

ചൈന ഉള്‍പ്പടെ മൂന്ന് രാജ്യങ്ങള്‍ക്ക് അമേരിക്കയിലെ ട്രംപ് ഭരണ കൂടം ചുമത്തിയ തത്തുല്ല്യ നികുതി നിയമവിധേയമല്ലെന്ന് അമേരിക്കന്‍ അപ്പീല്‍ കോടതിയുടെ നിരീക്ഷണം. ഫെബ്രുവരിയില്‍ ചൈന, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അധിക നികുതിയെയാണ് കോടതി ചോദ്യം ചെയ്തത്. നികുതി ചുമത്തുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അമേരിക്കയിലെ 12 സംസ്ഥാനങ്ങളും അഞ്ച് അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങളും നല്‍കിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. ഇന്‍ര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) പ്രകാരമല്ല നികുതി ചുമത്തല്‍ എന്നാണ് അവര്‍ വാദിച്ചത്. അപ്പീല്‍ കോടതിയുടെ തീരുമാനത്തിന് ഏഴ് ജഡ്ജിമാരില്‍ നാലു പേരുടെ പിന്തുണയാണുള്ളത്.
മൂന്ന് രാജ്യങ്ങള്‍ക്കുള്ള അധിക നികുതി നിര്‍ത്തിവെക്കണെന്ന് കോടതി ആവശ്യപ്പെടാത്തത് ട്രംപിന് ആശ്വാസമാണ്. അപ്പീല്‍ കോടതി വിധിക്കെതിരെ അമേരിക്കന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒക്ടോബര്‍ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ഫെബ്രുവരിയില്‍ ആദ്യമായി ചുമത്തിയ പകരച്ചുങ്കത്തിനെതിരായ പരാതികളാണ് അപ്പീല്‍ കോടതി പരിഗണിച്ചത്. ഏപ്രില്‍ മാസത്തില്‍ വിവിധ രാജ്യങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച നികുതികളെ ചോദ്യം ചെയ്യുന്ന പരാതികളും കോടതിയുടെ മുന്നിലുണ്ട്. അമേരിക്കന്‍ വാണിജ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന് ശേഷം ഏര്‍പ്പെടുത്തിയ നികുതികള്‍ കോടതിവിധിയില്‍ ഉള്‍പ്പെടുന്നില്ല. സ്റ്റീല്‍, അലുമിനിയം, ഓട്ടോമൊബൈല്‍ എന്നിവക്കുള്ള ഇറക്കുമതി നികുതിയാണിത്. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ നികുതി ഏര്‍പ്പെടുത്തിയത്.
അപ്പീല്‍ നല്‍കാന്‍ 14 ദിവസത്തെ സാവകാശം ലഭിച്ചത് ആശ്വാസമാണെങ്കിലും സുപ്രീംകോടതി എന്ത് പറയുമെന്നത് ട്രംപ് ഭരണകൂടത്തിന് നിര്‍ണായകമാണ്. ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുള്ള നികുതി മരവിപ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ട്രംപിന് അത് തിരിച്ചടിയാകും. അതേസമയം, നികുതി മരവിപ്പിക്കുന്നത് അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെ അപകടത്തിലാക്കുമെന്നാണ് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine