

ശ്രീധര്‍ വെമ്പു നേതൃത്വം നല്കുന്ന സോഹോ കോര്‍പറേഷന്‍ (Zoho Corporation) അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് വാട്‌സാപ്പ് മെസേജിംഗ് ആപ്ലിക്കേഷന് ബദലായി പുറത്തിറക്കിയ അറട്ടൈ (Aratati) വന്‍ വിജയമായതിന്റെ പേരിലായിരുന്നു. മുമ്പും വലിയ തോതില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിനും സോഹോയ്ക്കുമെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ സംഘടിത ആക്രമണം നടന്നിരുന്നു.
സോഹോയുടെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ യു.എസ്. ഓഫീസ് വിലാസമാണ് കാണുന്നതെന്ന വിമര്‍ശനമാണ് വലിയതോതില്‍ ശ്രദ്ധനേടിയത്. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി ശ്രീധര്‍ വെമ്പു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സോഹോയുടെ പ്രാരംഭ ഘട്ടത്തില്‍ യു.എസ്. ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരന്‍ രജിസ്റ്റര്‍ ചെയ്തതിനാലാണ് ആ വിലാസം വന്നത്. പിന്നീട് വിലാസം മാറ്റാതിരുന്നതാണെന്നും വെമ്പു പറഞ്ഞു.
സോഹോയിലെ എല്ലാ ഉത്പന്നങ്ങളും ഇന്ത്യയില്‍ തന്നെയാണ് വികസിപ്പിക്കുന്നത്. കൂടാതെ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ നികുതി മുഴുവനും ഇന്ത്യയിലാണ് അടയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കമ്പനിയുടെ ആഗോള ആസ്ഥാനം ചെന്നൈയിലാണ്. അമേരിക്ക ഉള്‍പ്പെടെ 80ലധികം രാജ്യങ്ങളില്‍ ഓഫീസുകളുണ്ട്. യുഎസാണ് ഏറ്റവും വലിയ മാര്‍ക്കറ്റ്.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡേറ്റ മുംബൈ, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ ഡേറ്റ സെന്ററുകളിലാണ് സൂക്ഷിക്കുന്നത്. ഉടന്‍ ഒഡീഷയിലും ഡേറ്റ സെന്റര്‍ തുടങ്ങാനാണ് പദ്ധതി. ലോകമെമ്പാടുമായി 18-ത്തിലധികം ഡേറ്റ സെന്ററുകള്‍ കമ്പനിക്ക് നിലവിലുണ്ട്. ഓരോ രാജ്യത്തിന്റെയും ഉപഭോക്തൃ ഡേറ്റ അവരുടെ സ്വന്തം രാജ്യത്തുതന്നെ സൂക്ഷിക്കുകയാണ് കമ്പനിയുടെ നയമെന്നും വെമ്പു വ്യക്തമാക്കുന്നു.
സോഹോയുടെ എല്ലാ സേവനങ്ങളും സ്വന്തം ഹാര്‍ഡ്‌വെയറും സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്‌വെയറും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. AWS, Azure, GCloud പോലുള്ള വിദേശ ക്ലൗഡ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നില്ല. ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുകയെന്നതാണ് തങ്ങളുടെ പോളിസിയെന്നും വെമ്പു വ്യക്തമാക്കി.
ശ്രീധര്‍ വെമ്പു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചിരുന്നു. സ്വദേശി ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച്ച.
Read DhanamOnline in English
Subscribe to Dhanam Magazine