Begin typing your search above and press return to search.
കുറഞ്ഞ വരുമാനത്തിലും കടമില്ലാതെ മുന്നോട്ടു പോകാം; ഇതാ 5 വഴികള്‍!
കോവിഡ് വ്യാപനവും അതിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവും ഓരോ വ്യക്തിയുടെയും വരുമാനത്തില്‍ വന്‍തോതിലുള്ള ഏറ്റക്കുറച്ചിലുകളാണ് വരുത്തിയിരിക്കുന്നത്. മുന്‍പത്തെ പോലെ തന്നെ മുന്നോട്ടു പോയാല്‍ നിങ്ങളുടെ ജീവിതം വലിയ സാമ്പത്തിക ബാധ്യതയിലേക്ക് ചെന്ന് വീണേക്കാം. എന്നാല്‍ കൈയ്യിലുള്ളത് ശ്രദ്ധയോടെ വിനിയോഗിക്കുകയും സാഹചര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കടമില്ലാതെ മുന്നോട്ട് പോകാം. സാമ്പത്തിക ഞെരുക്കമില്ലാതെ സമാധാനപൂര്‍വം മുന്നോട്ട് പോകാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.
1. ചെലവുകള്‍ തിരിച്ചറിയുക
വരുമാനം കുറയുമ്പോഴും ജോലി നഷ്ടപ്പെടുമ്പോഴും ആദ്യം ചെയ്യേണ്ട ഒരു കാര്യമാണിത്. ചെലവുകള്‍ ഏതെന്ന് മനസ്സിലാക്കുക. എഴുതി വയ്ക്കുക എന്നിട്ട് ചെലവ് ചുരുക്കലും എഴുതി വയ്ക്കുക. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും തന്നെ കര്‍ശനമായ ചെലവ് ചുരുക്കല്‍ പിന്തുടരുന്നത് നല്ലതാണ്. ഓരോ കാര്യത്തിനും പണം ചെലഴിക്കുന്നതിനു മുന്‍പ് ഒരു മുന്‍ഗണനാക്രമം നിശ്ചയിക്കണം. അതായത് ഒഴിവാക്കാനാകാത്തത്, അത്യാവശ്യം, ആവശ്യം, ആര്‍ഭാടം എന്നിങ്ങനെ ഓരോ ചെലവുകളേയും തരം തിരിച്ചു നോക്കുക. അത്യാവശ്യവും ആവശ്യവുമായ കാര്യങ്ങളെ നമുക്ക് ഒഴിവാക്കാനാകില്ലല്ലോ. അപ്പോള്‍ മറ്റ് രണ്ട് വിഭാഗങ്ങളിലും വരുന്ന ചെലവുകളെ തല്‍ക്കാലം ഒഴിവാക്കുക. സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടിത്തിയും ചെലവു ചുരുക്കാന്‍ ശ്രമിക്കുക.
2. ബജറ്റ് പുതുക്കണം
ഒരേ വരുമാനത്തില്‍ മുന്നോട്ടു പോകുന്നവര്‍ നേരത്തെ തീരുമാനിച്ച ബജറ്റ് പ്രായോഗികമാകില്ല പലപ്പോഴും. ശമ്പളം കുറയുകയും ജോലി നഷ്ടമാവുകയുമൊക്കെ ചെയ്തതോടെ മുന്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ടു പോകുക അസാധ്യമായിരിക്കും. അപ്പോള്‍ ഒരു ഇടക്കാല ബജറ്റ് തയ്യാറാക്കണം. പഴയ ബജറ്റ് പൂര്‍ണമായും പൊളിച്ചു പുതിയതൊന്നു തയ്യാറാക്കുന്നതാണ് നല്ലത്. കാരണം യാത്രകള്‍, വലിയ പര്‍ച്ചേസുകള്‍, വിനോദോപാദികള്‍ക്കായുള്ള ചെലവഴിക്കല്‍ അവയൊക്കെ അടുത്ത കുറച്ചു മാസത്തേക്കെങ്കിലും മാറ്റി വയ്ക്കാം. ഒരു മാസം ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത ചെലവുകള്‍ക്കായിരിക്കണം ബജറ്റില്‍ മുന്‍ഗണന. അതയാത് വീട്ടിലെ അത്യാവശ്യ ചെലവുകള്‍, ബില്ലുകള്‍, കുട്ടികളുടെ പഠനത്തിനുള്ള പണം, വായ്പ തിരിച്ചടവ് എന്നിവയ്ക്ക് പണം നീക്കിവച്ചതിനുശേഷം മറ്റുള്ളവ എന്നതാവണം നയം.
