

ഫോബ്സിന്റെ 2023 ലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടി ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്ഫോമായ സിറോധയുടെ സഹസ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും. കമ്പനിയുടെ സിഇഒ ആയ നിതിന്‍ കാമത്ത് 270 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 1,104-ാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ സഹോദരന്‍ നിഖില്‍ കാമത്ത് 110 കോടി ഡോളര്‍ സമ്പത്തുമായി 2,405-ാം സ്ഥാനത്തും.
സിറോധയുടെ വരവ്
ബാംഗ്ലൂരിലെ ഒരു ഇടത്തരം കുടുംബത്തില്‍ വളര്‍ന്ന നിതിന്‍ കാമത്തും നിഖില്‍ കാമത്തും 2009ലാണ് ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ സിറോധ ആരംഭിക്കുത്. ജനങ്ങള്‍ക്ക് ഓഹരി വിപണിയിലെ നിക്ഷേപത്തെക്കുറിച്ചുള്ള അവബോധം വളരെ കുറവുള്ള സമയത്തായിരുന്നു സിറോധയുടെ വരവ്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉപയോക്തൃ-സൗഹൃദ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനി ഇന്ത്യയിലെ പരമ്പരാഗത ബ്രോക്കറേജ് വ്യവസായത്തെ മാറ്റിമറിച്ചു.
പത്ത് ലക്ഷത്തിലേറെ
ഓഹരി, കറന്‍സി, കമ്മോഡിറ്റി, ഐ.പി.ഒ, മ്യൂച്വല്‍ ഫണ്ട് തുടങ്ങി ഓഹരിയുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപ അവസരങ്ങളും സിറോധ ഇന്ന് നല്‍കുന്നുണ്ട്. അടുത്തിടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം സ്വീകരിക്കുന്നതിനായുള്ള സെബിയുടെ അനുമതിയും കമ്പനിക്ക് ലഭിച്ചിരുന്നു. 1,500 ഉപയോക്താക്കള്‍ മാത്രമാണ് 2011ല്‍ കമ്പനിക്ക് ഉണ്ടായിരുന്നത്. പത്തു പതിനൊന്ന് വര്‍ഷം കൊണ്ട് അത് 10 ലക്ഷത്തിലേറെയായി വളര്‍ന്നു. ഇന്ന് 50 ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. 2022 സാമ്പത്തിക വര്‍ഷം 4,964 കോടി രൂപയായിരുന്നു സിറോധയുടെ വരുമാനം. അതില്‍ 2,094 കോടി രൂപ ലാഭവും.
ഫോബ്സ് പട്ടികയിലെ പ്രമുഖര്‍
ലോകത്താകെ 2,648 ശതകോടീശ്വരന്മാരില്‍ 21,100 കോടി ഡോളര്‍ ആസ്തിയുമായി ലൂയി വുട്ടോണ്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് ഫോബ്‌സ് പട്ടികയില്‍ ലോകത്തെ ഏറ്റവും സമ്പന്നന്‍. 18,000 കോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌ക് രണ്ടാമനും, 11,400 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാമനുമാണ്.
പട്ടിക പ്രകാരം 8,340 കോടി ഡോളറോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍. പിന്നാലെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകന്‍ സൈറസ് പൂനാവാല തുടങ്ങി 169 ശതകോടീശ്വരന്മാര്‍ ഇന്ത്യയില്‍ നിന്നും ഫോബ്സ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ പട്ടികയില്‍ ആകെ 9 മലയാളികളാണുള്ളത്. 530 കോടി ഡോളറോടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി.
Read DhanamOnline in English
Subscribe to Dhanam Magazine