ചെറുതുകകളിലൂടെ നേടാം വലിയ സമ്പാദ്യം; ഉറപ്പായ നേട്ടം നല്‍കുന്ന 10 നിക്ഷേപ മാര്‍ഗങ്ങള്‍

ചെറിയ തുകകള്‍ നിക്ഷേപിച്ച് സ്ഥിര വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിന് പരിഗണിക്കാവുന്ന മികച്ച മാര്‍ഗമാണ് ചെറു സമ്പാദ്യ പദ്ധതികള്‍ അഥവാ സ്‌മോള്‍ സേവിംഗ്‌സ് പദ്ധതികള്‍. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികളെന്നും ഇവയെ വിളിക്കാറുണ്ട്. നാല് ശതമാനം മുതല്‍ 8.2 ശതമാനം വരെ വാര്‍ഷിക നേട്ടം നല്‍കിയേക്കാവുന്ന 10 സ്‌മോള്‍ സേവിംഗ്‌സ് നിക്ഷേപങ്ങള്‍ നോക്കാം.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്
വെറും 500 രൂപ നിക്ഷേപത്തില്‍ തുടങ്ങാവുന്ന അക്കൗണ്ടാണിത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക വര്‍ഷാവസാനം 500 രൂപ ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിച്ചില്ലെങ്കില്‍ മെയിന്റനന്‍സ് ഫീസായി
50 രൂപ
ഈടാക്കും. അക്കൗണ്ട് ബാലന്‍സ് ഇല്ലാതാകുമ്പോള്‍അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടും. നാല് ശതമാനമാണ് പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ക്ക് നിലവില്‍ ലഭിക്കുന്ന പലിശ.
നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ്
ആയിരം രൂപ മുതല്‍ തുടങ്ങാവുന്ന നിക്ഷേപമാണിത്. നൂറിന്റെ ഗുണിതങ്ങളായി 1,000 രൂപയ്ക്ക് മുകളില്‍ എത്ര വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപത്തിന്റെ കാലാവധി അനുസരിച്ചാണ് പലിശ കണക്കാക്കുന്നത്. ഒരു വര്‍ഷ നിക്ഷേപത്തിന് 6.9 ശതമാനം, രണ്ട് വര്‍ഷത്തേക്ക് 7 ശതമാനം, മൂന്ന് വര്‍ഷത്തേക്ക് 7.1 ശതമാനം, അഞ്ച് വര്‍ഷത്തേക്ക് 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
5 വര്‍ഷ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം
നൂറു രൂപ മുതല്‍ നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. അതിനു മുകളില്‍ 10ന്റെ ഗുണിതങ്ങളായി പരിധികളില്ലാതെ നിക്ഷേപിക്കാം. റിക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത് 6.7 ശതമാനം വാര്‍ഷിക പലിശയാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പദ്ധതിയാണിത്. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് പദ്ധതി ആരംഭിക്കാം. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്. 8.2 ശതമാനം പലിശ ലഭിക്കും. സ്‌മോള്‍ സേവിംഗ്‌സ് സ്‌കീമുകളില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണിത്.
മന്ത്‌ലി ഇന്‍കം അക്കൗണ്ട്
മാസവരുമാനം നേടാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക ആയിരം രൂപയാണ്. തുടര്‍ന്ന് 100ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഒരാളുടെ പേരില്‍ മാത്രമായുള്ള അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെയാണ് വര്‍ഷം നിക്ഷേപിക്കാനാകുക. ജോയിന്റ് അക്കൗണ്ടാണെങ്കില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പദ്ധതിക്ക് ലഭിക്കുന്ന പലിശ 7.4 ശതമാനമാണ്.
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്
ഈ അക്കൗണ്ടിലും ഏറ്റവും കുറഞ്ഞത് 1,000 രൂപയാണ് നിക്ഷേപം. തുടര്‍ന്ന് 100ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. എന്‍.എസ്.സിക്ക് ലഭിക്കുന്ന വാര്‍ഷിക പലിശ 7.1 ശതമാനമാണ്.
പി.പി.എഫ്
പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പി.പി.എഫില്‍ 500 രൂപ മുതല്‍ നിക്ഷേപിക്കാം. ഒരു സാമ്പത്തിക വര്‍ഷം പരമാവധി നിക്ഷേപിക്കാവുന്നത് 1.5 ലക്ഷം രൂപയാണ്. പി.പി.എഫിന് വര്‍ഷം 7.1 ശതമാനം പലിശ ലഭിക്കും.
കിസാന്‍ വികാസ് പത്ര
കിസാന്‍ വികാസ് പത്രയിലും നിക്ഷേപിക്കേണ്ട കുറഞ്ഞ നിക്ഷേപ 1,000 രൂപയാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി എത്രവേണമെങ്കിലും നിക്ഷേപിക്കാം. കെ.വി.പിയ്ക്ക് വര്‍ഷം 7.5 ശതമാനം പലിശ ലഭിക്കും. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക ഒമ്പത് വര്‍ഷവും ഏഴ് മാസവും കൊണ്ട് ഇരട്ടിയാകുമെന്നതാണ് പ്രത്യേകത.
മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്
വനിതകള്‍ക്കായുള്ള പ്രത്യേക സമ്പാദ്യപദ്ധതിയാണിത്. 1,000 രൂപ മുതല്‍ നിക്ഷേപിക്കാം. തുടര്‍ന്ന് 100ന്റെ ഗുണിതങ്ങളായി രണ്ട് ലക്ഷം രൂപ വരെ പരമാവധി നിക്ഷേപിക്കാം. ഒറ്റ അക്കൗണ്ടില്‍ നിക്ഷേപിച്ചാലും ഒന്നിലധികം അക്കൗണ്ടിലായി നിക്ഷേപിച്ചാലും പരമാവധി തുക രണ്ട് ലക്ഷം രൂപ കവിയാന്‍ പാടില്ല.
ഒരു അക്കൗണ്ട് തുടങ്ങി മൂന്ന് മാസത്തിനു ശേഷമേ അടുത്ത അക്കൗണ്ട് തുറക്കാവൂ എന്ന നിബന്ധനയുമുണ്ട്. പദ്ധതിക്ക് ലഭിക്കുന്ന വാര്‍ഷിക പലിശ 7.5 ശതമാനമാണ്.
സുകന്യ സമൃദ്ധി അക്കൗണ്ട്
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ആരംഭിച്ച പദ്ധതിയാണിത്. പെണ്‍കുട്ടിയ്ക്ക് 10 വയസ് തികയുന്നത് വരെയാണ് അക്കൗണ്ട് തുറക്കാനാകുക. ഏറ്റവും കുറഞ്ഞത് 250 രൂപയാണ് നിക്ഷേപം. പരമാവധി 1.5 ലക്ഷം രൂപ വരെ ഒരു സാമ്പത്തിക വര്‍ഷം ഒറ്റത്തവണയായോ തവണകളായോ നിക്ഷേപിക്കാം. നിലവില്‍ ഈ പദ്ധതിക്ക് ലഭിക്കുന്ന വാര്‍ഷിക പലിശ 8.2 ശതമാനമാണ്.
Related Articles
Next Story
Videos
Share it