Begin typing your search above and press return to search.
റിട്ടയര്‍മെന്റ് നിക്ഷേപം, ഈ തെറ്റുകള്‍ വരുത്താതിരിക്കൂ
മറ്റേതൊരു സാമ്പത്തിക ലക്ഷ്യവും പോലെ പ്രധാനമാണ് റിട്ടയര്‍മെന്റ് പദ്ധതികളും. മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതോടെ റിട്ടയര്‍മെന്റിനു ശേഷവും ഏറെക്കാലത്തേക്ക കഴിയാനുള്ള തുക നിക്ഷേപത്തിലൂടെ സ്വരൂപിക്കേണ്ട സ്ഥിതിയാണ്. അണുകുടുംബ വ്യവസ്ഥിതി കൂടി ആയതോടെ റിട്ടയര്‍മെന്റിനു ശേഷവും സ്വന്തം കാലില്‍ നില്‍ക്കേണ്ടി വരികയും ചെയ്യുന്നു. റിട്ടയര്‍മെന്റ് കാലത്തേക്കായി നടത്തുന്ന നിക്ഷേപങ്ങള്‍ ശ്രദ്ധാപൂര്‍വം നടത്തിയില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. സാധാരണ കണ്ടു വരുന്ന അഞ്ച് തെറ്റുകള്‍ ഇവയാണ്.
1.റിട്ടയര്‍മെന്റ് സമ്പാദ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ
റിട്ടയര്‍മെന്റിന് ശേഷം ജീവിക്കാന്‍ പണം കുറവ് മതിയെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. അതിനനുസരിച്ചാണ് നിക്ഷേപ പദ്ധതി തയാറാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം ഇഎംഐകള്‍ തുടങ്ങിയവയൊക്കെ ഒഴിവാകുമെങ്കിലും പെട്ടെന്ന് രോഗബാധിതരാകാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യ സംരക്ഷണ ചെലവ് കുത്തനെ വര്‍ധിക്കാം.
റിട്ടയര്‍മെന്റ് നിക്ഷേപം നടത്തുമ്പോള്‍ ഭാവിയില്‍ ഉണ്ടാകാവുന്ന പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്തില്ലെങ്കില്‍ വലിയ പ്രശ്‌നമാകും. ജീവിതകാലയളവ് കണക്കാക്കുന്നതിലെ പാളിച്ചയും പ്രശ്‌നങ്ങളുണ്ടാക്കും. 80 വയസ് വരെ ആയുസ് പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയാല്‍ 90 ഉം 100 വയസ്സ് വരെ ജീവിക്കാന്‍ പണം തികയാതെ വരും. ഹെല്‍ത്ത് കെയര്‍ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി മനുഷ്യന്റെ ആയുസ് വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
2. നേരത്തേ തുടങ്ങാതിരിക്കുക
നേരത്തേ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ് വലിയ പ്രയാസമില്ലാതെ വലിയൊരു തുക റിട്ടയര്‍മെന്റ് സമ്പാദ്യം നേടാനുള്ള എളുപ്പവഴി. നിക്ഷേപം തുടങ്ങാന്‍ വൈകുന്തോറും സമ്പാദ്യം കുറയും, പിന്നീട് ആവശ്യത്തിന് പണം കണ്ടെത്താന്‍ മറ്റു ലക്ഷ്യങ്ങള്‍ വേണ്ടെന്ന് വെക്കേണ്ട സ്ഥിതി വരും.
ഉദാഹരണത്തിന് 30 വയസ്സുള്ള ഒരാള്‍ക്ക് അടുത്ത 30 വര്‍ഷം കൊണ്ട് പ്രതിമാസം 4300 രൂപ 12 ശതമാനം പലിശ നിരക്കില്‍ മ്യൂച്വല്‍ ഫണ്ടിലോ മറ്റോ നിക്ഷേപിച്ചാല്‍ 1.5 കോടി രൂപ നേടാനാകും. എന്നാല്‍ 45 ാം വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ അടുത്ത 15 വര്‍ഷം പ്രതിമാസം 30000 രൂപ നിക്ഷേപിക്കണം.
