Begin typing your search above and press return to search.
സൊമാറ്റോയില്‍ ഉന്നത ജോലി റെഡി, പക്ഷേ ഒരു വര്‍ഷം ശമ്പളമില്ല! 20 ലക്ഷം ഫീസും നല്‍കണം, കിട്ടിയത് 10,000ലേറെ അപേക്ഷകള്‍
കമ്പനിയിലെ പുതിയ ജോലിക്കായി ആളെ തെരഞ്ഞ സൊമാറ്റോ സി.ഇ.ഒ ദീപിന്ദര്‍ ഗോയലിന്റെ പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലേക്ക് ആളെ വേണമെന്നും എന്നാല്‍ ആദ്യ വര്‍ഷം ശമ്പളമൊന്നും തരാന്‍ കഴിയില്ലെന്നുമാണ് ഗോയലിന്റെ പോസ്റ്റ്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ കമ്പനിക്ക് 20 ലക്ഷം രൂപ ഫീസ് ഇനത്തില്‍ നല്‍കുകയും വേണം.
മികച്ച ആശയവിനിമയ ശേഷിയും വിനയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ, അതിവേഗ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റ് തുടങ്ങിയവയുടെ വളര്‍ച്ചക്ക് നിര്‍ണായക പങ്കുവഹിക്കുകയാണ് ജോലിയുടെ കാതല്‍. രാജ്യത്തെ ടോപ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ 10 മടങ്ങ് പ്രവര്‍ത്തന പരിചയം രണ്ടുവര്‍ഷം കൊണ്ട് സൊമാറ്റോയില്‍ നിന്നും നേടാമെന്നാണ് ഗോയലിന്റെ ഓഫര്‍. കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ മുന്നോട്ടുപോയാല്‍ രണ്ടാമത്തെ വര്‍ഷം മുതല്‍ 5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം ലഭിക്കും.
ഇടത്തരക്കാര്‍ എന്തുചെയ്യും സാര്‍
അതേസമയം, ഗോയലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. എം.ബി.എ കോഴ്‌സിനേക്കാള്‍ മികച്ച പാഠങ്ങള്‍ ലഭിക്കുന്ന അവസരമാണിതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഗോയലിന്റെ 20 ലക്ഷം വാര്‍ഷിക ഫീസ് അടക്കാന്‍ കഴിയാത്ത മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്തരം കീഴ്‌വഴക്കങ്ങള്‍ അപകടം ചെയ്യുമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ആശയം മികച്ചതാണെങ്കിലും ഈ തുക താങ്ങാന്‍ കഴിയാത്ത മിഡില്‍ ക്ലാസിലുള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് ചിലര്‍ ലിങ്ക്ഡ്ഇനില്‍ കുറിച്ചു. പണം കൊടുത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത് പോലെയാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു.
കിട്ടിയത് 10,000ലേറെ അപേക്ഷകള്‍
24 മണിക്കൂറിനിടെ 10,000ലേറെ അപേക്ഷകള്‍ ലഭിച്ചതായാണ് സൊമാറ്റോ സി.ഇ.ഒ ദീപിന്ദര്‍ ഗോയലിന്റെ പക്ഷം. വ്യാഴായ്ച ആറ് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ എന്നും ഗോയല്‍ അറിയിച്ചിട്ടുണ്ട്.
Next Story
Videos