ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് 'രാജകീയ' സൗകര്യങ്ങള്‍

ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ള പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന സൗകര്യങ്ങള്‍ പലപ്പോഴും അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയിലെ മുന്‍നിര വിമാനത്താവളങ്ങളിലെ ലോഞ്ചുകളില്‍ സൗജന്യ സേവനങ്ങളുള്‍പ്പെടെ വിവിധ സൗകര്യങ്ങളാണ് പല പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ റെഗാലിയ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള പല ക്രെഡിറ്റ് കാർഡുകളും ഇത്തരം സേവനങ്ങള്‍ക്ക് ഡിസംബര്‍ മുതല്‍ നിബന്ധനകള്‍ കടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില സൂപ്പര്‍ പ്രീമിയം കാര്‍ഡുകളുടെ സൗജന്യ സേവനങ്ങള്‍ എച്ച്.ഡി.എഫ്.സി ബാങ്കുള്‍പ്പെടെയുള്ള പല ബാങ്കുകളും നിലനിര്‍ത്തിയിരിക്കുകയാണ്.

ക്യാഷ്ബാക്കിലോ റിവാര്‍ഡുകളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഈ കാര്‍ഡുകള്‍ അണ്‍ലിമിറ്റഡ് ലോഞ്ച് ആക്സസ്, കോംപ്ലിമെന്ററി ഗോള്‍ഫ് സെഷനുകള്‍, സ്പാ ഡിസ്‌കൗണ്ടുകള്‍, ഹൈ-എന്‍ഡ് ഡൈനിംഗ് എന്നിവ പോലുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഇതാ അത്തരം ചില സൂപ്പര്‍ പ്രീമിയം കാര്‍ഡുകളും അവ നല്‍കുന്ന സൗകര്യങ്ങളും നോക്കാം

എച്ച്.ഡി.എഫ്.സി ഇന്‍ഫിനിയ മെറ്റല്‍ എഡിഷന്‍


മുന്‍നിര സൂപ്പര്‍ പ്രീമിയം കാര്‍ഡുകളിലൊന്നാണ് എച്ച്.ഡി.എഫ്.സി ഇന്‍ഫിനിയ ക്രെഡിറ്റ് കാര്‍ഡ് മെറ്റല്‍ എഡിഷന്‍. സൗജന്യ മുന്‍ഗണനാ പാസ് മെമ്പര്‍ഷിപ്പ്, ലോകമെമ്പാടുമുള്ള അണ്‍ലിമിറ്റഡ് ലോഞ്ച് ആക്സസ്, ഡൈനിംഗ് എന്നിവ ഉള്‍പ്പെടുന്ന എക്സ്‌ക്ലൂസീവ് ആനുകൂല്യങ്ങള്‍ ഈ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.

ഷോപ്പിംഗിന് മികച്ച റിവാര്‍ഡുകളും കാര്‍ഡ് നല്‍കുന്നു. റീറ്റെയ്ല്‍ ചെലവഴിക്കല്‍ ആവശ്യങ്ങള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടവര്‍ക്ക് അനുയോജ്യമാണ് ഈ കാര്‍ഡ്. വര്‍ഷിക ഫീസ്(നികുതി ഒഴികെ) 12,500 രൂപ ആണ്.

എസ്.ബി.ഐ ഓറം ക്രെഡിറ്റ് കാര്‍ഡ്

എസ്.ബി.ഐ ഓറം ക്രെഡിറ്റ് കാര്‍ഡ് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. വെല്‍കം ബോണസ് കൂടാതെ ഫ്‌ളൈറ്റ് ചാര്‍ജുകള്‍ക്കും ഹോട്ടല്‍ ബുക്കിംഗിനുമുള്‍പ്പെടെ ഇളവുകള്‍ ലഭിക്കും. 10,000 രൂപയാണ് വാര്‍ഷിക ഫീസ്(നികുതി ഒഴികെ)

ആക്‌സിസ് ബാങ്ക് റിസര്‍വ് ക്രെഡിറ്റ് കാര്‍ഡ്

50,000 രൂപയും ജി.എസ്.ടിയും വാര്‍ഷിക ഫീസ് വരുന്ന ഈ കാര്‍ഡ് ഹൈ-എന്‍ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സൂപ്പര്‍ പ്രീമിയം കാര്‍ഡ് ആണ്. ആഗോള തലത്തിലുള്ള സൗജന്യ ലോഞ്ച് ആക്‌സസ്, ഭക്ഷണം, വിനോദം, യാത്ര എന്നിവയില്‍ 50 ശതമാനത്തിനടുത്ത് വരെ ഈ കാര്‍ഡുപയോഗിച്ച് ഇളവുകള്‍ നേടാനാകും. വാര്‍ഷികാടിസ്ഥാനത്തില്‍ 25 ലക്ഷം രൂപയ്ക്ക് മുകളില്‍ കാര്‍ഡിലൂടെ ചെലവഴിക്കല്‍ നടത്തിയാല്‍ പുതുക്കാനുള്ള ഫീസിലും വന്‍ ഇളവ് ലഭിക്കും.

എച്ച്.ഡി.എഫ്.സി ഡൈനേഴ്‌സ് ക്ലബ് ക്രെഡിറ്റ് കാര്‍ഡ്

പ്രീമിയം സേവനങ്ങള്‍, റിവാര്‍ഡ് പോയിന്റുകള്‍, ഇന്‍ഷുറന്‍സ് കവറേജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് എച്ച്.ഡി.എഫ്.സി ഡൈനേഴ്‌സ് ക്ലബ് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 10,000 രൂപയാണ് വാര്‍ഷിക ഫീസ്(നികുതി ഒഴികെ)

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലെജന്‍ഡ് ക്രെഡിറ്റ് കാര്‍ഡ്

സദാ യാത്രയിലായിരിക്കുന്ന 'ട്രാവല്‍ ഫ്രീക്കു'കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ കാര്‍ഡ് ലോഞ്ച് ആക്സസ്, കോംപ്ലിമെന്ററി ഗോള്‍ഫ് ഗെയിമുകള്‍, വിവിധ ചെലവഴിക്കലല്‍ വിഭാഗങ്ങളിലുടനീളം റിവാര്‍ഡ് പോയിന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. യാതൊരു വാര്‍ഷിക ഫീസുമില്ല എന്നത് ഈ സൂപ്പര്‍ പ്രീമിയം കാര്‍ഡിന്റെ പ്രത്യേകതയാണ്.

(വിവരങ്ങള്‍ സമാഹരിച്ചത് പൈസ ബസാര്‍ ഡോട്ട് കോമില്‍ നിന്നും)

Related Articles

Next Story

Videos

Share it