കോവിഡ് പ്രതിസന്ധിയെ നേരിടണോ? ഇതാ മൂന്ന് പേഴ്‌സണല്‍ ഫിനാന്‍സ് മന്ത്രങ്ങള്‍

കോവിഡ് 19 മഹാമാരി വിവിധ മേഖലകളില്‍ വരുത്തിവെച്ച ആഘാതം ചെറുതല്ല. ജോലി നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കല്‍, ബിസിനസ് അടച്ചു പൂട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ പണം കൈകാര്യം ചെയ്യേണ്ട രീതിയില്‍ തന്നെ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. മാറുന്ന കാലത്തിനനുസരിച്ച് പേഴ്‌സണല്‍ ഫിനാന്‍സ് ശീലങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. പേഴ്‌സണല്‍ ഫിനാന്‍സില്‍ മറക്കരുതാത്ത മൂന്നു കാര്യങ്ങള്‍ ഇതാ...

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകള്‍ പ്രധാനം
ഏതൊരു സാമ്പത്തിക ആസുത്രണത്തിലും ഇന്‍ഷുറന്‍സിന് മുഖ്യപങ്കുണ്ട്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടാന്‍ എപ്പോഴും തയാറായിരിക്കണമെന്നാണ് കോവിഡ് നമ്മെ പഠിപ്പിച്ച വലിയ പാഠം. മികച്ചൊരു ഇന്‍ഷുറന്‍സ് പോളിസി നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് എടുത്ത് ഉപയോഗിക്കേണ്ട സാഹചര്യം ഇല്ലാതാക്കുന്നു. അതുകൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ഒഴിവാക്കരുത്. ഇന്‍ഷുറന്‍സ് കവറേജ് ഇല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ഹോസ്പിറ്റല്‍ ബില്‍ വലിയൊരു ബാധ്യതയായി മാറും. നിങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ ഭാവി സുരക്ഷിതമാക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സും ഇന്നത്തെ കാലത്ത് ഒഴിവാക്കാനാവാത്തതാണ്.
എമര്‍ജന്‍സി ഫണ്ട് മാറ്റിവെക്കുക
ആരോഗ്യ സംബന്ധമായ ചെലവുകള്‍ക്ക് ഇന്‍ഷുറന്‍സ് കൈത്താങ്ങ് ആവുമെങ്കിലും ജോലി നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ അപ്രതീക്ഷിതമായി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എമര്‍ജന്‍സി ഫണ്ട് വേണം. മികച്ച സാമ്പത്തിക ആസൂത്രണത്തില്‍ എമര്‍ജന്‍സി ഫണ്ടിന് വലിയ പ്രാധാന്യമുണ്ട്. മൂന്നു മുതല്‍ ആറു മാസം വരെ കുടുംബത്തിന് വേണ്ടി വരുന്ന തുകയ്ക്ക് സമാനമായ എമര്‍ജന്‍സി ഫണ്ട് കരുതിവെക്കണം. നിങ്ങളുടെ ചെലവുകള്‍ കണക്കാക്കി ഓരോ മാസവും എമര്‍ജന്‍സി ഫണ്ടിലേക്ക് തുക മാറ്റിവെക്കുക. നിശ്ചിത തുക ആയിക്കഴിഞ്ഞാല്‍ അത് എല്ലാം സേവിംഗ്‌സ് എക്കൗണ്ടില്‍ മാത്രമായി സൂക്ഷിക്കാതിരിക്കുക. 50 ശതമാനം തുക സേവിംഗ്‌സ് എക്കൗണ്ടിലും ബാക്കി തുക എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന ബോണ്ടുകളിലും നിക്ഷേപിക്കാം. പലിശ ലഭിക്കും എന്നത് മാത്രമല്ല, നഷ്ടസാധ്യത കുറവാണെന്നതും ബോണ്ടുകളുടെ പ്രത്യേകതയാണ്.
നിക്ഷേപത്തിലെ വൈവിധ്യത
ഇന്‍ഷുറന്‍സും എമര്‍ജന്‍സി ഫണ്ടിനും പണം ചെലവഴിച്ചതിനു ശേഷം ബാക്കി വരുന്ന തുക നിക്ഷേപത്തിനായി വകയിരുത്താം. പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം. എല്ലാ നിക്ഷേപവും ഒരേ ഉല്‍പ്പന്നത്തില്‍ മാത്രമാവരുത്. മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപമാവാം. അതു മാത്രമല്ല, മികച്ച നേട്ടം കൊണ്ടു വരുന്നത്. സ്വര്‍ണം, സ്വര്‍ണ ബോണ്ടുകള്‍ എന്നിവയും മികച്ച നേട്ടം തരും. അച്ചടക്കത്തോടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്നത് കെട്ടകാലത്തു പോലും മികച്ച നേട്ടം നല്‍കുമെന്നറിയുക.
ഓഹരികള്‍, ബോണ്ടുകള്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ ദീര്‍ഘകാല നിക്ഷേപങ്ങളും നേട്ടം തരും. കുറച്ചേറെ കാലം ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാണെങ്കില്‍ ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കാം.
എല്ലാറ്റിനുമുപരി ഒരു സാമ്പത്തിക ലക്ഷ്യം മുന്നില്‍ വെക്കുകയും അത് നേടാനായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ഓരോ ചെറുചുവടുകള്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ മാറ്റമുണ്ടാക്കും


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it