

സെമികണ്ടക്ടര്‍ ഉത്പാദനരംഗത്ത് ശക്തിയാര്‍ജിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടി. ഈ മേഖലയില്‍ വലിയ തൊഴിലവസരങ്ങളും വരുമാനവും നേടുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വലിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് ടാറ്റ ഗ്രൂപ്പ് അടക്കമുള്ള കമ്പനികള്‍ വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ 700 മില്യണ്‍ ഡോളറിന്റെ ചിപ്പ് നിര്‍മാണ ഹബ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സോഹോ.
ചിപ്പ് നിര്‍മാണത്തിനായി സാങ്കേതിക ഉപദേശം നല്കാന്‍ ശരിയായ പങ്കാളിയെ കണ്ടുകിട്ടാത്തതാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് സോഹോയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കര്‍ണാടകയില്‍ സെമികണ്ടക്ടര്‍ കേന്ദ്രം ഒരുക്കുന്നതിനായി 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിന് പദ്ധതിയുണ്ടായിരുന്നു.
ചിപ്പ് നിര്‍മാണത്തിലേക്ക് കടക്കുന്നതിനായി ആദ്യ ഘട്ട റിക്രൂട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ നടത്തിയ ശേഷമാണ് കമ്പനിയുടെ പിന്മാറ്റം. മൈസൂരില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ സ്ഥലം അടക്കം വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ സോഹോ തീരുമാനമെടുത്തത്.
2025 സെപ്റ്റംബറോടെ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പ് പുറത്തിറങ്ങുമെന്ന് അടുത്തിടെ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് സെമികണ്ടക്ടര്‍, ഡിസ്‌പ്ലേ നിര്‍മ്മാണത്തിന് 76,000 കോടി രൂപ ചിലവ് വരുന്ന സെമികോണ്‍ ഇന്ത്യ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കിയിരുന്നു.
സെമികണ്ടക്ടറുകള്‍, ഡിസ്‌പ്ലേ നിര്‍മ്മാണം, ഡിസൈനിംഗ് സൗകര്യം എന്നിവയില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine