Deepinder Goyal
Zomato

സൊമാറ്റോയിൽ കിംവദന്തിയുടെ ദുർഗന്ധം, എല്ലാ ജീവനക്കാരും ഹാപ്പിയല്ലെന്ന്, നിഷേധിച്ച് ദീപീന്ദർ, അപ്പോൾ സോഷ്യൽ മീഡിയ പോസ്റ്റോ?

അനാരോഗ്യകരമായ തൊഴില്‍ സാഹചര്യമാണ് കമ്പനിയില്‍ നിലനില്‍ക്കുന്നതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചിരുന്നു
Published on

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പായ സൊമാറ്റോ കടുത്ത പ്രതിസന്ധിയിലാണെന്ന കിംവദന്തികള്‍ തള്ളി കമ്പനി മേധാവി ദീപീന്ദര്‍ ഗോയല്‍ രംഗത്തെത്തി. കമ്പനിയിലെ ഒരു ജീവനക്കാരന്റേതെന്ന പേരില്‍ പുറത്തുവന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ദീപീന്ദറിന്റെ മറുപടി.

വിപണിയിലെ മത്സരം കടുത്തതോടെ സൊമാറ്റോ വലിയ പ്രതിസന്ധിയിലാണെന്നും ജീവനക്കാരോട് കമ്പനിയുടെ ആപ്പില്‍ നിന്നുമാത്രം ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയെന്നുമായിരുന്നു പോസ്റ്റ്. സെപ്‌റ്റോ കഫേയും, സ്വിഗിയും കളം നിറഞ്ഞതോടെ സൊമാറ്റോക്ക് ഉപയോക്താക്കളെ കൂട്ടത്തോടെ നഷ്ടപ്പെടുകയാണ്. ഇതിനെ മറികടക്കാന്‍ എല്ലാ മാസവും ജീവനക്കാര്‍ സൊമാറ്റോ ആപ്പില്‍ നിന്നും ഏഴ് ഓര്‍ഡറുകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. ഇക്കാര്യം കമ്പനി കൃത്യമായി നിരീക്ഷിക്കും. ഓഫീസ് പരിസരത്ത് വെച്ച് മറ്റ് ഓണ്‍ലൈന്‍ കമ്പനികളുടെ ആപ്പില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാന്‍ പാടില്ല. അനാരോഗ്യകരമായ തൊഴില്‍ സംസ്‌ക്കാരമാണ് കമ്പനിയില്‍ നിലനില്‍ക്കുന്നത്. സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഡിവിഷനിലെ സി.ഇ.ഒ രാകേഷ് രഞ്ജന്‍ രാജിവെച്ചത് ഇക്കാര്യത്താലാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

എല്ലാം തെറ്റ്

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ദീപീന്ദര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പറഞ്ഞു. കമ്പനിക്ക് വിപണി വിഹിതം നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്നും ജീവനക്കാരോട് സൊമാറ്റോയില്‍ നിന്ന് മാത്രം ഓര്‍ഡര്‍ ചെയ്യാന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആളുകളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കമ്പനി എപ്പോഴും മുറുകെ പിടിക്കുന്ന കാര്യമാണ്. ഇത്തരം കിംവദന്തികള്‍ക്കൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് അറിയാം. എന്നാല്‍ ഞങ്ങളോട് സ്‌നേഹമുള്ള പലരും ഇതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു വിശദീകരണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com