3. ഓഹരികളില്‍ നിക്ഷേപിക്കാതിരിക്കല്‍
പണപ്പെരുപ്പത്തെ അതിജീവിക്കാനാകുന്നു എന്നതാണ് ഓഹരികളിലെ നിക്ഷേപത്തിനുള്ള നേട്ടം. അതുകൊണ്ടു തന്നെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിന് അനുയോജ്യമാണിത്. സ്ഥിര നിക്ഷേപങ്ങളേക്കാള്‍ നികുതിയിളവുകളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിന്മേല്‍ ലഭിക്കും. സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള മൂലധനനേട്ടത്തില്‍ 10 ശതമാനമാണ് നികുതി. റിട്ടയര്‍മെന്റ് ലക്ഷ്യമിട്ടുള്ള എല്ലാ നിക്ഷേപവും ഡെബ്റ്റ് ഫണ്ടുകളിലും മറ്റു സ്ഥിരനിക്ഷേപ മാര്‍ഗങ്ങളിലും നിക്ഷേപിക്കരുത്. റിട്ടയര്‍മെന്റ് കാലം അടുക്കുമ്പോള്‍ അടുത്ത ഏഴു വര്‍ഷത്തേക്ക് അത്യാവശ്യം ചെലവിന് വേണ്ടി വരുന്ന തുക കണക്കാക്കി സമ്പാദ്യത്തില്‍ നിന്ന് അത്രയും തുകയെടുത്ത് സ്ഥിരനിക്ഷേപമായി ബാങ്കുകളിലും മറ്റും നിക്ഷേപിക്കാം. ബാക്കി വരുന്ന തുക ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഇത് നല്‍കുന്ന ഉയര്‍ന്ന നേട്ടം കൂടുതല്‍ കാലത്തേക്ക് ജീവിക്കാനുള്ള വക നല്‍കും.
4. റിട്ടയര്‍മെന്റ് പോര്‍ട്ട്‌ഫോളിയോ പുതുക്കാതിരിക്കല്‍
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മുമ്പ് വലിയ നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നതു കൊണ്ടു മാത്രം ഭാവിയിലും അങ്ങനെയായിരിക്കണം എന്നില്ല. ഫണ്ട് കൈകാര്യം ചെയ്യുന്ന രീതിയിലും വിപണിയുമായി ബന്ധപ്പെട്ട മറ്റു കാരണങ്ങളാലും നഷ്ടവും സംഭവിക്കാം. അതുകൊണ്ടു തന്നെ നിക്ഷേപത്തിന്റെ പുരോഗതി ഓരോ ത്രൈമാസത്തിലും പരിശോധിക്കണം. സമാനകാലയളവില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയ ഫണ്ടുകളില്‍ മാറ്റി നിക്ഷേപിക്കുന്നത് നല്ലതാണ്.
5. ആരോഗ്യ ഇന്‍ഷുറന്‍സ് ഇ്ല്ലാതിരിക്കല്‍
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നുണ്ടെങ്കിലും റിട്ടയര്‍മെന്റ് വരെയേ അതുണ്ടാകൂ. അതേസമയം പ്രായം കൂടുന്തോറും ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി വരികയും ചെയ്യും. നിങ്ങള്‍ക്കും ആശ്രിതര്‍ക്കും ആവശ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയാണ് മെഡിക്കല്‍ ചെലവുകള്‍ ഭാരമാകാതിരിക്കാന്‍ ചെയ്യേണ്ടത്.
റിട്ടയര്‍മെന്റിന് ശേഷവും സംരക്ഷണം നല്‍രകുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ മറക്കേണ്ട. എത്ര നേരത്തേ എടുക്കുന്നുവോ അത്ര കണ്ട് പ്രീമിയത്തില്‍ ഇളവ് നേടാം.
Next Story
Videos