

രാജ്യത്തെ പ്രധാന അടിസ്ഥാന വികസന പദ്ധതികളിലെല്ലാം ജപ്പാന്റെ അദൃശ്യ സാന്നിധ്യമുണ്ട്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മുതല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ വരെ ഇത് നീളുന്നു. ഒട്ടുമിക്ക പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ സഹായമായതും ജപ്പാന്റെ സാമ്പത്തിക സഹായമാണ് താനും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ട് കെട്ടിപ്പൊക്കിയത് തന്നെ ജപ്പാന്‍ സഹായത്തിലാണ്. 88,000 കോടി രൂപയാണ് വെറും 0.1 ശതമാനം പലിശയ്ക്ക് ജപ്പാന്‍ നല്കിയിരിക്കുന്നത്. 50 വര്‍ഷം കൊണ്ട് മാത്രം ഈ തുക തിരിച്ച് അടച്ചാല്‍ മതി. തിരിച്ചടവിന് 15 വര്‍ഷം ഗ്രേസ് പീരിഡും ജപ്പാന്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാനപ്പെട്ട മെട്രോ റെയില്‍ പ്രൊജക്ടുകളിലും ജപ്പാനീസ് പങ്കാളിത്തം പ്രകടമാണ്. ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ മെട്രോകള്‍ക്കായി 0.3 മുതല്‍ 1.5 ശതമാനം വരെ നിരക്കിലാണ് ജപ്പാന്റെ വായ്പ. ഇതുകൂടാതെ സോളാര്‍ എനര്‍ജി പ്രൊജക്ട്‌സ്, കുടിവെള്ള പദ്ധതികള്‍ എന്നിവയിലും അവര്‍ സാമ്പത്തിക സഹായം നല്‍കുന്നു.
എന്തുകൊണ്ടാണ് ജപ്പാന്‍ ഇത്തരത്തില്‍ ഇന്ത്യന്‍ പ്രൊജക്ടുകളില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത്? അതിനു കാരണങ്ങള്‍ പലതാണ്. ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്തുന്നത് മുതല്‍ ജപ്പാന്റെ നിലനില്‍പ്പുമായി വരെ അത് ബന്ധപ്പെട്ടു കിടക്കുന്നു.
ജപ്പാനെ സംബന്ധിച്ച് ഇന്ത്യ വെറുമൊരു മാര്‍ക്കറ്റ് മാത്രമല്ല. നിതാന്ത ശത്രുവായ ചൈനയ്‌ക്കെതിരേ മേഖലയില്‍ അവരുടെ സുരക്ഷിതമായ സഖ്യകക്ഷി കൂടിയാണ്. ചൈനയില്‍ നിന്നുള്ള നിരന്തര വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ചങ്ങാത്തം അവര്‍ക്ക് അനിവാര്യമാണ്. ഇത്ര കുറഞ്ഞ പലിശയ്ക്ക് ജപ്പാനില്‍ നിന്ന് വായ്പ ലഭിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. എന്നാല്‍ ഈ ഒരൊറ്റ കാരണത്താലല്ല അവര്‍ ഇന്ത്യയുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തുന്നത്.
ഇന്ത്യ ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയാണ്. ഒപ്പം നല്ലൊരു മാര്‍ക്കറ്റും. ജപ്പാനീസ് കമ്പനികളുടെ വലിയൊരു ഉത്പന്നനിര തന്നെ ഇന്ത്യയില്‍ വില്ക്കപ്പെടുന്നുണ്ട്. ഇന്ത്യയ്ക്ക് ജപ്പാനെക്കാള്‍ അവര്‍ക്ക് ഇന്ത്യയെയാണ് ആവശ്യമെന്ന് പറഞ്ഞാലും തെറ്റില്ല.
ഇന്ത്യയ്ക്ക് ഇത്രയും വലിയ വായ്പ നല്കുന്നത് ജപ്പാനിലെ കമ്പനികള്‍ക്കും ഗുണമാണ്. ഉദാഹരണത്തിന് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ശതകോടികള്‍ മുടക്കുള്ള പദ്ധതിക്കായുള്ള സാങ്കേതിക, ഉത്പന്ന സഹായങ്ങളെല്ലാം ജപ്പാനില്‍ നിന്നാണ്. ബുള്ളറ്റ് ട്രെയിന്‍ പാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നതിലേറെയും ജപ്പാനീസ് കമ്പനികളുടെ ഉത്പന്നങ്ങളാണ്.
ഇന്ത്യയ്ക്ക് വായ്പ നല്കി പകരം ജപ്പാനീസ് കമ്പനികള്‍ക്ക് ആവശ്യത്തിനുള്ള ഓര്‍ഡര്‍ ലഭ്യമാക്കുന്നു. അതുവഴി ജപ്പാനീസ് കമ്പനികളുടെ വരുമാനം വര്‍ധിക്കുന്നു. സര്‍ക്കാരിന് നികുതി വരുമാനവും പൗരന്മാര്‍ക്ക് തൊഴിലും ലഭിക്കുന്നു.
ജപ്പാനീസ് ടെക്‌നോളജിയെ ലോകത്തിനു പരിചയപ്പെടുത്താനും വിപണി വിഹിതം നേടിയെടുക്കാനും ഈ നീക്കത്തിലൂടെ സാധിക്കുന്നു. മേഖലയില്‍ ചൈനീസ് ആധിപത്യത്തിന് തടയിടാന്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പര സഹകരണം ആവശ്യമാണ്. വരുംവര്‍ഷങ്ങളില്‍ ജപ്പാന്റെ ഇന്ത്യയിലെ പ്രധാന്യം ഇനിയും വര്‍ധിക്കുമെന്നുറപ്പാണ്.
Read DhanamOnline in English
Subscribe to Dhanam Magazine