര്‍ക്കും പെട്ടെന്ന് ഫലം കിട്ടുന്ന സംരംഭങ്ങളില്‍ പണം മുടക്കാനാണ് താത്പര്യം. ആളുകള്‍ക്കിടയിലേക്കും ഗവേഷണത്തിന്റെ പ്രാധാന്യമെത്തണം. സര്‍ക്കാരും സ്വകാര്യ മേഖലയും ഒന്നിച്ച് ശ്രമിച്ചാല്‍ നമ്മുടെ നാട്ടിലും ഡീപ്പ്‌സീക്ക് പോലുള്ള വമ്പന്‍ സംരംഭങ്ങള്‍ സാധ്യമാകും.
മൊബൈല്‍ ഫോണുകള്‍ക്ക് ബദലെത്തും
മലയാളത്തില്‍ ഉത്തരം നല്‍കുന്ന എ.ഐ മോഡലുകളെക്കുറിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു. പ്രോംപ്ട് നല്‍കിയാല്‍ ഇത്രയും നല്ല വീഡിയോകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നും ഗൂഗ്‌ളിന്റെ വിയോ3 ഇറങ്ങുന്നത് വരെ ആര്‍ക്കും ചിന്തിക്കാനും കഴിയില്ലായിരുന്നു. അതുപോലെയാണ് മൊബൈല്‍ ഫോണുകളുടെ കാര്യവും. ഇപ്പോഴത്തെ മൊബൈല്‍ ഫോണുകളുടെ ഏറ്റവും വലിയ പോരായ്മ അവയുടെ വലിപ്പമാണ്. മറ്റൊരു ബദല്‍ ഇല്ലാത്തത് കൊണ്ടാണ് ആളുകള്‍ ഇപ്പോഴും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. ഇതിന് പകരമായി വലിയ പ്രതലത്തില്‍ കാര്യങ്ങള്‍ കാണാന്‍ കഴിയുന്ന ഡിവൈസുകള്‍ വരും. ചിലപ്പോള്‍ കണ്ണടയുടെയോ ലെന്‍സിന്റെയോ രൂപത്തിലായിരിക്കും ഇവയെത്തുന്നത്. അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ഫോണിന് ബദലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെറോധയിലെത്തിയത് യാദൃശ്ചികമായി
വളരെ യാദൃശ്ചികമായാണ് സെറോധയിലെത്തിയതെന്നും കൈലാഷ് പറയുന്നു. ബംഗളൂരുവില്‍ ഒരു റോഡിന്റെ ഇരുവശത്തായാണ് താനും സെറോധ സ്ഥാപകന്‍ നിതിന്‍ കാമ്മത്തും താമസിച്ചിരുന്നത്. ഒരിക്കല്‍ ഞങ്ങള്‍ കണ്ടുമുട്ടി സംസാരിച്ചു ആളുകള്‍ക്ക് എളുപ്പത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമുണ്ടാക്കണമെന്ന ഐഡിയ നിതിന്റേതായിരുന്നു. അന്നത്തെ കാലത്ത് മറ്റ് മേഖലകളില്‍ സാങ്കേതിക വിദ്യ കടന്നുവന്നെങ്കിലും സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. അങ്ങനെയാണ് സെറോധയുടെ തുടക്കം. 5,000 ഉപയോക്താക്കളുമായി തുടങ്ങിയ സെറോധ ഇന്ന് ഉപയോഗിക്കുന്നത് 1.75 കോടി ആളുകളാണ്. ഇതുപോലെ വളര്‍ന്ന് പന്തലിക്കുമെന്ന് അന്ന് കരുതിയിരുന്നില്ല. ഒരേ ചിന്താഗതിയുള്ള ആളുകള്‍ കൃത്യസമയത്ത് കണ്ടുമുട്ടിയതും ഭാഗ്യവുമാണ് സെറോധക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine