നിക്ഷേപം കടപ്പത്രങ്ങളില്‍ മാത്രമാകരുത്, പ്രതിസന്ധിഘട്ടങ്ങളില്‍ സുരക്ഷിത താവളങ്ങള്‍ തേടുന്നത് ഒഴിവാക്കാം

ഓഹരികളും കടപ്പത്രങ്ങളും സംയോജിപ്പിച്ച്, പല ആസ്തി വിഭാഗങ്ങളിലുമുള്ള നിക്ഷേപങ്ങള്‍ ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കാന്‍ കഴിയണം
Man counting invested coins
Published on

കെ. മനോജ് കുമാര്‍

പ്രതിസന്ധിഘട്ടങ്ങളില്‍ നിക്ഷേപകര്‍ സുരക്ഷിത താവളങ്ങള്‍ തേടിപ്പോകുന്നത് സാധാരണയാണ്. ചരിത്രപരമായി അത്തരം അവസരങ്ങളില്‍ കടപ്പത്രങ്ങളിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധവാന്മാരാവുന്നു. സമ്മര്‍ദ്ദം നേരിടുന്ന സമയങ്ങളില്‍ ഇത് വരുമാന സ്ഥിരത നല്‍കുന്നതോടൊപ്പം, വിപണിയുടെ ചാഞ്ചാട്ടത്തെ പിടിച്ചുനിര്‍ത്തുന്ന ഒരു നങ്കൂരമായി മാറാറുണ്ട്. വിപണി കുതിക്കുമ്പോഴാകട്ടെ ഇത്തരം സ്ഥിര വരുമാനത്തെ നമ്മള്‍ തള്ളിപ്പറയാറുമുണ്ട്. നമ്മുടെ ധാരണകളില്‍ വരുന്ന മാറ്റം വളരെ പെട്ടെന്നുള്ളതാണ്.

സമാനമായ ഒരു പെരുമാറ്റ രീതി ഓഹരി വിപണിയിലും ദൃശ്യമാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ നിക്ഷേപകര്‍ വമ്പന്‍ ഓഹരികളെ കണ്ണടച്ച് വിശ്വസിക്കുന്നു. അവയുടെ പ്രതിരോധ ശേഷിയും ബാലന്‍സ് ഷീറ്റിലെ കരുത്തുമാണ് അപ്പോള്‍ അവരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ വിപണിചക്രങ്ങളില്‍ ചെറുകിട-ഇടത്തരം ഓഹരികളാണ് ചരിത്രപരമായി വലിയ നേട്ടം നല്‍കാറുള്ളത് എന്ന യാഥാര്‍ത്ഥ്യം മറക്കരുത്; അവയെ പൂര്‍ണമായും അവഗണിക്കുന്നത് ദീര്‍ഘകാല നേട്ടം ത്യജിക്കുന്നതിന് തുല്യമാണ്.

നിക്ഷേപങ്ങള്‍ ക്രമീകരിക്കണം

ഇതിന്റെ അര്‍ത്ഥം ഒരു നല്ല പോര്‍ട്ട്‌ഫോളിയോയില്‍ സന്തുലിതാവസ്ഥ ഉണ്ടാവണം എന്നതാണ്. ഓഹരികളും കടപ്പത്രങ്ങളും സംയോജിപ്പിച്ച്, പല ആസ്തി വിഭാഗങ്ങളിലുമുള്ള നിക്ഷേപങ്ങള്‍ ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കാന്‍ കഴിയണം. മിഡ്, സ്മോള്‍-ക്യാപ് വിഭാഗങ്ങളില്‍ തന്ത്രപരമായി ഇടപെടുന്നത് റിട്ടേണ്‍ സാധ്യത വര്‍ധിപ്പിക്കും. അതേസമയം കടപ്പത്രങ്ങളിലുള്ള നിക്ഷേപം വിപണി ഇടിയുന്ന അവസരങ്ങളില്‍ വരുമാന സ്ഥിരത ഉറപ്പാക്കും.

2025ല്‍ സെബി നിയന്ത്രണ നിയമങ്ങള്‍ പുനഃക്രമീകരിച്ചത് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനങ്ങളെ ഘടനാപരമായി മാറ്റി. കൂടുതല്‍ കൃത്യമായ ഫണ്ട് തരംതിരിവിനും ഫണ്ട് ഓഫ് ഫണ്ട്സ് (FoF) ഘടന ഏകീകരിക്കുന്നതിനുമാണ് സെബി ഊന്നല്‍ നല്‍കിയത്. ഇതിലൂടെ നിക്ഷേപകര്‍ക്ക് റിസ്‌ക്-റിട്ടേണ്‍ പ്രൊഫൈലുകളില്‍ കൂടുതല്‍ വ്യക്തത വരുത്തുക എന്നതായിരുന്നു ലക്ഷ്യം.

ഫണ്ടുകളുടെ ഓഹരി കേന്ദ്രീകൃത സ്വഭാവം നിലനിര്‍ത്താനും ആസ്തി വിഹിതത്തില്‍ അനുയോജ്യമായ മാറ്റം കൊണ്ടുവരാനും, അങ്ങനെ അവ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ കൃത്യമായി തുടരുന്നുവെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് ഈ ചട്ടങ്ങള്‍ പുനഃക്രമീകരിച്ചത്.

ഉദാഹരണത്തിന്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് അതിന്റെ തീമാറ്റിക് അഡ്വാന്റേജ് ഫണ്ട് ഓഫ് ഫണ്ടിനെ ഒരു അഗ്രസീവ്

ഹൈബ്രിഡ് ആക്റ്റീവ് ഫണ്ട് ഓഫ് ഫണ്ടായി മാറ്റി. അതനുസരിച്ച് ഈ ഫണ്ട് ഇപ്പോള്‍ (2026 ഏപ്രില്‍ 1 മുതല്‍) 65-80% വിഹിതം ഓഹരിയില്‍ (ടാക്റ്റിക്കല്‍ മിഡ്/സ്മോള്‍ ക്യാപ് കോളുകള്‍ ഉള്‍പ്പെടെ) നിക്ഷേപിക്കുകയും ബാക്കി 20-35% സജീവ ഡെറ്റ് സ്‌കീമുകളിലേക്ക് നീക്കിവെക്കുകയും ചെയ്തു.

ഇത് ഫണ്ടിന്റെ റിസ്‌ക്-റിട്ടേണ്‍ ബാലന്‍സ് വര്‍ധിപ്പിക്കാനിടയാക്കി. മാത്രമല്ല, ഈ മാറ്റം നിക്ഷേപമാര്‍ഗം വിശാലമാക്കുകയും മാര്‍ക്കറ്റ് ക്യാപ്സിലും സ്ഥിര വരുമാനത്തിലും തന്ത്രപരമായ വിഹിതം നല്‍കിക്കൊണ്ട് അവയുടെ ഓഹരി അധിഷ്ഠിത നിലപാട് നിലനിര്‍ത്തുകയും ചെയ്യുന്നു.

സെബിയുടെ ഈ പുതുക്കിയ നിയമങ്ങള്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തന്ത്രപരമായി മറികടക്കുന്നതിന് ഫണ്ടുകള്‍ക്ക് സഹായകമായി. 2026 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 2003ല്‍ ആരംഭിച്ച ഈ ഫണ്ട്, 15.11% (മൂന്ന് വര്‍ഷം), 14.91% (അഞ്ച് വര്‍ഷം), 14.47% (10 വര്‍ഷം) എന്നീ സിഎജിആര്‍ നല്‍കി സ്ഥിരമായി നല്ല ദീര്‍ഘകാലപ്രകടന കാഴ്ചവെക്കന്നുണ്ട്.

(ലേഖകന്‍ കെഎംകെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയാണ്)

മെയ് 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com