3. വായ്പകള്‍ പുനക്രമീകരിക്കാം
വരുമാനം കുറയുന്ന സാഹചര്യത്തില്‍ ഒന്നിലധികം വായ്പകളുള്ളവരെ സംബന്ധിച്ച് തിരിച്ചടവ് വലിയ ബാധ്യതയാണ്. പലിശ കൂടിയ ക്രെഡിറ്റ് കാര്‍ഡ് വായ്പ, പേഴ്സണല്‍ ലോണ്‍ എന്നിവ ആദ്യം തിരിച്ചടയ്ക്കുക. പറ്റുമെങ്കില്‍ എവിടുന്നെങ്കിലും പണം കണ്ടെത്തി തന്നെ അവ തിരിച്ചടയ്ക്കുന്നതാണ് നല്ലത്. മറ്റു വഴികളില്ലെങ്കില്‍ ഗോള്‍ഡ് ലോണ്‍ എടുത്ത് ക്രെഡിറ്റ് കാര്‍ഡ് തിരികെ അടയ്ക്കാനെങ്കിലും ശ്രമിക്കുക. ടോപ് അപ് ലോണുകളോ പ്രോപ്പര്‍ട്ടി ലോണുകളോ എടുക്കാം.
4. എമര്‍ജന്‍സി ഫണ്ട്
എമര്‍ജന്‍സി ഫണ്ട് ഇല്ലാത്തവര്‍ പോലും അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ കാലമായിരുന്നു ഇത്. ജോലി നഷ്ടപ്പെട്ടാലും വരുമാനം നിലച്ചാലും അടുത്ത മൂന്നോ നാലോ മാസം മുന്നോട്ട് പോകാനുള്ള ഫണ്ട് കൈവശം ഉണ്ടെന്ന് എപ്പോഴും ഉറപ്പു വരുത്തണം. വാടക, ബില്ലുകള്‍ എന്നിവ ഉള്‍പ്പെടെ വേണം കണക്കാക്കാന്‍.
5. നിക്ഷേപം നിര്‍ത്തരുത്
എമര്‍ജന്‍സി ഫണ്ടായി സമാഹരിക്കുന്ന തുക മികച്ച ഓഹരികളിലും മ്യൂച്വല്‍ഫണ്ടുകളിലുമൊക്കെ നിക്ഷേപിക്കാം. കുറഞ്ഞ വിലയില്‍ ലഭ്യമായ സ്മോള്‍, മിഡ് ക്യാപ് ഓഹരികള്‍ മികച്ച ഓപ്ഷനാണ്. ഇപ്പോള്‍ ചെറിയ രീതിയില്‍ നിക്ഷേപിച്ചാല്‍ ഭാവിയില്‍ അവ ഏറെ ഗുണം ചെയ്യും. ഇതിനൊക്കെയൊപ്പം വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഓരോരുത്തരും കണ്ടെത്തണം. ഓണ്‍ലൈനിലോ മറ്റോ പാര്‍ട്ട് ടൈം ജോലി ചെയ്യാം. അല്ലെങ്കില്‍ ജോലിക്കൊപ്പം കൊണ്ടു പോകാവുന്ന ചെറിയ സംരംഭങ്ങള്‍ തുടങ്ങാം. സ്വന്തം കഴിവുകലില്‍ വിശ്വാസമുള്ളവര്‍ക്ക് അതും വരുമാനമാര്‍ഗമാക്കാം. ബേക്കിംഗ് പോലുള്ളവ എഫ്എസ്എസ്‌ഐയില്‍ രജിസ്റ്റര്‍ ചെയ്താല്‍ വീട്ടിലിരുന്ന് ദിവസവും 1000 രൂപ കൂടുതല്‍ സമ്പാദിക്കാം. സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗ് സ്വയം ചെയ്യാം. അങ്ങനെ മുന്നില്‍ വരുന്ന ഓരോ ചെറിയ അവസരവും പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നവര്‍ക്ക് ഇക്കാലവും പ്രയാസമില്ലാതെ കടന്നു പോകാനാകും.
Next Story
Videos