യു.എസ് സൈന്യത്തിനടക്കം റോബോട്ടുകള്‍ നിര്‍മിച്ച മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ഏറ്റെടുത്ത് സോഹോ കോര്‍പറേഷന്‍, കൊട്ടാരക്കരയില്‍ ഐ.ടി ക്യാമ്പസിനും തുടക്കം

കൊവിഡ് കാലത്ത് ആശുപത്രികളിലേക്കുള്ള റോബോട്ടുകളെ നിര്‍മിച്ചും കേരള പൊലീസിന് വേണ്ടി കെ.പി ബോട്ട് നിര്‍മിച്ചും കമ്പനി ശ്രദ്ധനേടിയിരുന്നു
Sridhar Vembu and Jaykrishnan
Canva, www.asimovrobotics.com/
Published on

കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ഏറ്റെടുത്ത് ശ്രീധര്‍ വെമ്പുവിന്റെ സോഹോ കോര്‍പറേഷന്‍. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള റോബോട്ടിക് സൊല്യൂഷന്‍ ഒരുക്കുന്ന അസിമോവ് റോബോട്ടിക്‌സിനെയാണ് കമ്പനി ഏറ്റെടുത്തത്. എത്ര രൂപക്കാണ് ഏറ്റെടുക്കല്‍ എന്ന കാര്യം കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ക്യാമ്പസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

അസിമോവ്

സോഹോയുടെ ഗവേഷണ വികസന ശേഷികള്‍ റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് അസിമോവ് റോബോട്ടിക്സിനെ ഏറ്റെടുത്തതെന്നാണ് വിശദീകരണം. 2012-ല്‍ സ്ഥാപിതമായ അസിമോവ് റോബോട്ടിക്‌സ് സര്‍വീസ് റോബോട്ടുകളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ് കമ്പനിയാണ്.

ഹ്യൂമനോയ്ഡ് റോബോട്ട്, ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് അസിസ്റ്റീവ് റോബോട്ട്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ദുരന്തനിവാരണ മേഖലകളിലേക്കുള്ള റോബോട്ടിക് പ്ലാറ്റ്‌ഫോം എന്നിവയാണ് കമ്പനി വികസിപ്പിക്കുന്നത്. കൊവിഡ് കാലത്ത് ആശുപത്രികളിലേക്കുള്ള റോബോട്ടുകളെ നിര്‍മിച്ചും കേരള പൊലീസിന് വേണ്ടി കെ.പി ബോട്ട് നിര്‍മിച്ചും കമ്പനി ശ്രദ്ധനേടിയിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് എഞ്ചിനീയറായ ആലപ്പുഴ സ്വദേശി ടി. ജയകൃഷ്ണനാണ് അസിമോവ് റോബോട്ടിക്‌സിന്റെ സ്ഥാപകനും സി.ഇ.ഒയും.

വമ്പന്‍ കമ്പനികളുമായി സഹകരണം

20 വര്‍ഷമായി റോബോട്ടിക്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ടി.ജയകൃഷ്ണന്‍ അമേരിക്കന്‍ സൈന്യം, ഐ.എസ്.ആര്‍.ഒ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി റോബോട്ടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ യാത്രയില്‍ ഉപയോഗിക്കുന്ന വ്യോമമിത്ര ഹ്യൂമനോയ്ഡ് റോബോട്ടിന്റെ ടെറസ്റ്റിയല്‍ മോഡല്‍ നിര്‍മിച്ചതിന് പിന്നിലും ജയകൃഷ്ണന്റെ പങ്കുണ്ട്.

റോബോട്ടിക്‌സ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ തദ്ദേശീയമായി നിര്‍മിക്കണമെന്ന ലക്ഷ്യത്തിന്റെ പുറത്താണ് സോഹോയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് ജയകൃഷ്ണന്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. വര്‍ഷങ്ങളായി നടത്തിവന്ന ഗവേഷണവും തുണയായി. ഇരുകമ്പനികള്‍ക്കും ഗുണകരമായ ഇടപാടാണ് നടന്നത്. കൊച്ചിയിലെ പ്രവര്‍ത്തന കേന്ദ്രം ഇതിനോടകം കൊട്ടാരക്കരയിലെ സോഹോ ക്യാമ്പസിലേക്ക് മാറ്റിയിട്ടുണ്ട്. റോബോട്ടിക്‌സ് രംഗത്ത് വലിയ സാധ്യതയാണുള്ളതെന്നും ഭാവിയിലേക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ഒരു ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി

കൊട്ടാരക്കരയിലെ സോഹോ ഓഫീസില്‍ ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലുള്ള തൊഴില്‍ നൈപുണ്യം ഐ.ടി മേഖലയില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് പദ്ധതി കേരളത്തിലെത്തിച്ചത്. ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും.

ഇന്റേണ്‍ഷിപ്പ് അവസരം

യുവജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും നൈപുണ്യ വിടവ് നികത്തുന്നതിനും കമ്പനി ഒരു ഇന്റേണ്‍ഷിപ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് മാസത്തേക്ക് പരിശീലനാര്‍ഥികള്‍ക്ക് നൈപുണ്യ വികസന പരിശീലനം ലഭിക്കും. സ്പെഷ്യലൈസേഷനും തിരഞ്ഞെടുക്കാം. സി, സി++, പൈത്തണ്‍ എന്നിവയിലെ കോഡിങ് നിര്‍ബന്ധിത വിഷയങ്ങളാണ്. പരിശീലനത്തിന് ശേഷം ആറ് മാസത്തേക്ക് വിവിധ പ്രോജക്ടുകളില്‍ അവസരം നല്‍കി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സോഹോയില്‍ ജോലിയെടുക്കാനും അവസരമുണ്ട്. ഒമ്പത് മാസത്തെ പരിശീലന കാലയളവില്‍ ഇന്റേണുകള്‍ക്ക് സ്റ്റൈപ്പന്‍ഡ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

Zoho has acquired Kochi‑based Asimov Robotics and launched its new R&D campus in Kottarakkara, Kerala—signalling a major deep‑tech expansion in AI and robotics.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com