സൈഡസ് കാഡില വാക്‌സിന് അടിയന്തരാനുമതി തേടിയേക്കും

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ഉടന്‍ അടിയന്തരാനുമതി തേടിയേക്കും. 12-18 വയസ് പ്രായമുള്ള കുട്ടികളില്‍ അടക്കം പരീക്ഷിച്ച വാക്‌സിന്റെ അംഗീകാരത്തിനായി ഒരാഴ്ചക്കകം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് കമ്പനി അനുമതി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് സൈഡസ് കാഡിലയുടെ വാക്‌സിന് അടിയന്തരാനുമതി ലഭിക്കുകയാണെങ്കില്‍ ആദ്യത്തെ ഡിഎന്‍എ-പ്ലാസ്മിഡ് വാക്‌സിന്‍ കൂടിയായിരിക്കും ഇത്. കൂടാതെ, കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന രാജ്യത്തെ ആദ്യവാക്‌സിന്‍ കൂടിയായിരിക്കും സൈക്കോവ്-ഡി. ഒരാഴ്ചയ്ക്കുള്ളില്‍ സൈഡസ് കാഡില അനുമതി തേടുമെന്ന് സര്‍ക്കാറിന്റെയും കമ്പനിയുടെയും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഫൈസര്‍-ബയോടെക്, മോഡേണ എന്നിവ ഉപയോഗിക്കുന്ന എംആര്‍എന്‍എയ്ക്ക് വിപരീതമായി ഡിഎന്‍എ പ്ലാസ്മിഡ് അടിസ്ഥാനമാക്കിയാണ് സൈക്കോവ്-ഡി സൈഡസ്-കാഡില വികസിപ്പിച്ചെടുത്തത്. അതിനാല്‍ തന്നെ ഫൈസര്‍-ബയോടെക് വാക്‌സിന് സൂക്ഷിക്കാന്‍ -70 ഡിഗ്രി സെല്‍ഷ്യസ് ആവശ്യമായി വരുമ്പോള്‍ ഇവയ്ക്ക് 2-8 ഡിഗ്രി സെല്‍ഷ്യസ് താപനില മതിയാകും.
അനുമതി ലഭിക്കുകയാണെങ്കില്‍ ആദ്യമാസം തന്നെ ഒരു കോടി വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പിന്നീട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ മറ്റ് രണ്ട് വാക്‌സിന്‍ നിര്‍മാതാക്കളായും കമ്പനി ചര്‍ച്ച ചെയ്തിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it