കഴിഞ്ഞ വാരം പ്രധാനപ്പെട്ട ഓഹരി സൂചികകള്‍ മുന്നേറ്റത്തിലായിരുന്നു. ബി.എസ്.ഇ സെന്‍സെക്‌സ് സൂചിക 2.44 ശതമാനം ഉയര്‍ന്ന് 61,112 വരെ എത്തി. നിഫ്റ്റി 2.4 ശതമാനം ഉയര്‍ന്ന് 18,064 ല്‍ എത്തി. ബാങ്കിങ് ധനകാര്യ ഓഹരികള്‍ പൊതുവെ മെച്ചപ്പെട്ട നേട്ടങ്ങള്‍ കൈവരിച്ചു. ഈ സാഹചര്യത്തില്‍ വിവിധ സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ നിക്ഷേപത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്ന ഓഹരികള്‍ നോക്കാം.
1. പൂനവാല ഫിന്‍കോര്‍പ് (Poonawalla Fincorp)
ബാങ്കിംഗ് - ഇതര ധനകാര്യ കമ്പനിയായ പൂനവാല ഫിന്‍കോര്‍പ് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 37 ശതമാനം വര്‍ധിച്ച് 16143 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ എക്കാലത്തെയും ഉയരത്തില്‍ എത്തി -11.3 ശതമാനം. അതു കാരണം അറ്റ പലിശ വരുമാനം 52 ശതമാനം വര്‍ധിച്ച് 380 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 1.44 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.78 ശതമാനവുമാണ്. ഹൗസിംഗ് ഫിനാന്‍സ് ഉപകമ്പനിയായ പി.എച്ച്.എഫ്.എല്‍ വില്‍ക്കുന്നതിലൂടെ കമ്പനിയുടെ മൂലധനം വര്‍ധിക്കും. സാങ്കേതികതയില്‍ അധിഷ്ഠിതമായ, കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാനുള്ള പണം കണ്ടെത്താന്‍ സാധിക്കും. ആസ്തികളില്‍ 35-40 ശതമാനം വളര്‍ച്ചയും അറ്റാദായത്തില്‍ 30-35 ശതമാനം വളര്‍ച്ചയും ആസ്തികളില്‍ നിന്നുള്ള ആദായം 4.5 ശതമാനവും ലക്ഷ്യമിടുന്നു. നിഷ്‌ക്രിയ ആസ്തികള്‍ 1.3-1.8 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക
ലക്ഷ്യ വില- 367 രൂപ
നിലവില്‍- 323 രൂപ
Stock Recommendation by Nirmal Bang Research.
2.ബജാജ് ഫിനാന്‍സ് (Bajaj Finance Ltd)
പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ബജാജ് ഫിനാന്‍സ് അറ്റാദായത്തില്‍ 30 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. കൂടുതല്‍ വായ്പകള്‍ നല്‍കിയും കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തിയും ആസ്തികള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചു. 2022 -23 ല്‍ 1.16 കോടി പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 11.12 ദശലക്ഷം പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചാര്‍ക്കാനാകുമെന്ന് കമ്പനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട്. അറ്റ പലിശ വരുമാനം 30 ശതമാനം വര്‍ധിച്ചു. ഫീസ് വരുമാനം 20 ശതമാനവും പ്രവര്‍ത്തന ചെലവ് 26 ശതമാനവും വര്‍ധിച്ചു. ചെലവ് വരുമാന അനുപാതം 34 ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു 2022-23 ല്‍ പുതിയ വായ്പകള്‍ വിതരണം ചെയ്യുന്നതില്‍ റെക്കോര്‍ഡ് കൈവരിച്ചു. 2.96 കോടി വായ്പകളാണ് നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം 3.4 കോടി പുതിയ വായ്പകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 0.94 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.34 ശതമാനവുമാണ്. ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് നിഷ്‌ക്രിയ ആസ്തികള്‍. മൊത്തം ആസ്തികളില്‍ 25-27 ശതമാനം വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 7000 രൂപ
നിലവില്‍ 6280.
Stock Recommendation by Nirmal Bang Research.
3.ശ്രീറാം ഫൈനാന്‍സ് (Shriram Finance Ltd)
ധനകാര്യ സ്ഥാപനമായ ശ്രീറാം ഫൈനാന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 15.9 ശതമാനം വളര്‍ച്ച കൈവരിച്ചു. 1,85,600 കോടി രൂപയാണ് ആസ്തി. വ്യക്തിഗത, സൂക്ഷ്മ ചെറുകിട ഇടത്തരം വിഭാഗങ്ങളിലെ വായ്പകളിലാണ് കൂടുതല്‍ വളര്‍ച്ച കൈവരിച്ചത്. അറ്റ പലിശ വരുമാനം 4,180 കോടി രൂപ. അറ്റ പലിശ മാര്‍ജിന്‍ 9.21 ശതമാനം. പ്രവര്‍ത്തന ചെലവ് 1,440 കോടി രൂപ. അറ്റാദായം 31 ശതമാനം വര്‍ധിച്ച് 3,160 കോടി രൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷം ആസ്തികളില്‍ 15 ശതമാനം വളര്‍ച്ചയും ആസ്തികളില്‍ നിന്നുള്ള ആദായം 3 ശതമാനവും പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - നിലനിര്‍ത്തുക (Hold)
ലക്ഷ്യ വില 1486 രൂപ
നിലവില്‍ 1332 രൂപ
Stock Recommendation by Prabhudas Lilladher.
4.ആക്‌സിസ് ബാങ്ക് (Axis Bank)
അതിവേഗം വളരുന്ന സ്വകാര്യ വാണിജ്യ ബാങ്കായ ആക്‌സിസ് ബാങ്ക് 2022 -23 മാര്‍ച്ച് പാദത്തില്‍ 5,700 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.സിറ്റി ബാങ്ക് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബിസിനസ് ഏറ്റെടുത്തതുകൊണ്ടുണ്ടായ ഒറ്റ തവണ കാണിക്കുന്ന നഷ്ടമാണ്. അത് ഒഴിച്ചാല്‍ 6,620 കോടിയുടെ ലാഭം ബാങ്ക് നേടിയിട്ടുണ്ട്. വായ്പ വിതരണം ചെയ്തതില്‍ 19 ശതമാനം വളര്‍ച്ച കൈവരിച്ചു. മൊത്തം നിക്ഷേപം 15 ശതമാനം വര്‍ധിച്ചു.അറ്റ പലിശ മാര്‍ജിന്‍ 0.79 ശതമാനം വര്‍ധിച്ചു. അറ്റ പലിശ വരുമാനം 2.5 ശതമാനം വര്‍ധിച്ച് 11,700 കോടി രൂപയായി സിറ്റി ബാങ്ക് ലയിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സംയോജന ചെലവുകള്‍ 1,500 കോടി രൂപയായിരിക്കും. ചെലവ് ആസ്തി അനുപാതം 2 ശതമാനമായി കുറക്കാന്‍ സാധിക്കുമെന്ന് ബാങ്ക് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1025
നിലവില്‍ 860 രൂപ
Stock Recommendation by Nirmal Bang റിസർച്ച്
(Equity investing is subject to market risk. Always do your own research before investing)